മലയാളി സംഗീതജ്ഞയും ഗാനരചയിതാവുമായ പുഷ്പവതി പൊയ്പാടത്തിനെ അഭിനന്ദിച്ച് ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ ദിവസം ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് പുഷ്പവതിയെ അഭിനന്ദിച്ചുകൊണ്ട് ചിന്മയി രംഗത്തുവന്നത്.
ക്ലബ് ഹൗസിലെ ഒരു മലയാളം ഗ്രൂപ്പില്‍ വളരെ ജീനിയസായ ഒരു ഗായികയെ കണ്ടെത്താന്‍ കഴിഞ്ഞു, പുഷ്പവതി പൊയ്പാടത്ത്. എന്താ ആ ശബ്ദം, ചിന്മയി ട്വീറ്റ് ചെയ്തു. ബുദ്ധ പൂര്‍ണ്ണിമയുമായി ബന്ധപ്പെട്ടു പുഷ്പവതിയിറക്കിയ ഗാനവും ചിന്മയി ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു.
ചിന്മയിക്ക് നന്ദി പറഞ്ഞുകൊണ്ടു പുഷ്പവതിയും ഫേസ്ബുക്കിലെഴുതി. ചിന്മയിയോടു നന്ദിയും സ്‌നേഹവും ബഹുമാനവുമൊക്കെ അറിയിക്കുന്നുവെന്നാണു പുഷ്പവതി പ്രതികരിച്ചത്.
ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പുഷ്പവതി നടത്തിയ രാഗപരിചയം കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. വിവിധ സംഗീതശാഖകളിലുള്ള ആഴത്തിലുള്ള അറിവും ഈ വ്യത്യസ്തമായ ധാരകളില്‍ അതിമനോഹരമായി പാടാനുമുള്ള പുഷ്ടപവതിയുടെ കഴിവിനെ നേരത്തെയും നിരവധി പേര്‍ അഭിനന്ദിച്ചിട്ടുണ്ട്.
ജനകീയ പ്രതിഷേധങ്ങളുടെ കൂടി മുഖമായ പുഷ്പവതി ആസാദി, ഹം ദേഖേഗെ തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചതു ശ്രദ്ധ നേടിയിരുന്നു. അടടുത്ത കാലത്തായിറങ്ങിയ സി.പി.ഐ.എമ്മിന്റെ പല പ്രതിഷേധഗാനങ്ങള്‍ക്ക് പിന്നിലും പുഷ്പവതിയായിരുന്നു.
സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ ചെമ്പാവിന്‍ പൂന്നെല്ലിന്‍ ചോറോ എന്ന പാട്ടിലൂടെയാണ് പുഷ്പവതി മലയാളികള്‍ക്കിടയില്‍ സുപരിചിതയാകുന്നത്. തുടര്‍ന്ന് ഡാകിനി, വിക്രമാദിത്യന്‍, തൃശിവപേരൂര്‍ ക്ലിപ്തം തുടങ്ങി നിരവധി ചിത്രങ്ങളിലും പുഷ്പവതി പാടിയിട്ടുണ്ട്.
അതേസമയത്തു തന്നെ ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയായതു കൊണ്ടു തന്നെ സിനിമാലോകം തന്നെ അവഗണിക്കുന്നതിനെ കുറിച്ചും അവസരങ്ങളില്‍ നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ചും പുഷ്പവതി പല തവണ തുറന്നുപറഞ്ഞിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Singer Chinmayi Sripada congratulates Pushpavathy Poypadath