| Friday, 11th November 2022, 6:28 pm

സംസ്‌കാരത്തിന് ചേര്‍ന്നത് സാരി, സണ്ണി ലിയോണിന്റെയും തമിഴ് നടിയുടെയും വസ്ത്രത്തെ വേദിയില്‍ താരതമ്യം ചെയ്ത് നടന്‍; വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സണ്ണി ലിയോണും ദര്‍ശ ഗുപ്തയും കേന്ദ്രകഥാപാത്രമാകുന്ന പുതിയ തമിഴ് ചിത്രമാണ് ഓഹ് മൈ ഗോസ്റ്റ് ഇന്‍ ചെന്നൈ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വേണ്ടി സണ്ണി ലിയോണും എത്തിയിരുന്നു. പരിപാടിയില്‍ വെച്ച് നടന്‍ സതീഷ് സണ്ണി ലിയോണിന്റെയും ദര്‍ശ ഗുപ്തയുടെയും വസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് പിന്നണി ഗായിക ചിന്മയി പാദ.

വേദിയില്‍ വെച്ച് ഇരുവരും ധരിച്ച വസ്ത്രങ്ങളെ താരതമ്യം ചെയ്ത് കൊണ്ട് സതീഷ് സംസാരിക്കുന്ന വീഡിയോയാണ് ചിന്മയി ട്വീറ്റ് ചെയ്തത്. ഇരുവരും ധരിച്ച വസ്ത്രത്തെ പാരമ്പര്യവുമായി ചേര്‍ത്ത് വെച്ച് സംസാരിക്കുന്ന വീഡിയോ ആണിത്. പരിപാടിയില്‍ സണ്ണി ലിയോണ്‍ സാരിയും സഹനടി ദര്‍ശ ഗുപ്ത നീല ബ്ലൗസും സ്‌കേര്‍ട്ടും ധരിച്ചാണ് എത്തിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇരുനവരുടെയും വസ്ത്രത്തെക്കുറിച്ച് നടന്‍ പറഞ്ഞത്.

”മുംബൈയില്‍ നിന്നാണ് സണ്ണി ലിയോണ്‍ തമിഴ്‌നാട്ടിലെ നമ്മുടെ പരിപാടിയില്‍ എത്തിയിരിക്കുന്നത്. മുംബൈയില്‍ നിന്നും വന്ന അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രം നോക്കൂ(സാരി). കോയമ്പത്തൂരില്‍ നിന്നും ഒരു സ്ത്രീ (ദര്‍ശ ഗുപ്ത) വന്നിട്ടുണ്ട്. അവളെന്താണ് ധരിച്ചിരിക്കുന്നതെന്ന് നോക്കൂ. ഞാന്‍ വെറുതെ പറഞ്ഞതാണ്. സണ്ണി ലിയോണ്‍ എത്ര മനോഹരമായിട്ടാണ് വന്നിരിക്കുന്നത്,” സതീഷ് പറഞ്ഞു.

സതിഷിന്റെ വാക്കുകല്‍ തമാശയായി കാണാനുള്ളതല്ലെന്ന് പറഞ്ഞു കൊണ്ടാണ് ചിന്മയി വീഡിയോ ട്വീറ്റ് ചെയ്തത്. ഇത്തരം പെരുമാറ്റങ്ങള്‍ പുരുഷന്‍മാര്‍ എന്ന് അവസാനിപ്പിക്കും എന്നാണ് ചിന്മയി വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

”സംസ്‌കാരത്തിന് അനുസരിച്ച് വസ്ത്രം ധരിച്ചില്ലെന്ന പേരില്‍ ഒരു പുരുഷന്‍ സ്ത്രീയെ അപമാനിക്കാനായി ജനക്കുട്ടത്തിന്റെ നേരെ ഇട്ട് കൊടുക്കുകയാണ്. പുരുഷന്‍മാര്‍ എന്ന് ഇത്തരം മനോഭാവം മാറ്റും? തമാശയായി കാണാനുള്ളതല്ല ഇത്,” ചിന്മയി ശ്രീപാദ കുറിച്ചു.

ചിന്മയി പങ്കുവെച്ച വീഡിയോയില്‍ സതീഷ് നടിമാരുടെ വസ്ത്രത്തെക്കുറിച്ച് പറയുമ്പോള്‍ സദസില്‍ നിന്നും വലിയ ആരവങ്ങള്‍ ഉയരുന്നത് കേള്‍ക്കാം. സണ്ണി ലിയോണിന്റെ സാരിയെക്കുറിച്ച് പറയുമ്പോള്‍ തന്നെ കയ്യടികളാണ് അവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ നീല വസ്ത്രത്തില്‍ എത്തിയ ദര്‍ശ ഗുപ്തയെക്കുറിച്ച് പറയുമ്പോള്‍ അവരെ പരിഹസിച്ചു കൊണ്ടുള്ള പ്രതികരണമാണ് സദസില്‍ നിന്നും ഉണ്ടാകുന്നത്.

ചിന്മയിയുടെ ട്വീറ്റിനെ അനുകൂലിച്ച് കൊണ്ട് നിരവധി വ്യക്തികളാണ് മറുപടിയുമായി എത്തിയത്.
‘ഇത് സങ്കടകരമാണ്. അദ്ദേഹത്തിന്റെ വിരസമായ, ദ്വയാര്‍ത്ഥമുള്ള, നിലവാരമില്ലാത്ത നര്‍മ്മബോധം പോലെ തന്നെയാണ് ഇതും. വെറുപ്പ് തോന്നുന്നുവെന്നും ചിന്മയിയുടെ അഭിപ്രായത്തോട് യോജിച്ച് ഒരാള്‍ ട്വീറ്റ് ചെയ്തു.

‘ഒരു പാശ്ചാത്യ വ്യക്തിക്ക് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങള്‍ സ്വതന്ത്രമായി ധരിക്കാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ടാണ് ഒരു ഇന്ത്യാക്കാരന് കഴിയാത്തത്? ഇന്ത്യന്‍ പുരുഷന്മാരുടെ പാശ്ചാത്യ വസ്ത്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? എന്ന് മറ്റൊരാള്‍ സതീഷിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു. സതീഷ് സ്ത്രീകളെക്കുറിച്ച് വിചിത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് എപ്പോഴും കാണാറുണ്ടെന്നും പലരും ട്വീറ്റ് ചെയ്തു.

അതേസമയം റിലീസിന് ഒരുങ്ങുന്ന ഓഹ് മൈ ഗോസ്റ്റില്‍ ദര്‍ശക്കും സണ്ണി ലിയോണിനുമൊപ്പം യോഗി ബാബു, രമേശ് തിലക്, സതീഷ്, ജി.പി മുത്തു എന്നിവരും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ചെന്നെയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. മുംബൈയില്‍ നിന്നും സണ്ണി ലിയോണ്‍ ചെന്നെയില്‍ എത്തിയത് തന്നെയായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

content highlight: singer chinmayi sripada against tamil actor sathish’

We use cookies to give you the best possible experience. Learn more