സമൂഹത്തിലെ പ്രശ്‌നങ്ങളിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും തന്റേതായ നിലപാട് വ്യക്തമാക്കാന്‍ എപ്പോഴും ശ്രമിക്കാറുള്ള വ്യക്തിയാണ് പിന്നണി ഗായിക ചിന്മയി ശ്രീപദ.
കഴിഞ്ഞദിവസം പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അത്തരത്തില്‍ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നിനെക്കുറിച്ച് ചിന്മയി സംസാരിച്ചിരുന്നു. 4,00,000ലധികം പേരാണ് ഈ വീഡിയോ കണ്ടത്. ഇന്നും കുറച്ച് പുരുഷന്മാര്‍ സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്നതിനെക്കുറിച്ചാണ് ചിന്മയി വീഡിയോയില്‍ പറഞ്ഞത്.
ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രക്തസ്രാവം ആഘോഷിക്കുന്ന സ്ത്രീകള്‍ വൈദ്യസഹായം തേടണമെന്നും അവര്‍ പറഞ്ഞു. ലൈംഗികബന്ധത്തിന് ശേഷം രക്തസ്രാവം ഉണ്ടായതിന് പുരുഷന്മാരാല്‍ അഭിനന്ദിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് വലിയ പ്രശ്നമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സ്ത്രീകള്‍ ഭയപ്പെടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
രക്തസ്രാവം എന്നാല്‍ ഒരു സ്ത്രീ കന്യകയാണെന്നല്ല, ലൈംഗിക ബന്ധത്തിന് മുമ്പ് വേണ്ടത്ര ലൂബ്രിക്കേറ്റ് ചെയ്യാത്തതിന്റെ കാരണവുമാകാം എന്ന് ചിന്മയി ശ്രീപദ പറഞ്ഞു.
ആളുകള്‍ ശരിയായ ലൈംഗിക വിദ്യാഭ്യാസം തേടണമെന്നും പോണ്‍വീഡിയോകളില്‍ നിന്ന് പഠിക്കരുതെന്നും അത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും തെറ്റിദ്ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചിന്മയി പറഞ്ഞു. സെക്‌സ് എജുക്കേഷന്‍ നേടുകയോ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുകയോ ചെയ്യണമെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.
നിരവധി വ്യക്തികളാണ് പോസ്റ്റില്‍ കമന്റ് ചെയ്യുന്നത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന വിഷയമാണിതെന്നും ഇത്തരം കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ആളുകളെ എജുക്കേറ്റ് ചെയ്യാന്‍ ചിന്മയി കാണിച്ച ധൈര്യത്തെയും അഭിനന്ദിക്കേണ്ടതാണെന്നുമാണ് ചില കമന്റുകള്‍.
View this post on Instagram
ഗാനരചയിതാവ് വൈരമുത്തുവിനെതിരായ ലൈംഗികാതിക്രമ പരാതിയുടെ പേരില്‍ ചിന്മയി സംഗീതലോകത്തില്‍ നിന്നും ഭാഗികമായി വിലക്ക് നേരിട്ടിരുന്നു. എങ്കിലും സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതില്‍ നിന്നും ചിന്മയി പിന്മാറിയിട്ടില്ലായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി അധിക്ഷേപ കമന്റുകള്‍ ചിന്മയിക്ക് നേരെ ഉണ്ടായിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗം ചിന്മയിയെ പിന്തുണച്ച് ഒപ്പമുണ്ടായിരുന്നു.
content highlight: singer chinmayi sreepadha about Women bleeding after first time sexual intercourse should seek medical help