ചെന്നൈ: തെന്നിന്ത്യന്‍ സിനിമ ലോകത്തെ ശ്രദ്ധേയയായ ഗായികയാണ് ചിന്മയി. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടിയിട്ടുള്ള താരം തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയയില്‍ തരംഗമായി മാറിയ മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് ചിന്മയിയുടെ വെളിപ്പെടുത്തല്‍.
തനിക്ക് എട്ടുവയസ്സുള്ളപ്പോഴാണ് ഇത്തരത്തിലുള്ള അക്രമണം നേരിടേണ്ടി വന്നതെന്ന് ഗായിക പറയുന്നു. ട്വിറ്ററിലൂടെയാണ് താന്‍ നേരിട്ട ദുരനുഭവം ചിന്മയി തുറന്ന് പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകാത്ത ഒരു സ്ത്രീയും ഉണ്ടാകില്ലെന്ന് പറഞ്ഞാണ് ചിന്മയി തന്റെ അനുഭവം പങ്കുവച്ചത്.
“എട്ടാം വയസില്‍ ഒരു ആള്‍ദൈമാണു തന്നോട് മോശമായി പെരുമാറിയത്. റെക്കോര്‍ഡിങ് സ്റ്റുഡിയോയിലുണ്ടായ അനുഭവം വളരെ വേദനയുണ്ടാക്കി. ലൈംഗിക അതിക്രമത്തിന് ഇരയാകാത്ത സ്ത്രീകള്‍ ഇല്ല. എനിക്കറിയാവുന്ന പുരുഷന്മാരില്‍ ചിലര്‍ക്കും അത്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഇക്കാര്യം തുറന്നു പറയാന്‍ ബുദ്ധിമുട്ടുള്ളതു പോലെയാണ് പുരുഷന്മാര്‍ക്കും.” ചിന്മയി പറഞ്ഞു.
പീഡനങ്ങള്‍ക്ക് ഇരയാകുന്ന പുരുഷന്മാരെയും സഹായിക്കണമെന്നും പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും എല്ലാകാര്യങ്ങളും പഠിപ്പിക്കണം എന്നും ഇവര്‍ പറയുന്നു. “ലൈംഗിക വിദ്യാഭ്യാസം നല്‍കുകയെന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതിയാണ് ഇപ്പോള്‍ നമുക്ക്. ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്നതല്ലെന്ന മുടന്തന്‍ ന്യായത്തിനൊപ്പമാണ് ഇപ്പോഴും നമ്മള്‍. അതൊക്കെ മാറ്റിവയ്ക്കണം.” അവര്‍ പറഞ്ഞു.
“നമ്മുടെ കുട്ടികളെ മാത്രമല്ല, വരും തലമുറയ്ക്കും സംരക്ഷണം നല്‍കാന്‍ അത് അത്യാവശ്യമാണ്. എന്താണ് നല്ലത്, എന്താണ് ചീത്ത എന്ന് അവര്‍ പഠിക്കണം. കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുന്ന രോഗമുള്ളവരും, അതിക്രമികളും കുടുംബത്തിനുള്ളില്‍ ഉണ്ടെങ്കില്‍ അത് തുറന്നുകാണിക്കാന്‍ മടിക്കുകയോ നാണക്കേട് വിചാരിക്കുകയോ ചെയ്യരുത്” ചിന്മയി ട്വീറ്റില്‍ പറയുന്നു.