| Thursday, 3rd June 2021, 2:21 pm

പുതിയൊരു ഗായികക്ക് അത്രയെളുപ്പം പിടിച്ചുകയറാന്‍ പറ്റിയ ഇടമല്ല സിനിമ; അവസരങ്ങള്‍ തേടി പോകുന്നതിലും പിന്നിലായിരുന്നു: ഗായിക ഭാവന പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാടിയ ഒരൊറ്റ പാട്ടിന്റെ പേരില്‍ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന ഗായികയാണ് ഭാവന. കളിയാട്ടത്തിലെ എന്നോടെന്തിനി പിണക്കമെന്ന ഗാനത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു അവര്‍.

സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അതീവ ഹൃദ്യമായ ഒരു ഗാനം പാടാന്‍ ഭാവനയ്ക്ക് അവസരം ലഭിക്കുകയും അത് ജനപ്രിയമാകുകയും സംസ്ഥാന അവാര്‍ഡ് വരെ തേടിയെത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് അത്തരത്തിലുള്ള ഗാനങ്ങള്‍ ഭാവനയെ തേടിയെത്തിയില്ല. പാടിയ ചിത്രങ്ങളാകട്ടെ പലതും പുറത്തിറങ്ങുകയും ചെയ്തില്ല.

മലയാള സിനിമയുടെ സംഗീത വഴികളില്‍ നിന്ന് അകന്നുപോകാനുണ്ടായ കാരണം എന്തായിരുന്നെന്ന ചോദ്യത്തിന് ഭാവനയ്ക്കും കൃത്യമായ ഒരു മറുപടിയില്ല. ‘ അവസരങ്ങള്‍ എല്ലായ്‌പ്പോഴും നമ്മെ തേടി വരണം എന്നില്ലല്ലോ. ചിലപ്പോള്‍ അവ തേടി അങ്ങോട്ട് ചെല്ലേണ്ടി വരും. അക്കാര്യത്തില്‍ ഞാന്‍ ഇത്തിരി പിന്നിലായിരുന്നു. അതാവാം ഒരു കാരണം.

പിന്നെ പുതിയൊരു ഗായികക്ക് അത്രയെളുപ്പം പിടിച്ചുകയറാന്‍ ഇടമല്ല സിനിമ. ധാരാളം വെല്ലുവിളികളുണ്ട്. സൗഹൃദങ്ങള്‍ വേണം, ശുപാര്‍ശകള്‍ വേണം. പരിചയ സമ്പന്നരായ പ്രൊഫഷണല്‍ പാട്ടുകാര്‍ വേറെയുള്ളപ്പോള്‍ എന്തിന് പുതിയൊരാളെ, അതും ഒരു കോളേജ് അധ്യാപികയെ പരീക്ഷിക്കണം എന്ന് സംവിധായകനോ നിര്‍മാതാവിനോ തോന്നിപ്പോയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ,’ ഭാവന പറയുന്നു.

സിനിമ റിലീസായിക്കഴിഞ്ഞ ശേഷം ചിത്രത്തിലെ നായകന്‍ സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മനസിലുണ്ട്. ‘ ഷൂട്ടിങ്ങിന് വേണ്ടി ഞാന്‍ ആവര്‍ത്തിച്ചു കേട്ട പാട്ടാണ് അത്. വരികളും ഈണവുമൊക്ക എനിക്ക് മനപാഠമാണ്. ഓര്‍മ്മയില്‍ നിന്ന് ആ വരികള്‍ അദ്ദേഹം മൂളിക്കേള്‍പ്പിച്ചപ്പോള്‍ സന്തോഷം തോന്നി, വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

പാടിയ പാട്ടിനെ കുറിച്ച് പലരും നല്ല വാക്കുകള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ മനസ്സുകൊണ്ട് കൈതപ്രം സാറിനെ നമിക്കും. തിരുവള്ളൂരിലെ വീട്ടില്‍ വച്ച് ഗാനത്തിന്റെ വരികള്‍ ഭാവമധുരമായി അദ്ദേഹം പാടിത്തന്നത് ഓര്‍മ്മയുണ്ട്. ആ ഭാവപൂര്‍ണ്ണത എന്റെ ആലാപനത്തിലേക്ക് അതുപോലെ പകര്‍ത്താന്‍ കഴിഞ്ഞോ എന്നതിലേയുള്ളൂ സംശയം.

കളിയാട്ടത്തില്‍ പാടുമ്പോള്‍ കൊല്ലം എസ്.എന്‍ കോളേജില്‍ സംഗീതാധ്യാപികയായിരുന്നു ഭാവന. മൈസൂരില്‍ ഒരു പരിശീലന പരിപാടിയില്‍ പങ്കെടുമ്പോഴാണ് പാടാനുള്ള വിളി വരുന്നത്. ഒന്ന് വന്നു പാടി നോക്കൂ എന്നേ പറഞ്ഞുള്ളൂ ദാമോദരേട്ടന്‍. ഭാഗ്യവശാല്‍ സംവിധായകന്‍ ജയരാജിന് പാട്ട് ഇഷ്ടപ്പെട്ടു. പുതിയൊരു ഗായികയെ പരീക്ഷിക്കാന്‍ അധികമാര്‍ക്കും ധൈര്യം ഇല്ലാതിരുന്ന കാലമാണ് അതെന്നോര്‍ക്കണം.

എന്നോടെന്തിനീ പിണക്കം പാടി റെക്കോര്‍ഡ് ചെയ്‌തെങ്കിലും അത് സിനിമയില്‍ ഇടം നേടുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഗാനം യേശുദാസും പാടിയിട്ടുണ്ട്. സ്വാഭാവികമായും അന്നത്തെ പതിവനുസരിച്ച് അദ്ദേഹത്തിന്റെ പാട്ടാണ് സിനിമയില്‍ വരിക. എന്റെ പാട്ട് സിനിമയില്‍ വന്നു എന്നറിഞ്ഞപ്പോള്‍ ശരിക്കും അത്ഭുതവും ആഹ്ലാദവും തോന്നി.

അത്ഭുതം ഞെട്ടലായി മാറിയത് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ്. മികച്ച ഗായികക്കുള്ള പുരസ്‌കാരം ഭാവനക്കായിരുന്നു. പാടുമെന്നു പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് ആദ്യം പാടിയ സോളോ ഗാനത്തിന് തന്നെ അവാര്‍ഡ് ലഭിക്കുക. ഇന്നും ആ അവിശ്വസനീയത മാറിയിട്ടില്ല എനിക്ക്, ഭാവന പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Singer Bhavana About Her Singing Career

We use cookies to give you the best possible experience. Learn more