ഇന്ത്യന്‍ സംഗീതലോകം ഇന്നും ആഘോഷിക്കുന്ന ഗായികയായ ആശ ഭോസ്‌ലെ 88ാം പിറന്നാളിന്റെ നിറവിലാണ്. ഗസലും ഭജനകളും ക്ലാസിക്കല്‍ സംഗീതവും തുടങ്ങി ഖവാലിയും നാടന്‍ പാട്ടുകളും പോപ്പുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്ത ആശ ഭോസ്‌ലെക്ക് തലമുറഭേദമില്ലാതെ വന്‍ ആരാധകരനിരയുണ്ട്.
എന്നാല്‍ പുതിയ തലമുറയുടെ പാട്ടുകളോട് ആശ ഭോസ്‌ലെക്ക് അത്ര താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞ വാക്കുകള്‍.
നല്ല സംഗീതം കേള്‍ക്കാനാണ് ഇഷ്ടമെന്നും അതുകൊണ്ട് ഇന്നത്തെ കാലത്തെ പാട്ടുകള്‍ താന്‍ കേള്‍ക്കാറില്ലെന്നുമാണ് ആശ പറയുന്നത്. എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആശ.
‘ഞാനിന്നത്തെ പാട്ടുകളൊന്നും കേള്‍ക്കാറില്ല. എനിക്ക് കുറച്ച് നല്ല സംഗീതം കേള്‍ക്കുന്നതാണ് ഇഷ്ടം. മെഹ്ദി ഹസന്റെയും പണ്ഡിറ്റ് ജസ്‌രാജിന്റെയും ഭീംചന്ദ് ജോഷിയുടെയും പോലെയുള്ളവരുടെയൊക്കെ,’ ആശ ഭോസ്‌ലെ പറഞ്ഞു.
ഇന്നത്തെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആരുടെ ശബ്ദമാണെന്ന് തിരിച്ചറിയാന്‍ പറ്റാറില്ലെന്നും സംഗീതലോകത്ത് സാങ്കേതികവിദ്യയുടെ വികാസം അത്രമാത്രം കടന്നുവന്നിരിക്കുകയാണെന്നും ആശ ഭോസ്‌ലെ പറഞ്ഞു.
സാങ്കേതികവിദ്യ ഇങ്ങനെ പുരോഗമിക്കുന്നുണ്ടെങ്കിലും ആത്മാവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ കാലത്തുള്ളവരെല്ലാം ഏറെ കഠിനാധ്വാനം ചെയ്തിരുന്നുവെന്നും ഓരോ പാട്ടും ഇത് തങ്ങളുടെ അവസാന പാട്ടാകരുതെന്ന് കരുതിയാണ് പാടിയിരുന്നതെന്നും ആശ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Singer Asha Bhosle says she doesn’t listen to today’s songs