ഇന്ത്യന്‍ സംഗീതലോകം ഇന്നും ആഘോഷിക്കുന്ന ഗായികയായ ആശ ഭോസ്‌ലെ 88ാം പിറന്നാളിന്റെ നിറവിലാണ്. ഗസലും ഭജനകളും ക്ലാസിക്കല്‍ സംഗീതവും തുടങ്ങി ഖവാലിയും നാടന്‍ പാട്ടുകളും പോപ്പുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്ത ആശ ഭോസ്‌ലെക്ക് തലമുറഭേദമില്ലാതെ വന്‍ ആരാധകരനിരയുണ്ട്.
എന്നാല്‍ പുതിയ തലമുറയുടെ പാട്ടുകളോട് ആശ ഭോസ്‌ലെക്ക് അത്ര താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞ വാക്കുകള്‍.
നല്ല സംഗീതം കേള്‍ക്കാനാണ് ഇഷ്ടമെന്നും അതുകൊണ്ട് ഇന്നത്തെ കാലത്തെ പാട്ടുകള്‍ താന്‍ കേള്‍ക്കാറില്ലെന്നുമാണ് ആശ പറയുന്നത്. എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആശ.
‘ഞാനിന്നത്തെ പാട്ടുകളൊന്നും കേള്‍ക്കാറില്ല. എനിക്ക് കുറച്ച് നല്ല സംഗീതം കേള്‍ക്കുന്നതാണ് ഇഷ്ടം. മെഹ്ദി ഹസന്റെയും പണ്ഡിറ്റ് ജസ്‌രാജിന്റെയും ഭീംചന്ദ് ജോഷിയുടെയും പോലെയുള്ളവരുടെയൊക്കെ,’ ആശ ഭോസ്‌ലെ പറഞ്ഞു.