സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തില്‍ പാടുന്ന മറ്റൊരു ഗായകന്റെ വീഡിയോയാണ് റഹ്മാന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മലയാളിയായ നിഖില്‍ പ്രഭ എന്ന ഗായകന്റെ വീഡിയോയാണ് റഹ്മാന്‍ റീട്വീറ്റ് ചെയ്തത്. നിഖില്‍ സംഗീത സംവിധായകന്‍ കൂടിയാണ്. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് നിഖില്‍ റഹ്മാന്റെ ശബ്ദത്തില്‍ പാടിയത്.
റഹ്മാന്റെ ഹിറ്റ് പാട്ടുകളിലൊന്നായ ദില്‍സരെ എന്ന ഗാനം നിഖില്‍ ആലപിക്കുന്ന വീഡിയോ കൃഷ്ണ ഹിയര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. റഹ്മാന്റെ ശബ്ദം അനുകരിക്കുക എന്ന പ്രയാസമായ കാര്യമാണെന്നും താന്‍ അത്ഭുതപ്പെട്ട് പോയിരിക്കുന്നു എന്നുമാണ് വീഡിയോക്കൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
ഏകദേശം മൂന്ന് മില്യണ്‍ ആളുകളാണ് റഹ്മാന്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ കണ്ടിരിക്കുന്നത്. നിഖിലിനെയും അദ്ദേഹത്തിന്റെ കഴിവിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് റഹ്മാന് നന്ദിയറിയിച്ച് നിഖിലും കമന്റിട്ടിട്ടുണ്ട്.
അതേസമയം എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാന നിര്‍വഹിക്കുന്ന പൊന്നിയന്‍ സെല്‍വന്‍ 2വിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്. എ.ആര്‍. റഹ്മാന്റെ മാജിക്കല്‍ മ്യൂസിക്കാണ് ഗാനത്തിലെ ഏറ്റവും വലിയ ആകര്‍ഷക ഘടകം.
ശക്തിശ്രീ ഗോപാലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് ഗാന രചന. റഫീക്ക് അഹമ്മദാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ എഴുതിയിരിക്കുന്നത്.
content highlight: singer ar rahman share a video