| Tuesday, 19th July 2022, 12:59 pm

'വിശക്കുന്ന മകള്‍ക്ക് ഭക്ഷണം പോലും കൊടുക്കാത്ത അമ്മ' എന്നായിരുന്നു ആ വീഡിയോക്ക് അവരിട്ട ക്യാപ്ഷന്‍; എന്നെ തെറി പറഞ്ഞാല്‍ സമാധാനം കിട്ടുമെങ്കില്‍ കിട്ടട്ടെ: അമൃത സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായികയായും സംഗീത സംവിധായകയായും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയിലും അമൃത വളരെ സജീവമാണ്. എന്നാല്‍ അതോടൊപ്പം താരത്തിന്റെ പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കും താഴെ നിരവധി പേര്‍ മോശം രീതിയില്‍ കമന്റും ചെയ്യാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വരുന്ന മോശം കമന്റുകളെക്കുറിച്ചും അതില്‍ കുടുംബാംഗങ്ങളെ കുറിച്ച് പോലും മോശം പറയുന്നവരെക്കുറിച്ചും സംസാരിക്കുകയാണ് അമൃത. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമൃത.

”നമ്മളൊക്കെ ഈ സോഷ്യല്‍ മീഡിയയുമായി യൂസ്ഡാണ്. പക്ഷെ അച്ഛനും അമ്മക്കുമൊന്നും അങ്ങനെയല്ല. അവര്‍ വേറൊരു ലൈഫ് ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരാണ്. ഈ കമന്റ് ചെയ്യുന്നവരുടെ അച്ഛനും അമ്മയെയും പോലെ തന്നെയാണ് എന്റെ അച്ഛനും അമ്മയും കുടുംബാംഗങ്ങളും.

ഇതൊന്നും മനസാ വാചാ കര്‍മണാ അറിയാത്ത അവരെ കൂടി ഉള്‍പ്പെടുത്തിയാണ് ഇവര്‍ കമന്റ് ചെയ്യുന്നത്. അത് വളരെ വേദനിപ്പിക്കാറുണ്ട്. ഇപ്പൊ അവര്‍ക്കും അത് യൂസ്ഡായി തുടങ്ങി.

നമ്മള്‍ ഇഷ്ടപ്പെടുന്ന ലൈഫ് തെരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്. പലരും പല സാഹചര്യത്തിലൂടെ പോകുന്നവരാണ്. ഇതൊന്നും അറിയാത്തവരാണ് കമന്റ് ചെയ്യുന്നത്. പറയുന്നവര്‍ പറയട്ടെ, അവര്‍ക്ക് അതില്‍ നിന്നും സന്തോഷം കിട്ടുകയാണെങ്കില്‍, എന്നെ രണ്ട് തെറി പറഞ്ഞാല്‍ അവര്‍ക്ക് സമാധാനം കിട്ടുകയാണെങ്കില്‍ അത് ചെയ്യട്ടെ.

സത്യാവസ്ഥ വേറൊന്നാണ്. എന്റെ ലൈഫിന്റെ മാത്രം കാര്യമല്ല. ഒരു 1008 ലിങ്കുകള്‍ വരുമ്പോള്‍ ഒന്നോ രണ്ടോ മാത്രമെ സത്യമുള്ളൂ. എന്റെ കാര്യത്തില്‍ 99 ശതമാനവും ഫേക് ന്യൂസാണ്.

പാപ്പുവും (മകള്‍) ഞാനും ഗുരുവായൂര്‍ പോയ ഒരു വീഡിയോ ഉണ്ടായിരുന്നു. അവള്‍ പൊതുവേ ഫോട്ടോകള്‍ക്ക് വേണ്ടി നിന്നുതരില്ല. ആരെങ്കിലും ഫോട്ടോ എടുക്കുമ്പോള്‍ അവള്‍ മാറിനില്‍ക്കും, ഇഷ്ടമല്ല.

അങ്ങനെ ഒരു ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍, ഞാന്‍ ബാക്കില്‍ നില്‍ക്കാം എന്ന് പറഞ്ഞ് അവള്‍ എന്റെ കൈ പിടിച്ച് പിറകില്‍ നിന്നു. അത് കഴിഞ്ഞപ്പോള്‍ വയറ് പിടിച്ചുകൊണ്ട്, ‘അമ്മാ എനിക്കിപ്പൊ ടോയ്‌ലറ്റില്‍ പോണം, എന്നെ ഒന്ന് കൊണ്ട്‌പോവോ’ എന്ന് പറഞ്ഞ് അവള്‍ വന്നു. തൊഴുത് ഇറങ്ങിയേ ഉള്ളൂ.

ആ ഫോട്ടോ പുറത്തുവന്നപ്പോള്‍ ആളുകള്‍ അതിന് ഇട്ടിരിക്കുന്ന ക്യാപ്ഷന്‍ ‘വിശക്കുന്ന മകള്‍ക്ക് ഭക്ഷണം പോലും കൊടുക്കാത്ത അമ്മ’ എന്നായിരുന്നു. പാപ്പു ഈ വീഡിയോ കണ്ടിട്ട്, ‘മമ്മാ ഞാന്‍ ടോയ്‌ലറ്റില്‍ പോവണമെന്നല്ലേ പറഞ്ഞത്’ എന്ന് ചോദിച്ചു,” അമൃത പറഞ്ഞു.

Content Highlight: Singer Amrutha Suresh about the derogatory comments against her in the social media

We use cookies to give you the best possible experience. Learn more