| Wednesday, 22nd June 2016, 8:51 pm

പ്രശസ്ത സൂഫി ഗായകന്‍ അംജദ് സാബ്രി വെടിയേറ്റു മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: പാക്കിസ്ഥാനിലെ പ്രശസ്ത സൂഫി ഗായകന്‍ അംജദ് സാബ്രി (45) വെടിയേറ്റു മരിച്ചു. സാബ്രി ബ്രദേഴ്‌സ് എന്ന പ്രശസ്തമായ ബാന്‍ഡിലെ ഗായകനായിരുന്നു. കറാച്ചിയിലെ ലിയാഖത്താബാദില്‍ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മോട്ടോര്‍ സൈക്കിളില്‍ പിന്തുടര്‍ന്ന് വന്ന അജ്ഞാതര്‍ അംജദിന്റെ കാറിനു നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരം തുളച്ചുകയറി.

ഗുരുതരമായി പരുക്കേറ്റ അംജദിനെ അടുത്തുള്ള അബ്ബാസി ഷഹീദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലയാളികളാരെന്നോ ഇതിനു പിന്നിലെ കാരണമെന്തെന്നോ വ്യക്തമല്ല. അംജദിനൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും ഗുരുതരമായി പരുക്കേറ്റു.

പാക്കിസ്ഥാന്റെ ഇതിഹാസ ഗായകന്‍ ഗുലാം ഫരീദ് സാബ്രിയുടെ മകനാണ് അംജദ്. സഹോദരന്‍ ഗസ്‌നാവി സാബ്രിയ്‌ക്കൊപ്പം ചേര്‍ന്നു തുടങ്ങിയ ബാന്‍ഡുമായി ലോകമൊട്ടാകെ സംഗീത പരിപാടികള്‍ നടത്തിവരികയായിരുന്നു അംജദ്. ലോകമാരാധിക്കുന്ന സംഗീത കുടുംബത്തില്‍ നിന്നൊരാള്‍ അകാലത്തില്‍ പൊലിഞ്ഞത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് ജനങ്ങളില്‍.
സൂഫി സംഗീതത്തിനും ആഴത്തിലുള്ള നഷ്ടമുണ്ടാക്കി അംജദിന്റെ മരണം. സൂഫി സംഗീതജ്ഞര്‍ക്കെതിരാണ് രാജ്യത്തെ മതമൗലിക വാദികള്‍.

We use cookies to give you the best possible experience. Learn more