മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് അഫ്സല്‍. മലയാള സിനിമയില്‍ ഒരുപാട് ഹിറ്റ് പാട്ടുകളുള്ള ഗായകനാണ് അദ്ദേഹം. അഫ്സല്‍ പാടിയ പാട്ടുകളൊക്കെ എല്ലാ ജനറേഷനും ഇഷ്ടപ്പെടുന്നതാണ് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
എന്നാല്‍ ഇന്നും പലര്‍ക്കും അഫ്‌സലാണ് പാടിയതെന്ന് വിശ്വസിക്കാന്‍ ആവാത്ത ഒരു പാട്ടാണ് ‘പോകാതെ കരിയിലക്കാറ്റേ’ എന്ന പാട്ട്. 2005ല്‍ മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത രാപ്പകല്‍ എന്ന സിനിമയിലെ പാട്ടായിരുന്നു ഇത്.
ഇപ്പോള്‍ ഈ പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് അഫ്‌സല്‍. മോഹന്‍ സിത്താരയാണ് ഈ പാട്ട് പാടാനുള്ള അവസരം നല്‍കിയതെന്നും സംവിധായകന്‍ കമല്‍ അതിന് സപ്പോര്‍ട്ട് ചെയ്തുവെന്നുമാണ് അഫ്‌സല്‍ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹന്‍ സിത്താര സാറാണ് എനിക്ക് രാപ്പകല്‍ സിനിമയിലെ ‘പോകാതെ കരിയിലക്കാറ്റേ’ ആ ഗാനം പാടാന്‍ അവസരം തന്നത്. അതൊരു ദൈവാനുഗ്രഹമാണെന്നാണ് എന്റെ വിശ്വാസം.
ആദ്യം മുതലേ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ടാവാം എന്നെ ഇങ്ങനെയൊരു പാട്ടുപാടാന്‍ വിശ്വസിച്ചേല്‍പ്പിച്ചത്. സംവിധായകന്‍ കമല്‍ സാറും അന്ന് സപ്പോര്‍ട്ട് ചെയ്തു. എന്നെ കൊണ്ട് പാടിച്ചുനോക്കാം എന്നുപറഞ്ഞത് അദ്ദേഹമാണ്.
എപ്പോഴും പാടുന്നതുപോലുള്ള പാട്ടല്ല, നീ ശ്രമിച്ചുനോക്ക് എന്നു പറഞ്ഞ് ആത്മവിശ്വാസം തന്നതും മോഹന്‍ സിത്താര സാറാണ്. ആ പാട്ട് പാടുമ്പോള്‍ എന്റെ ബാല്യവും ആ ഓര്‍മകളും മനസില്‍ വെച്ചാണ് പാടിയത്. പാട്ട് വന്നപ്പോള്‍ ആരാണ് പാടിയത് എന്നൊക്കെ എല്ലാവര്‍ക്കും സംശയമായിരുന്നു.
അഫ്സല്‍ പാടിയതാണ് എന്ന് വിശ്വസിക്കാത്തവരുണ്ട്. ഇപ്പോഴും ആളുകള്‍ ആ പാട്ടിനെപ്പറ്റി പറയുന്നു, അതിനെ ഇഷ്ടപ്പെടുന്നു എന്നത് വലിയ അനുഗ്രഹമാണ്. ഈ പാട്ടിനെപ്പറ്റി രണ്ടുപേര്‍ പറഞ്ഞത് വലിയ അംഗീകാരം പോലെ തോന്നിയിട്ടുണ്ട്.
ഒന്ന് രാപകലിന്റെ തിരക്കഥാകൃത്ത് ടി.എ. റസാക്കാണ്. അദ്ദേഹം എപ്പോഴും പറയും ‘നിന്റെ ജീവിതത്തില്‍ കുറേ പാട്ടുകളുണ്ടാവും. പക്ഷേ ഈ പാട്ട് വളരെ സ്‌പെഷ്യലാണ്’ എന്ന്. അതുപോലെ മമ്മൂക്കയും പറയും ‘അടിപൊളി പാട്ടില്‍നിന്ന് മാറി ഒരു പാട്ട് പാടിയല്ലോ. നന്നായി’ എന്ന്.
Content Highlight: Singer Afsal Talks About Song In Rappakal Movie And Mammootty’s Comment