ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് ശേഷം താലിബാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെ പരസ്യമായി വിമര്‍ശിച്ച് സംഗീതജ്ഞന്‍ അദ്‌നന്‍ സാമി. സംഗീതം ഇസ്ലാമികമല്ലെന്ന താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദിന്റെ പ്രസ്താവനക്കെതിരെയാണ് അദ്‌നന്‍ സാമി രംഗത്ത് വന്നത്.
”ഇസ്‌ലാമില്‍ സംഗീതം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ ആളുകളെ ഒന്നിനും നിര്‍ബന്ധിക്കില്ല. പറഞ്ഞ് മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്,” എന്നായിരുന്നു സബീഹുള്ള മുജാഹിദ് ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഈ പ്രസ്താവനക്കെതിരെയാണ് ഗായകനും സംഗീത സംവിധായകനും പിയാനിസ്റ്റുമായ അദ്‌നന്‍ സാമി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.
ഇസ്ലാം സംഗീതം നിരോധിച്ചിട്ടില്ലെന്നും ഖുറാനിലോ പ്രവാചകന്‍ മുഹമ്മദിന്റെ വചനങ്ങളായ ഹദീസിലോ സംഗീതം ഹറാമാണെന്ന് പറയുന്നില്ലെന്നും അദ്നന്‍ സാമി പറഞ്ഞു. സബീഹുള്ള മുജാഹിദിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്‌നന്‍ പോസ്റ്റ് എഴുതിയിരിക്കുന്നത്.
”പ്രിയപ്പെട്ട സബീഹുള്ള മുജാഹിദ്, ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്, സംഗീതം ഹറാമാണെന്നും ഇസ്ലാമികമല്ലെന്നും വിശുദ്ധ ഖുറാനില്‍ എവിടെയാണ് പറയുന്നതെന്ന് നിങ്ങള്‍ കാണിച്ച് തരൂ,” അദ്‌നന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു.
ഇതേ കാര്യം പ്രവാചകന്‍ മുഹമ്മദ് പറഞ്ഞതായുള്ള ഏതെങ്കിലും ഹദീസ് കാണിച്ച് തരാനാകുമോ എന്നും അദ്‌നന്‍ തന്റെ പോസ്റ്റിലൂടെ സബീഹുള്ളയോട് ചോദിക്കുന്നു.
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബമാണ് അദ്‌നന്‍ സാമിയുടേത്. അഫ്ഗാനിസ്ഥാനിലും ഇദ്ദേഹത്തിന് കുടുംബവേരുകളുണ്ട്.
നേരത്തെ അധികാരത്തിലേറിയ സമയത്ത് നടപ്പിലാക്കിയ തരത്തിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്രാവശ്യമുണ്ടാകില്ലെന്നായിരുന്നു താലിബാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംഗീതമടക്കമുള്ള പല വിഷയങ്ങളിലും താലിബാന്റെ കാഴ്ചപ്പാടുകളിലോ നയങ്ങളിലോ വ്യത്യാസം വന്നിട്ടില്ലെന്നാണ്് അടുത്ത ദിവസങ്ങളിലെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.
സ്ത്രീകള്‍ പുറത്തിറങ്ങണമെങ്കില്‍ കൂടെ പുരുഷന്മാര്‍ ഉണ്ടാകണമെന്ന നിബന്ധനയെയും സബീഹുള്ള അഭിമുഖത്തില്‍ ന്യായീകരിച്ചിരുന്നു. ഇത് ദീര്‍ഘദൂരയാത്രകളെ മാത്രം സംബന്ധിക്കുന്ന വിഷയമാണെന്നായിരുന്നു സബീഹുള്ള പറഞ്ഞത്.