| Tuesday, 7th February 2023, 10:31 am

കെ.എസ് ചിത്രയാണ് മലയാളിയുടെ ഐഡിയല്‍ സിങ്ങര്‍, അങ്ങനെയാവാനാണ് ഞാനും ശ്രമിച്ചത്: അഭയ ഹിരണ്‍മയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാടാന്‍ അറിയാമായിരുന്നു എങ്കിലും താന്‍ ഒരു പാട്ടുകാരിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഗായിക അഭയ ഹിരണ്‍മയി. കെ.എസ് ചിത്രയെ പോലെ തനിക്ക് എന്തുകൊണ്ടാണ് പാടാന്‍ കഴിയാത്തതെന്ന് ചിന്തിച്ചിട്ടുണ്ടെന്നും മലയാളിയുടെ ഐഡിയല്‍ ഗായിക അവരാണെന്നും അഭയ പറഞ്ഞു. ഏത് ടൈപ്പിലുള്ള ഗാനവും പാടുന്ന ഒരാളാകാനാണ് തനിക്ക് ആഗ്രഹമെന്നും അഭയ പറഞ്ഞു.

അച്ഛനും അമ്മക്കും താന്‍ പാട്ടുകാരിയാകുന്നതില്‍ താത്പര്യമില്ലായിരുന്നു എന്നും എന്നാല്‍ ചെറുപ്പം മുതല്‍ സംഗീതം പഠിക്കുന്നുണ്ടായിരുന്നു എന്നും താരം പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ശബ്ദത്തില്‍ വ്യത്യസ്തയുണ്ടെങ്കിലും എന്റെ ശബ്ദം ചിത്രാമ്മയുടേത് പോലെയല്ലല്ലോ എന്നായിരുന്നു ആദ്യകാലങ്ങളില്‍ ഞാന്‍ ആലോചിച്ചിരുന്നത്. കാരണം മലയാളികളുടെ ഐഡിയല്‍ സിങ്ങര്‍ ചിത്രാമ്മയാണല്ലോ. ഞാന്‍ പാടിയാല്‍ ശരിയാകുമോ എന്ന ചിന്തയൊക്കെ ആദ്യമുണ്ടായിരുന്നു. ഇന്നിപ്പോള്‍ അങ്ങനെയൊന്നും അല്ലല്ലോ. എല്ലാവര്‍ക്കും ഏത് വിഭാഗം പാട്ടും ട്രൈ ചെയ്യാമല്ലോ.

ഏത് ടൈപ്പ് പാട്ടും പാടാന്‍ കഴിയുന്ന വോയ്‌സാണ് എന്റേതെന്ന് പലരും പറയാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. എല്ലാ ഴോണറുകളും പാടാന്‍ പറ്റണമെന്ന് ആഗ്രഹിച്ച ആളായിരുന്നു ഞാന്‍. സംഗീതത്തെ സീരിയസായി എടുക്കാന്‍ ഞാന്‍ കുറച്ച് വൈകിയിരുന്നു. അതിലെനിക്കൊരു പശ്ചാതാപവും ഇപ്പോള്‍ തോന്നുന്നില്ല.

സംഗീതംകൊണ്ട് ജീവിക്കുന്നവരാണെങ്കില്‍ പോലും അമ്മക്കും അച്ഛനും ഞാന്‍ പാട്ടുകാരിയാകുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. മൂത്ത മകള്‍ എന്ന നിലയില്‍ എന്നെ കുറിച്ച് അവര്‍ക്ക് ചില സങ്കല്‍പ്പങ്ങളൊക്കെ ഉണ്ടാകുമല്ലോ. ജീവിതം കുറച്ചുകൂടി മാറിയപ്പോഴാണ് എനിക്ക് പാടാന്‍ കഴിയുമെന്ന് മനസിലാക്കുന്നത്.

അതിന് മുമ്പ് തന്നെ എനിക്ക് പാടാന്‍ അറിയാമായിരുന്നു. അന്നും ഞാന്‍ സംഗീതം പഠിക്കുന്നുണ്ടായിരുന്നു. ഹരിശങ്കറൊക്കെ ചെറുപ്രായത്തില്‍ തന്നെ പാടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയുള്ള അവസരങ്ങളൊന്നും എനിക്ക് കിട്ടിയിരുന്നില്ല. ഇപ്പോഴാണ് ശരിക്കും പറഞ്ഞാല്‍ സ്റ്റേജ് ഫിയറൊക്കെ മാറുന്നത്,’ അഭയ ഹിരണ്‍മയി പറഞ്ഞു.

content highlight: singer abhaya hiranmayi about k s chithra

Latest Stories

We use cookies to give you the best possible experience. Learn more