| Wednesday, 7th September 2022, 1:10 pm

രണ്ട് ഓപ്ഷനാണ് ഉള്ളത് ഒന്നുകില്‍ തുടരുക, അല്ലെങ്കില്‍ ഇറങ്ങിപ്പോരുക; അത് മാതാപിതാക്കളില്‍ നിന്നാണെങ്കിലും ജീവിതപങ്കാളിയില്‍ നിന്നാണെങ്കിലും: അഭയ ഹിരണ്‍മയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തെ ഓര്‍ത്ത് അഭിമാനം മാത്രമേ തനിക്കുള്ളൂവെന്നും തന്റെ തെരഞ്ഞെടുപ്പുകളില്‍ സന്തോഷവതിയാണെന്നും ഗായിക അഭയ ഹിരണ്‍മയി. ഇപ്പോഴാണ് താന്‍ സ്വയം സ്‌നേഹിക്കാന്‍ പഠിച്ചതെന്നും സ്‌നേഹം പകുത്തു കൊടുക്കുന്നതില്‍ താന്‍ എപ്പോഴും കണ്‍ഫ്യൂസ്ഡ് ആയിരുന്നെന്നും അഭയ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭയ.

ജീവിതത്തെ റീവൈന്‍ഡ് ചെയ്ത് നോക്കാറുണ്ടോ എന്ന ചോദ്യത്തിന് പലപ്പോഴും ജീവിതത്തെ റീവൈന്‍ഡ് ചെയ്ത് നോക്കിയിട്ടുണ്ടെന്നായിരുന്നു അഭയയുടെ മറുപടി.’ എന്റെ ഭൂതകാലം കൂടി ഉള്‍പ്പെടുന്നതാണ് ഞാന്‍. അതിനെ ഒരിക്കലും മായ്ച്ചുകളയാനാകില്ല. ജീവിതത്തെ ഓര്‍ത്ത് അഭിമാനം മാത്രമേ എനിക്കുള്ളൂ. എന്റെ തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ സന്തോഷവതിയാണ്. ഓരോ പ്രായത്തിലും എടുത്ത തീരുമാനങ്ങള്‍ എന്റേത് മാത്രമായിരുന്നു. ഞാനിങ്ങനെയാണ്, അതിനി മാറാനും പോകുന്നില്ല. എന്റെ ജീവിതം, എന്റെ തീരുമാനങ്ങളാണ്,’ അഭയ പറഞ്ഞു.

ഇപ്പോഴാണ് ഞാന്‍ സ്വയം സ്‌നേഹിക്കാന്‍ പഠിച്ചത്. സ്‌നേഹം പകുത്തു കൊടുക്കുന്നതില്‍ ഞാന്‍ എപ്പോഴും കണ്‍ഫ്യൂസ്ഡ് ആയിരുന്നു. ഞാന്‍ ആര്‍ക്കാണ് സ്‌നേഹം കൊടുക്കേണ്ടത്, ആരെയാണ് കൂടുതല്‍ സ്‌നേഹിക്കേണ്ടത് എന്ന് ചിലസമയത്ത് മറന്നുപോയിട്ടുണ്ട്.

ഞാന്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ട സ്‌നേഹത്തെ പറ്റിയാണ് ചിന്തിച്ചു കൊണ്ടിരുന്നത്. ആ ചിന്ത ശരിയല്ല എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.

ഞാന്‍ എന്നെ സ്‌നേഹിച്ചാല്‍ മാത്രമേ എനിക്ക് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് ഇപ്പോഴാണ് വന്നത്. അതുകൊണ്ട് ഇപ്പോള്‍ എന്നെ കൂടുതല്‍ സ്‌നേഹിക്കുകയാണ്.

സ്ത്രീകളില്‍ തിരിച്ചറിവിന്റെ ഘട്ടം തുടങ്ങുന്നത് എപ്പോഴാണ്? എല്ലാ സ്ത്രീകളുടെ ജീവിതത്തിലും തിരിച്ചറിവിന്റെ ഘട്ടം ഉണ്ടാകും. അത്തരമൊരു ഘട്ടത്തില്‍ രണ്ട് ഓപ്ഷനുകളാണുള്ളത്. ഒന്ന് ബുദ്ധിപരമായി അവിടെ തുടരുക അല്ലെങ്കില്‍ അവിടം വിട്ട് ഇറങ്ങിപ്പോരുക. അത് മാതാപിതാക്കളില്‍ നിന്നാണെങ്കിലും ജീവിത പങ്കാളിയില്‍ നിന്നാണെങ്കിലും, കംഫര്‍ട്ടബിളല്ല എന്ന് തോന്നിയാല്‍ ഈ രണ്ട് ഓപ്ഷനുകളേ ഉള്ളൂ, അഭയ ഹിരണ്‍മയി പറഞ്ഞു.

തന്റെ മുന്നോട്ടുള്ള യാത്രയെ കുറിച്ചും അഭയ അഭിമുഖത്തില്‍ പറഞ്ഞു. ‘കഴിഞ്ഞ പത്ത് വര്‍ഷം കുടുംബജീവിതം കൂടി ബാലന്‍സ് ചെയ്ത് കൊണ്ടുപോയതിനാല്‍ എങ്ങനെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകണം എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല, എന്റെ മുന്നോട്ടുള്ള പാത വളരെ തെളിഞ്ഞതാണ്. സംഗീതത്തില്‍ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. സ്റ്റേജില്‍ പാടുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. അത് എന്റെ ജീവിതത്തെ ഇപ്പോള്‍ കൂടുതല്‍ രസകരമാക്കുന്നുണ്ട്,’ അഭയ ഹിരണ്‍മയി പറഞ്ഞു.

Content Highlight: singer Abhaya Hiranmayi about her life and struggles

We use cookies to give you the best possible experience. Learn more