| Monday, 21st September 2020, 2:53 pm

പ്രഭാസ് -നാഗ് അശ്വിന്‍ ചിത്രത്തില്‍ മെന്ററായി ഇതിഹാസ ചലച്ചിത്രകാരന്‍ സിംഗീതം ശ്രീനിവാസ റാവു; സ്വാഗതം ചെയ്ത് വൈജയന്തി ഫിലിംസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.

പ്രഭാസിന്റെ 21 ാമത്തെ ചിത്രമാണിത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് നിലവില്‍ പ്രഭാസ് 21 എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ദീപിക പദുകോണാണ് ചിത്രത്തിലെ നായികയാവുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റര്‍ ആയി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു. അദ്ദേഹത്തിന്റെ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഏറെക്കാലമായി കാത്തിരുന്ന ഒരു സ്വപ്നം ഒടുവില്‍ സാക്ഷാത്കരിക്കുന്നു. ഞങ്ങളുടെ ഇതിഹാസത്തിലേക്ക് സിംഗീതം ശ്രീനിവാസ റാവു ഗാരുവിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടിപരമായ മഹാശക്തികള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് വഴികാട്ടിയാവും’ എന്നാണ് സിംഗീതത്തിന്റെ ജന്മദിന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രഭാസ് 21 ന്റെ പ്രൊഡക്ഷന്‍ ഹൗസായ വിജയന്തി മൂവീസ് ട്വിറ്ററില്‍ കുറിച്ചത്.

തെലുങ്ക് സിനിമ സംവിധായകര്‍ തങ്ങളുടെ ഗുരുവായി കാണുന്ന അദ്ദേഹം നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംഗീതസംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചയാളാണ്.

പരീക്ഷണാത്മക ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

1988 ല്‍ അദ്ദേഹം കമലഹാസനെ നായകനാക്കി സംവിധാനം ചെയ്ത നിശബ്ദ ചിത്രമായ പുഷ്പക വിമനം അന്താരാഷ്ട്ര നിരൂപക പ്രശംസ നേടിയിരുന്നു. 1988 കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ പ്രീമിയര്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര പ്രശംസ നേടിയ ഈ ചിത്രം മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും മികച്ച ചിത്രത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

മൈക്കിള്‍ മദന കാമരാജന്‍, അപൂര്‍വ്വരാഗം തുടങ്ങി നിരവധി കമല്‍ഹാസന്‍ ചിത്രങ്ങളും സിംഗീതം ശ്രീനിവാസ റാവു ഒരുക്കിയിരുന്നു.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറാകും. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Singeetam Srinivasa Rao to mentor Prabhas and Deepika Padukone’s sci-fi film with Nag Ashwin

We use cookies to give you the best possible experience. Learn more