| Monday, 22nd August 2022, 8:13 am

'കൊളോണിയല്‍ കാല നിയമം ഇനി വേണ്ട'; സ്വവര്‍ഗ ലൈംഗികത ഡീക്രിമിനലൈസ് ചെയ്യാന്‍ സിംഗപ്പൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിംഗപ്പൂര്‍: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്ന നിയമം റദ്ദാക്കാനൊരുങ്ങി സിംഗപ്പൂര്‍. കൊളോണിയല്‍ കാലത്ത് നിലവില്‍ വന്ന നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി
ലീ സ്യെന്‍ ലൂങ് (Lee Hsien Loong) പറഞ്ഞു.

ഞായറാഴ്ചയായിരുന്നു പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗ ലൈംഗികത ഡീക്രിമിനലൈസ് ചെയ്യുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

”പരസ്പര സമ്മതത്തോടെ പുരുഷന്മാര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കരുത്. ഈ കാരണത്താല്‍ ആളുകളെ വിചാരണ ചെയ്യുന്നതിനോ സ്വവര്‍ഗ ലൈംഗികത കുറ്റമായി കണക്കാക്കുന്നതിനോ ഒരു ന്യായീകരണവുമില്ല.

ഈ നിയമം പിന്‍വലിക്കുന്നത് ശരിയായ കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, മിക്ക സിംഗപ്പൂര്‍കാരും ഈ മാറ്റം അംഗീകരിക്കും. ഇത് രാജ്യത്തെ നിയമത്തെ നിലവിലെ സാമൂഹിക സാഹചര്യങ്ങളുമായി കൂടുതല്‍ ചേര്‍ത്തുനിര്‍ത്തും. സ്വവര്‍ഗാനുരാഗികളായ സിംഗപ്പൂരിലെ ജനങ്ങള്‍ക്ക് ഈ മാറ്റം കുറച്ച് ആശ്വാസം നല്‍കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

എല്ലാ മനുഷ്യ സമൂഹത്തെയും പോലെ നമുക്കിടയിലും സ്വവര്‍ഗാനുരാഗികളുണ്ട്. അവരും നമ്മുടെ സഹജീവികളാണ്, നമ്മുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ്. അവര്‍ക്ക് അവരുടെ സ്വന്തം ജീവിതം നയിക്കാനും നമ്മുടെ കമ്മ്യൂണിറ്റിയില്‍ പങ്കാളികളാകാനും സിംഗപ്പൂരിന് വേണ്ടി സംഭാവന നല്‍കാനും ആഗ്രഹമുണ്ട്,” ദേശീയ ദിന റാലിയുടെ ഭാഗമായി നടത്തിയ വാര്‍ഷിക നയ പ്രസംഗത്തില്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം സ്വവര്‍ഗാനുരാഗികളെയും സ്വവര്‍ഗ ലൈംഗികതയെയും കൂടുതല്‍ ഉള്‍ക്കൊണ്ട് വരികയാണെന്നും ലീ സ്യെന്‍ ലൂങ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിവിധ എല്‍.ജി.ബി.ടി.ക്യു സംഘടനകള്‍ സ്വാഗതം ചെയ്തു.

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയ സിംഗപ്പൂര്‍ പീനല്‍ കോഡിലെ 377എ വകുപ്പാണ് റദ്ദാക്കുക. 1938ല്‍ സിംഗപ്പൂര്‍ ഒരു ബ്രിട്ടീഷ് കോളനിയായിരുന്ന സമയത്ത് ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമായിരുന്നു ഇത്.

എന്നാല്‍ ഈ നിയമത്തില്‍ സ്ത്രീകളുടെയോ മറ്റ് ജെന്‍ഡറിന്റെയോ കാര്യം പരാമര്‍ശിക്കുന്നില്ല.

അതേസമയം, രാജ്യത്ത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിന്റെ നിയമപരമായ നിര്‍വചനം മാറ്റാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിരുദ്ധമായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Singapore prime minister says country will decriminalize gay sex between men

We use cookies to give you the best possible experience. Learn more