| Monday, 22nd August 2022, 12:07 pm

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരായ യു.എന്‍ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കാന്‍ കാരണമിതാണ്: സിംഗപ്പൂര്‍ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിംഗപ്പൂര്‍: ഉക്രൈന്‍- റഷ്യ വിഷയത്തിലെ യു.എന്‍ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നതിനെക്കുറിച്ച് പ്രതികരിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സ്യെന്‍ ലൂങ് (Lee Hsien Loong).

റഷ്യ ഉക്രൈനില്‍ അധിനിവേശ ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ ഇതിനെതിരെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് ഇപ്പോള്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി പ്രതികരിച്ചത്.

ഇന്ത്യ റഷ്യയില്‍ നിന്നും സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നുണ്ടെന്നും അതിനാലാണ് റഷ്യക്കെതിരായി അവതരിപ്പിക്കപ്പെട്ട പ്രമേയത്തില്‍ ഇന്ത്യ വോട്ട് രേഖപ്പെടുത്താതിരുന്നതെന്നുമാണ് ലീ സ്യെന്‍ ലൂങ് പറയുന്നത്.

”ഇന്ത്യ, ചൈന, വിയറ്റ്‌നാം, ലാവോസ് എന്നീ രാജ്യങ്ങള്‍ വിവിധ ഘടകങ്ങള്‍ കാരണം റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്ന, ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നത് കാരണമായിരുന്നു ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത്,” സിംഗപ്പൂര്‍ പ്രധാനമന്ത്രി പറഞ്ഞു.

സിംഗപ്പൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ഒക്ടോബറില്‍ എസ്- 400 ട്രയംഫ് എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റത്തിന്റെ അഞ്ച് യൂണിറ്റുകള്‍ വാങ്ങാന്‍ റഷ്യയുമായി അഞ്ച് ബില്യണ്‍ യു.എസ് ഡോളറിന്റെ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു.

അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപില്‍ നിന്നുള്ള മുന്നറിയിപ്പും എതിര്‍പ്പും അവഗണിച്ച് കൊണ്ടായിരുന്നു നീക്കം.

ആസിയാന്‍ രാജ്യങ്ങളിലെ ഏറ്റവും ചെറിയ രാജ്യമായതിനാല്‍ തന്നെ സിംഗപ്പൂരിന്റെ താല്‍പര്യങ്ങളും പരിഗണനകളും മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും ലീ സ്യെന്‍ ലൂങ് കൂട്ടിച്ചേര്‍ത്തു.

”അതുകൊണ്ടാണ് സിംഗപ്പൂര്‍ റഷ്യയുടെ അധിനിവേശത്തെ കൃത്യമായി അപലപിച്ചത്. മാത്രമല്ല, റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും തീരുമാനിച്ചു,” സിംഗപ്പൂര്‍ പ്രധാനമന്ത്രി പറഞ്ഞു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ വിമര്‍ശിച്ച സമയത്ത് തങ്ങള്‍ യു.എസിന്റെയോ റഷ്യയുടെയോ പക്ഷം പിടിച്ചിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

”ഉക്രൈന്‍ വിഷയത്തില്‍ ഉറച്ചുനില്‍ക്കുകയും വ്യക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ ഒരു ദിവസം ഞങ്ങള്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ സിംഗപ്പൂരിന് വേണ്ടി ആരും ശബ്ദിക്കില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈനില്‍ അധിനിവേശവും ആക്രമണവും ആരംഭിച്ചത്. ഇതിന് തൊട്ടുപിന്നാലെ ഫെബ്രുവരി 26ന് തന്നെ റഷ്യക്കെതിരെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടിരുന്നു.

യു.എസും അല്‍ബേനിയയും ചേര്‍ന്നായിരുന്നു ഉക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യ ഈ പ്രമേയം തള്ളിക്കളയുകയായിരുന്നു.

യു.എന്‍ സമിതിയിലെ സ്ഥിരാംഗം എന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.

15 അംഗ സെക്യൂരിറ്റി കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Content Highlight: Singapore PM says India didn’t vote on the UN resolution on Russia’s invasion of Ukraine as India buys military equipment from Russia

We use cookies to give you the best possible experience. Learn more