'നെഹ്റുവിന്റെ ഇന്ത്യ'യിലെ മന്ത്രിസഭയില്‍ ഇപ്പോള്‍ ഭൂരിഭാഗം ക്രിമിനലുകള്‍; സിംഗപ്പൂരിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യ
World News
'നെഹ്റുവിന്റെ ഇന്ത്യ'യിലെ മന്ത്രിസഭയില്‍ ഇപ്പോള്‍ ഭൂരിഭാഗം ക്രിമിനലുകള്‍; സിംഗപ്പൂരിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th February 2022, 8:08 am

ന്യൂദല്‍ഹി: ‘നെഹ്‌റുവിന്റെ ഇന്ത്യ’യെക്കുറിച്ചും ഇന്ത്യന്‍ ലോക്‌സഭയിലെ അംഗങ്ങളെക്കുറിച്ചും സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ സംസാരിച്ച പ്രധാനമന്ത്രി ലീ സ്യെന്‍ ലൂങിന്റെ (Lee Hsien Loong) പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍.

സിംഗപ്പൂര്‍ പാര്‍ലമെന്റിലെ ഒരു മുന്‍ അംഗത്തിനെതിരായ ആരോപണത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു ലീ സ്യെന്‍ ലൂങ് ഇന്ത്യയെ പരാമര്‍ശിച്ചത്.

എങ്ങനെയാണ് ഒരു ജനാധിപത്യരാജ്യം പ്രവര്ത്തിക്കേണ്ടത് എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു നെഹ്‌റുവിന്റെ ഭരണകാലത്തെ ഇന്ത്യയെ സിംഗപ്പൂര്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ലോക്‌സഭയില്‍ പകുതിയിലധികം അംഗങ്ങള്‍ക്കുമെതിരെ ക്രമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് വാര്‍ത്തകള്‍ വരുന്നതെന്നും ലീ സ്യെന്‍ ലൂങ് പറഞ്ഞിരുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റിലെ പകുതിയിലധികം അംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ‘നെഹ്‌റുവിന്റെ ഇന്ത്യ’ എന്നതില്‍ നിന്നുള്ള അധപതനമാണ് ഇപ്പോള്‍ അവിടെ ഉള്ളതെന്നും പറഞ്ഞിരുന്നു.

അതേസമയം സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം സ്വീകാര്യമല്ല എന്നായിരുന്നു ഇന്ത്യയുടെ വിഷയത്തോടുള്ള പ്രതികരണം.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമാണ് വിഷയത്തില്‍ പ്രതികരിച്ചത്. സിംഗപ്പൂരിന്റെ ഹൈക്കമ്മീഷണര്‍ സിമൊന്‍ വോങിനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു.


Content Highlight: Singapore PM’s remarks on Indian MPs and Nehru’s India, India summons their envoy