| Sunday, 17th July 2022, 12:38 pm

സിംഗപ്പൂര്‍ ഓപ്പണും പിടിച്ചെടുത്ത് സിന്ധു; 2022ലെ മൂന്നാം കിരീടം

സ്പോര്‍ട്സ് ഡെസ്‌ക്

സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണില്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും മൂന്നാം സീഡുമായ പി.വി. സിന്ധുവിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെ തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ കിരീടനേട്ടം.

മൂന്ന് ഗെയിമുകള്‍ നീണ്ട കലാശപ്പോരാട്ടത്തില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. സിംഗപ്പൂര്‍ ഓപ്പണില്‍ സിന്ധുവിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്.

2022ല്‍ തന്റെ മൂന്നാം കിരീടനേട്ടമാഘോഷിച്ച സിന്ധു നേരത്തെ കൊറിയ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലും കിരീടം സ്വന്തമാക്കിയിരുന്നു.

സൈന നേഹ്‌വാളിന് ശേഷം സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു.

അനായാസമാിട്ടായിരുന്നു സിന്ധു ആദ്യ സെറ്റ് സ്വന്തമാക്കിയത്. തുടര്‍ച്ചയായി 13 പോയിന്റ് നേടിയ സിന്ധു വെറും 12 മിനിറ്റുകള്‍ കൊണ്ടാണ് ആദ്യ സെറ്റ് പിടിച്ചടക്കിയത്.

എന്നാല്‍ രണ്ടാം സെറ്റില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ ഷി യി സെറ്റ് പിടിച്ചടക്കുകയായിരുന്നു. 21-11 എന്ന സ്‌കോറിനായിരുന്നു ഷി യിയുടെ വിജയം.

ഇതിന് പിന്നാലെ മൂന്നാം സെറ്റില്‍ വാശിയേറിയ പോരാട്ടം കാഴ്ചവെച്ച സിന്ധു സെറ്റും ഗെയിമും ഒപ്പം കിരീടവും സ്വന്തമാക്കുകയായിരുന്നു.

സെമിയില്‍ ജപ്പാന്റെ സയിന കവകാമിക്കെതിരെ ആധികാരിക ജയം നേടിയാണ് പി.വി. സിന്ധു നേരത്തെ ഫൈനലിലെത്തിയത്. 21-15, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.

Content Highlight:  Singapore Open: PV Sindhu Crowned Champion

We use cookies to give you the best possible experience. Learn more