| Thursday, 11th March 2021, 3:31 pm

സിന്ധു മോള്‍ മികച്ച സ്ഥാനാര്‍ത്ഥി; പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ല; പ്രാദേശിക നേതൃത്വത്തെ തള്ളി ജില്ലാ കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പിറവം നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്ബിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ സി.പി.ഐ.എം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയെ തള്ളി ജില്ലാ നേതൃത്വം.

പാര്‍ട്ടി അംഗത്തെ പുറത്താക്കേണ്ടത് ജില്ലാ കമ്മിറ്റിയാണെന്ന് പാര്‍ട്ടി ജില്ലാ സെ

ക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു. ലോക്കല്‍ കമ്മിറ്റിയുടെ നടപടിയെക്കുറിച്ച് അറിയില്ല. ലോക്കല്‍ കമ്മിറ്റിയുടെ നടപടി പാര്‍ട്ടി പരിശോധിക്കുമെന്നും വാസവന്‍ പറഞ്ഞു.

ജനപ്രതിനിധിയെന്ന നിലയില്‍ സിന്ധുമോളുടേത് മികച്ച പ്രവര്‍ത്തനമാണ്. അവര്‍ പിറവത്ത് യോജിച്ച സ്ഥാനാര്‍ത്ഥി തന്നെയാണെന്നും വാസവന്‍ പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോള്‍ ജേക്കബിനെ സി.പി.ഐ.എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി എന്നായിരുന്നു ലോക്കല്‍ കമ്മിറ്റിയുടെ പ്രസ്താവന.

കേരളാ കോണ്‍ഗ്രസ് ടിക്കറ്റിലാണ് സിന്ധു പിറവത്ത് മത്സരിക്കുന്നത്. തങ്ങളോട് ചോദിക്കാതെ കേരളാ കോണ്‍ഗ്രസ് സിന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കിയെന്നതാണ് പ്രാദേശിക സി.പി.ഐ.എം നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് സിന്ധുവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ലോക്കല്‍ കമ്മിറ്റി സ്വീകരിച്ചത്.

സിന്ധുവിനെതിരായ നടപടി പ്രാദേശികമായ എതിര്‍പ്പ് മാത്രമാണെന്ന് നേരത്തെ സി.പി.ഐ.എം കോട്ടയം ജില്ലാ നേതൃത്വം പ്രതികരിച്ചിരുന്നു.
അതേസമയം, സിന്ധുമോളുടെ സ്ഥാനാര്‍ത്ഥിത്വം സി.പി.ഐ.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് തന്നെയായിരുന്നെന്നും സൂചന ഉയരുന്നുണ്ട്. യാക്കോബായ സമുദായംഗം പിറവത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന് സി.പി.ഐ.എം കേരളാ കോണ്‍ഗ്രസിനോട് നിര്‍ദ്ദേശിച്ചിരുന്നതായാണ് സൂചന.

എന്നാല്‍ പിറവത്തുണ്ടായ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ് പ്രതികരിച്ചിരുന്നു. സി.പി.ഐ.എം അംഗത്വം രാജി വെച്ച് കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നും പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിക്കുമെന്നുമായിരുന്നു സിന്ധു മോളുടെ പ്രതികരണം.

പിറവത്തെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമന്റ് സീറ്റല്ലെന്നും സിന്ധുമോള്‍ ജേക്കബ് പ്രതികരിച്ചിരുന്നു.

അതിനിടെ ജോസ് കെ. മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിറവം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് വിട്ട ജില്‍സ് പെരിയപ്പുറം രംഗത്തെത്തി. കൊടും ചതിയാണ് ജോസ് തന്നോട് ചെയ്തതെന്നും സീറ്റ് കച്ചവടത്തിന് ജോസ് ശ്രമിക്കുകയാണെന്നും ജില്‍സ് ആരോപിച്ചു.

സിന്ധുമോളെ ചുമക്കേണ്ട ഗതികേട് പിറവിത്തിനില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നത് നാടകമാണ്. സി.പി.ഐ.എം പുറത്താക്കിയ ആള്‍ക്ക് വേണ്ടി പിറവത്ത് എങ്ങനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങുമെന്നും ജില്‍സ് ചോദിച്ചു.

സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ പണം വേണമെന്ന് ജോസ് കെ. മാണി പറഞ്ഞു. എന്റെ കയ്യില്‍ പണമില്ല, അതാണ് പ്രശ്‌നം. പാര്‍ട്ടി വിട്ടെങ്കിലും തല്‍ക്കാലം എങ്ങോട്ടേക്കുമില്ല. പി.ജെ ജോസഫ് വിഭാഗം ക്ഷണിച്ചിട്ടുണ്ട്. പക്ഷേ നിലവിലെങ്ങോട്ടുമില്ലെന്നും ജില്‍സ് വ്യക്തമാക്കി.

എന്നാല്‍ പിറവത്തേത് പേയ്‌മെന്റ് സീറ്റെന്ന ജില്‍സ് പെരിയപ്പുറത്തിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. പിറവത്ത് രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിന്ധുമോള്‍ ജേക്കബ് മത്സരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sindhumol Jacob Kerala Congress candidateship controversy

We use cookies to give you the best possible experience. Learn more