പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനലില്‍: എതിരാളി കരോലിന മാരിന്‍
World Badminton Championship
പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനലില്‍: എതിരാളി കരോലിന മാരിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th August 2018, 8:17 pm

നാന്‍ജിങ്: ഇന്ത്യന്‍ പ്രതീക്ഷയായ പി.വി. സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനലില്‍. ലോക രണ്ടാം നമ്പരും ജപ്പാന്‍ താരവുമായ അകാനെ യഗമൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശം.

സ്‌കോര്‍: 21-16, 24-22. മുന്‍ വര്‍ഷങ്ങളില്‍ രണ്ടു വെങ്കലവും ഒരു വെള്ളിയും സിന്ധു സ്വന്തമാക്കിയിരുന്നു. റിയോ ഒളിംപിക്‌സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച സ്പാനിഷ് താരം കരോലിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

ഇന്ത്യയുടെ തന്നെ സൈന നെഹ്വാളിനെ വീഴ്ത്തി സെമിയിലെത്തിയ മാരിന്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.

Read:  ജനിച്ച് മൂന്നുമണിക്കൂറായ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചു കൊന്നു; കാരണം പെണ്‍കുട്ടിയായതിനാല്‍

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു ലോക ചാംപ്യന്‍ ഷിപ്പ് ഫൈനലിലേയ്ക്ക് ജയിച്ചുകയറിയത്. ആദ്യ ഗെയിം സിന്ധു കാര്യമായ പോരാട്ടം കൂടാതെ 21-16ന് സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ കളി മാറി.

തുടര്‍ച്ചയായി പോയിന്റുകള്‍ വാരിക്കൂട്ടി മുന്നേറിയ ജാപ്പനീസ് താരം ഒരു ഘട്ടത്തില്‍ 8-4ന് ലീഡെടുത്തു. തിരിച്ചടിച്ച സിന്ധു 7-8 എന്ന നിലയിലേക്ക് എത്തിച്ചെങ്കിലും യഗമൂച്ചി വീണ്ടും മുന്നില്‍ക്കയറി.

10-7, 11-8, 12-9, 13-10, 15-12, 17-12, 19-13 എന്നിങ്ങനെ മുന്നേറിയ ജാപ്പനീസ് താരത്തോട് തിരിച്ചടിച്ച സിന്ധു മല്‍സരത്തിലേക്ക് തിരിച്ചുവന്നു. തുടര്‍ച്ചയായി ഏഴു പോയിന്റുകള്‍ നേടി 2019ന് സിന്ധു ലീഡെടുത്തു.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സിന്ധു 24-22ന് ഗെയിം സ്വന്തമാക്കിയതോടെ ഇന്ത്യന്‍ താരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനല്‍ യോഗ്യത നേടി.