പൊലീസ് നായ വന്ന് അടുക്കളത്തറയില്‍ ഇരുന്നപ്പോള്‍ മീന്‍തല കണ്ടിട്ടാകുമെന്നാണ് പൊലീസുകാര്‍ പറഞ്ഞത്; കൊല്ലപ്പെട്ട സിന്ധുവിന്റെ മകന്‍
Kerala News
പൊലീസ് നായ വന്ന് അടുക്കളത്തറയില്‍ ഇരുന്നപ്പോള്‍ മീന്‍തല കണ്ടിട്ടാകുമെന്നാണ് പൊലീസുകാര്‍ പറഞ്ഞത്; കൊല്ലപ്പെട്ട സിന്ധുവിന്റെ മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2021, 12:22 pm

പണിക്കന്‍കുടി: പൊലീസിനെതിരെ ഗുരുതരാരോപണവുമായി പണിക്കന്‍കുടിയില്‍ കൊല്ലപ്പെട്ട സിന്ധുവിന്റെ ബന്ധുക്കള്‍.

തുടക്കത്തില്‍ തന്നെ പൊലീസ് കുറച്ചുകൂടി കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതിയെ പിടികൂടാന്‍ കഴിയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടുക്കള തറ പുതുതായി പണിതതാണെന്ന മകന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും സഹോദരിയുടെ മകന്‍ പറഞ്ഞു.

അടുക്കള പുതുക്കി പണിതതാണെന്ന് സിന്ധുവിന്റെ മകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തറയില്‍ മണ്ണ് മാറ്റിയ നിലയില്‍ കണ്ടുവെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ഇതില്‍ കൃത്യമായ അന്വേഷണം നടന്നില്ല. പൊലീസ് നായ വന്ന് അടുക്കളത്തറയില്‍ ഇരുന്നപ്പോള്‍, മീന്‍തല കണ്ടിട്ടാകും എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. ബിനോയിയെ സംശയമുണ്ടെന്ന് പറഞ്ഞിട്ടും ഗൗരവത്തിലെടുത്തില്ല എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

സംശയം തോന്നി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബിനോയിയുടെ വീടിന്റെ അടുക്കള കുഴിച്ചുനോക്കിയപ്പോഴാണ് യുവതിയുടെ കൈ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

മൃതദേഹം സ്ത്രീയുടേതാണെന്ന് ഉറപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതോടെ എങ്ങനെയാണ് മരണമെന്ന് വ്യക്തമാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. ഇത് സിന്ധുവിന്റേതാണെന്ന് ഉറപ്പിക്കാനായി ശാസ്ത്രീയ പരിശോധനയും നടത്തും.

മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാല്‍ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ കുഴിയിലാകെ മുളക് പൊടി വിതറിയിരുന്നു. വസ്ത്രം പൂര്‍ണമായും മാറ്റിയിരുന്നു.

വെള്ളിയാഴ്ചയാണ് ഇടുക്കി പണിക്കന്‍കുടിയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ സിന്ധുവിന്റെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസി ബിനോയ് ഒളിവിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

Content Highlights: Sindhu Murder updation,  her son against police