കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി.തോമസിനെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ ജെയ്കിന് പിന്തുണയുമായി മുന്‍ എസ്.എഫ്.ഐ നേതാവ് സിന്ധുജോയ്. ജെയ്കിനും പങ്കാളി ഗീതുവിനുമെതിരെ ഇപ്പോള്‍ നടക്കുന്നത് ഒന്നാന്ത്രം മോബ് ലിഞ്ചിങ്ങാണെന്നും ഇത് മനുഷ്യത്വരഹിതമായ വേട്ടയാടലാണെന്നും സിന്ധു ജോയ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ജെയ്കിനും കുടുംബത്തിനും ഇപ്പോള്‍ ഉപാധിരഹിതമായ പിന്തുണ നല്‍കേണ്ടതുണ്ടെന്നും ആ കുടുംബം ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ അതാണെന്നും എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ സിന്ധുജോയ് പറയുന്നു.
‘രാഷ്ട്രീയ നേതാക്കളും കുടുംബവും മണ്ണ്‌കൊണ്ടോ, ഇരുമ്പ് കൊണ്ടോ നിര്‍മ്മിച്ചതല്ല. അവര്‍ക്കും നോവുന്ന ഹൃദയവും നിറയുന്ന കണ്ണുകളുമുണ്ട്. ഏത് പക്ഷത്തുള്ള രാഷ്ട്രീയക്കാര്‍ക്കും അങ്ങനെ തന്നെയാണ്. തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞു. ഇനിയെങ്കിലും അവരെ വെറുതെ വിടുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രസവത്തിനൊരുങ്ങുന്ന പങ്കാളിയും വൃദ്ധയായ മാതാവും ഒരു മാസത്തോളമായി ഓടിത്തളര്‍ന്ന ജെയ്കുമടങ്ങുന്നതാണ് ആ കുടുംബം. അവര്‍ ഉപാധിരഹിതമായ പിന്തുണ അര്‍ഹിക്കുന്നുണ്ട്,’ സിന്ധുജോയ് പറഞ്ഞു.
സിന്ധുജോയിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇതൊരു ആള്‍ക്കൂട്ടക്കൊലപാതകമാണ്; നല്ല ഒന്നാന്തരം ‘മോബ് ലിഞ്ചിങ്’.
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ സകല മാധ്യമങ്ങള്‍ക്കും കല്ലെറിഞ്ഞു കൊല്ലാനും കൈകൊട്ടിച്ചിരിക്കാനും യോഗ്യനായ ഒരു ഇരയെ ലഭിച്ചിരിക്കുന്നു; മുപ്പത്തിമൂന്നു വയസുള്ള ഒരു ചെറുപ്പക്കാരനെ തന്നെ. അയാള്‍ മാത്രമല്ല, നിറഗര്‍ഭിണിയായ അയാളുടെ ഭാര്യപോലും ഈ ക്രൂരത അനുഭവിക്കുന്നു. മിതമായി പറഞ്ഞാല്‍, മനുഷ്യത്വരഹിതമാണ് ഈ വേട്ടയാടല്‍.
പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ മൂന്നാംവട്ടവും മത്സരിച്ചു തോറ്റതാണോ ജെയ്ക്ക് സി തോമസ് ചെയ്ത അപരാധം? ജനാധിപത്യപ്രക്രിയയുടെ ഭാഗമാണത്; ജയവും തോല്‍വിയുമുണ്ടാകാം. ഇതേ, പുതുപ്പള്ളി മണ്ഡലത്തില്‍ ഞാനും മത്സരിച്ചു തോറ്റതാണ്. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലും മത്സരിച്ചു; അവിടെയും പരാജയപ്പെട്ടു. അന്ന്, സോഷ്യല്‍ മീഡിയ ഇത്രയൊന്നും രൗദ്രഭാവം പ്രാപിച്ചിട്ടില്ലായിരുന്നുവെന്നത് വാസ്തവം. മറ്റു ചിലവയായിരുന്നു അന്നത്തെ ട്രെന്‍ഡ്!
പുതുപ്പള്ളി തെരെഞ്ഞെടുപ്പില്‍ ഇതുവരെ ഒരഭിപ്രായവും ഞാന്‍ പറഞ്ഞിട്ടില്ല. നിരവധി മാധ്യമ സുഹൃത്തുക്കള്‍ ബന്ധപ്പെട്ടിരുന്നു. പക്ഷേ, രാഷ്ട്രീയവിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ തൊഴില്‍പരമായ പരിമിതി ഉള്ളതുകൊണ്ട് പ്രതികരിച്ചില്ല എന്നുമാത്രം.
എങ്കിലും, പത്രങ്ങളിലും ചാനലുകളിലും വരുന്ന വാര്‍ത്തകള്‍ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രായത്തിലേറെ പക്വതയുള്ള യുവനേതാവാണ് ജെയ്ക്ക് സി തോമസ്. അമിത വൈകാരികത ഒരിടത്തും കാണിക്കാത്ത പ്രകൃതം. അയാള്‍ പറയുന്നതത്രയും രാഷ്ട്രീയമാണ്. എനിക്ക് ഏറെ അഭിമാനം തോന്നിയിട്ടുണ്ട് എസ്എഫ്‌ഐയിലെ ഈ പിന്മുറക്കാരന്റെ നിലപാടുകളിലും സ്വഭാവത്തിലും.
ജെയ്ക്കും കുടുംബവും ഇപ്പോള്‍ നമ്മുടെ പിന്തുണയര്‍ഹിക്കുന്നുണ്ട്; മാനസികമായും സാമൂഹികമായുമുള്ള ഉപാധിരഹിതമായ പിന്തുണ തന്നെ. ആ കൊച്ചു കുടുംബം കടന്നുപോകുന്ന അവസ്ഥ അതാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രസവത്തിനൊരുങ്ങുന്ന ഭാര്യ, കഴിഞ്ഞ ഒരു മാസത്തിലേറെ നീണ്ട ഓട്ടപ്പാച്ചിലില്‍ ആകെത്തളര്‍ന്ന ഭര്‍ത്താവ്, വൃദ്ധയായ അമ്മ… ഇതാണ് അയാളുടെ കുടുംബം. മാനസികമായ പിന്തുണ നല്‍കിയില്ലെങ്കിലും അവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക.
രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബാംഗങ്ങളും ഇരുമ്പുകൊണ്ടും മണ്ണുകൊണ്ടും സൃഷ്ടിക്കപ്പെട്ടവരല്ല; അവര്‍ക്കുമുണ്ട് നോവുന്ന ഹൃദയവും നിറയുന്ന കണ്ണുകളും. ഏതു പക്ഷത്തുള്ള രാഷ്ട്രീയ കുടുംബങ്ങള്‍ക്കും ഇത് ബാധകമാണ്. തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞു; ഇനിയെങ്കിലും അവരെ വെറുതെ വിടുക.
സഹിഷ്ണുത കൊണ്ടു കൂടിയാണ് ജനാധിപത്യം സുന്ദരമായൊരു രാഷ്ട്രീയ പ്രക്രിയ ആകുന്നത്. വെറുപ്പിന്റെ ഗോദയില്‍ എതിരാളിയെ മലര്‍ത്തിയടിച്ചശേഷം ഉന്മാദംകൊണ്ട് ആര്‍ത്തട്ടഹസിക്കുന്ന അശ്ലീലമല്ല ജനാധിപത്യം. അല്ലെങ്കില്‍ത്തന്നെ, ‘വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പീടിക തുറക്കാം’ എന്നതാണല്ലോ ജനാധിപത്യ ഇന്ത്യയുടെ പുതിയ മുദ്രാവാക്യം.
CONTENT HIGHLIGHTS: Sindhu Joy supports Jaick c Thomas and family