| Friday, 30th June 2023, 2:03 pm

കൈതോലപ്പായയിലെ തനിക്കെതിരായ പരാമര്‍ശം ദുഷ്ടലാക്കോടെ; ശക്തിധരനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി സിന്ധു ജോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ സി.പി.ഐ.എം നേതാവ് കൈത്തോലപ്പായയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്ന മുന്‍ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ ഫേസ്ബുക്ക് കുറിപ്പില്‍ തനിക്കെതിരെ ഉണ്ടായ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ എസ്.എഫ്.ഐ നേതാവ് സിന്ധു ജോയ്. കഴിഞ്ഞ 11 വര്‍ഷമായി കേരള രാഷ്ട്രീയത്തില്‍ താനില്ലെന്നും എന്നിട്ടും തന്റെ പേര് ഈ നുണക്കഥയില്‍ വലിച്ചിഴക്കുന്നവര്‍ ഒരു പെണ്ണിന്റെ പേരുകേട്ടാല്‍ പോലും സായൂജ്യമടയുന്ന മനോരോഗികളാണെന്നും അവര്‍ പറഞ്ഞു. തനിക്കെതിരെ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ നടന്ന വ്യാജ പ്രചാരണത്തിന് എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കേരളത്തിന് അകത്തും പുറത്തും ഇതിനെതിരെ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ദേശാഭിമാനിയില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ച ഒരു സഖാവ് ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയില്‍ തനിക്കെതിരെയും ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമര്‍ശമുണ്ടായെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന മറ്റൊരു നികൃഷ്ടജീവി തന്റെ പേരും പടവും ചേര്‍ത്ത് മസാലവ്യാപാരത്തിന് ഇറങ്ങിയപ്പോള്‍ കണ്ടില്ലെന്ന് നടിക്കാനായില്ലെന്നും സിന്ധു ജോയ് ഫേസ്ബുക്കില്‍ കുറിച്ചു.

‘സ്വസ്ഥവും ശാന്തവുമായ ഒരു ജീവിതം നയിക്കുന്ന എന്നെ ഇത്തരമൊരു നുണക്കഥയുടെ കയറില്‍കെട്ടി ഇക്കിളി വാര്‍ത്തകളുടെ എച്ചില്‍ക്കൂനയിലേക്ക് വലിച്ചിഴക്കുന്നത് ക്രൂരതയാണ്. ഇത്തരം കീടജന്മങ്ങളെ സംഹരിക്കുന്ന അണുനാശിനികളായി നമ്മുടെ പൊലീസ്, നിയമ സംവിധാനങ്ങള്‍ മാറേണ്ടതാണ്. അല്ലെങ്കില്‍, പൊതുജനം ഈ നീചന്മാരെ പെരുവഴിയില്‍ കൈകാര്യം ചെയ്തുപോയേക്കാം,’ സിന്ധു ജോയ് പറഞ്ഞു.

എസ്.എഫ്.ഐ പ്രവര്‍ത്തകയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയവളാണ് താനെന്നും ബക്കറ്റ് പിരിവ് നടത്തിയും സമരം ചെയ്തും തല്ലുകൊണ്ടും ലോക്കപ്പിലും ജയിലിലും കിടന്നും ഗ്രനേഡ് കൊണ്ട് കാല്‍ തകര്‍ന്നും നിരവധി തവണ പൊലീസ് മര്‍ദനമേറ്റും പൊരുതി ഉയര്‍ന്നവളാണെന്നും അവര്‍ പറഞ്ഞു.

‘ഏറെക്കാലം ഞാന്‍ പ്രവര്‍ത്തിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ എന്നെ അശുദ്ധമാക്കുന്നതൊന്നും ആ പ്രസ്ഥാനത്തില്‍ ആരും ചെയ്തിട്ടില്ല. മഹാരാജാസ് കോളേജില്‍ ഒരു സാധാരണ എസ്.എഫ്.ഐ പ്രവര്‍ത്തകയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയവളാണ് ഞാന്‍. ബക്കറ്റ് പിരിവ് നടത്തിയും സമരം ചെയ്തും തല്ലുകൊണ്ടും ലോക്കപ്പിലും ജയിലിലും കിടന്നും ഗ്രനേഡ് കൊണ്ട് കാല്‍ തകര്‍ന്നും നിരവധി തവണ പൊലീസ് മര്‍ദനമേറ്റും പൊരുതി ഉയര്‍ന്നവളാണ്. ആരുമായും കിടപ്പറ പങ്കിട്ടല്ല ആ പദവികളില്‍ ഞാനെത്തിയത്. അത് കേരളത്തിലെ മനസാക്ഷിയുള്ള ഓരോരുത്തര്‍ക്കുമറിയാം. ചെറുപ്പത്തില്‍ തന്നെ അനാഥയായ എനിക്ക് പാര്‍ട്ടി ഒരു തണലായിരുന്നു. സംരക്ഷണമായിരുന്നു. ആ തണലാണ് എന്നെ ഇത്രയൊക്കെ അനുഭവിച്ചിട്ടും ആത്മഹത്യ ചെയ്യാതെ ജീവിച്ചിരിക്കാന്‍ പ്രാപ്തയാക്കിയത്,’

സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ദുരാരോപണ മാഫിയ തന്നെക്കൂടി അവരുടെ അപവാദ പ്രചരണത്തിനുള്ള ഉല്‍പ്പന്നമാക്കുകയാണെന്ന് അവര്‍ പറഞ്ഞു.

‘ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ദുരാരോപണ മാഫിയ എന്നെക്കൂടി അവരുടെ അപവാദ പ്രചരണത്തിനുള്ള ഉല്‍പ്പന്നമാക്കുകയാണ്. സോറി, നിങ്ങള്‍ക്ക് ആളുതെറ്റിപ്പോയി. ഇത്, സിന്ധു ജോയ് ആണ്. എല്ലാം സഹിക്കാനും ക്ഷമിക്കാനും കരഞ്ഞ് വീട്ടിനുള്ളില്‍ അടച്ചിരിക്കാനും ഇനി എന്നെ കിട്ടില്ല. പണ്ടത്തെ കാലമല്ല ഇത്, പണ്ടത്തെ പെണ്ണുമല്ല ഇന്നത്തെ പെണ്ണ്. പഴയ സിന്ധു ജോയിയുമല്ല ഇത്,’ അവര്‍ പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ചു മുന്നറിയിപ്പ് കൊടുത്ത് മന്ത്രിയും തോഴിയും നക്ഷത്ര ഹോട്ടലില്‍ നിന്ന് മുങ്ങിയത് കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോയുടെ പ്രതിദിന റിപ്പോര്‍ട്ടില്‍ അച്ചടിച്ചുവെച്ചിട്ടുണ്ട്. നായിക ഇന്ന് പാര്‍ട്ടിയില്‍ ഇല്ല. എന്നെക്കൊണ്ട് വായിപ്പിക്കണോ? എന്നായിരുന്നു ശക്തിധരന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നത് ഇതിന് പിന്നാലെ സിന്ധുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘കൈതോലപ്പായ’യുടെ കഥാകാരന്മാരോട്

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഓളം തല്ലുന്ന അത്യന്തം അപകീര്‍ത്തികരമായ ഒരു പൈങ്കിളി വാര്‍ത്തമാനം ഞാന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കാരണമുണ്ട്, അത്തരം വ്യാജവാര്‍ത്ത ഫാക്ടറികള്‍ മറുപടി അര്‍ഹിക്കാത്തവിധം ജുഗുപ്‌സാവഹമാണ്. എനിക്ക് എന്റേതായ ജോലിയും അതിന്റെ ഉത്തരവാദിത്വങ്ങളുമുണ്ട്. ഇത്തരം അമേധ്യവാഹകര്‍ക്കായി പാഴാക്കാനുള്ളതല്ല എന്റെ സമയവും ഊര്‍ജവും എന്ന ബോധ്യവുമുണ്ട്.

പക്ഷെ, ‘ദേശാഭിമാനി’യില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയില്‍ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരെയുള്ള അപവാദം വിറ്റ് ജീവസന്താരണം നടത്തുന്ന മറ്റൊരു നികൃഷ്ടജീവി എന്റെ പേരും പടവും ചേര്‍ത്ത് മസാലവ്യാപാരത്തിന് ഇറങ്ങിയപ്പോള്‍ കണ്ടില്ലെന്ന് നടിക്കാനായില്ല.

ഈ കഥയില്‍ ഞാനെങ്ങനെ നായികയായി എന്ന് നോക്കാം. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ 16 വര്‍ഷം മുന്‍പ് നടന്ന ഒരു ചടങ്ങില്‍ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ചടങ്ങിനുശേഷം സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളും എസ്.എഫ്.ഐ സഖാക്കളും ചേര്‍ന്ന ഒരു സംഘം എറണാകുളം പാലാരിവട്ടത്തുള്ള റിനൈസെന്‍സ് ഹോട്ടലിന്റെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറി. താഴത്തെ നിലയിലെ റെസ്റ്റോറന്റില്‍ ഒഴികെ മറ്റൊരിടത്തും ഞങ്ങളില്‍ ഒരാള്‍ പോലും കയറിയില്ല. മുറിയെടുത്തില്ല. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന സഖാക്കളാരും മരിച്ചിട്ടില്ല, ജീവനോടെയുണ്ട്. അവര്‍ക്കറിയാം ഈ സത്യങ്ങള്‍.

പക്ഷെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ നുണക്കഥ കേരള രാഷ്ട്രീയത്തിലെ മലീമസമായ ജഡിലസ്ഥലികളില്‍ കാതോടു കാതോരം സഞ്ചരിക്കുന്നുണ്ട്. പിന്നീട് എപ്പോഴോ കഥാപശ്ചാത്തലം തിരുവന്തപുരം മസ്‌കറ്റ് ഹോട്ടല്‍ ആക്കി ഇത്തരം ‘സുകൃതികള്‍’ മാറ്റി. ഇക്കിളിക്കഥകളില്‍ അഭിരമിക്കുന്ന ഇത്തിരിക്കുഞ്ഞന്മാര്‍ക്ക് ഇതൊരു വിരുന്നാണ്, സ്വന്തം അമ്മയെയും മകളേയും പെങ്ങളെയും ചേര്‍ത്ത് രതിഭാവന നെയ്യുന്നവരാണ് അവര്‍.

കഴിഞ്ഞ 11 വര്‍ഷമായി കേരളത്തിലെ രാഷ്ട്രീയത്തില്‍ ഞാനോ എന്റെ നിഴല്‍ പോലുമോ ഇല്ല. എന്നിട്ടും എന്റെ പേര് ഈ നുണക്കഥയില്‍ വലിച്ചിഴക്കുന്നവര്‍ ഒരു പെണ്ണിന്റെ പേരുകേട്ടാല്‍ പോലും സായൂജ്യമടയുന്ന മനോരോഗികളാണ്.

ഏറെക്കാലം ഞാന്‍ പ്രവര്‍ത്തിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ എന്നെ അശുദ്ധമാക്കുന്നതൊന്നും ആ പ്രസ്ഥാനത്തില്‍ ആരും ചെയ്തിട്ടില്ല. മഹാരാജാസ് കോളേജില്‍ ഒരു സാധാരണ എസ്.എഫ്.ഐ പ്രവര്‍ത്തകയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയവളാണ് ഞാന്‍. ബക്കറ്റ് പിരിവ് നടത്തിയും സമരം ചെയ്തും തല്ലുകൊണ്ടും ലോക്കപ്പിലും ജയിലിലും കിടന്നും ഗ്രനേഡ് കൊണ്ട് കാല്‍ തകര്‍ന്നും നിരവധി തവണ പൊലീസ് മര്‍ദനമേറ്റും പൊരുതി ഉയര്‍ന്നവളാണ്. ആരുമായും കിടപ്പറ പങ്കിട്ടല്ല ആ പദവികളില്‍ ഞാനെത്തിയത്. അത് കേരളത്തിലെ മനസാക്ഷിയുള്ള ഓരോരുത്തര്‍ക്കുമറിയാം. ചെറുപ്പത്തില്‍ തന്നെ അനാഥയായ എനിക്ക് പാര്‍ട്ടി ഒരു തണലായിരുന്നു. സംരക്ഷണമായിരുന്നു. ആ തണലാണ് എന്നെ ഇത്രയൊക്കെ അനുഭവിച്ചിട്ടും ആത്മഹത്യ ചെയ്യാതെ ജീവിച്ചിരിക്കാന്‍ പ്രാപ്തയാക്കിയത്.

ഇന്നെനിക്ക് ഒരു കുടുംബമുണ്ട്, ഭര്‍ത്താവുണ്ട്. സ്വസ്ഥവും ശാന്തവുമായ ഒരു ജീവിതം നയിക്കുന്ന എന്നെ ഇത്തരമൊരു നുണക്കഥയുടെ കയറില്‍കെട്ടി ഇക്കിളി വാര്‍ത്തകളുടെ എച്ചില്‍ക്കൂനയിലേക്ക് വലിച്ചിഴക്കുന്നത് ക്രൂരതയാണ്. ഇത്തരം കീടജന്മങ്ങളെ സംഹരിക്കുന്ന അണുനാശിനികളായി നമ്മുടെ പൊലീസ്, നിയമ സംവിധാനങ്ങള്‍ മാറേണ്ടതാണ്. അല്ലെങ്കില്‍, പൊതുജനം ഈ നീചന്മാരെ പെരുവഴിയില്‍ കൈകാര്യം ചെയ്തുപോയേക്കാം.

ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ‘ദുരാരോപണ മാഫിയ’ എന്നെക്കൂടി അവരുടെ അപവാദ പ്രചരണത്തിനുള്ള ഉല്‍പ്പന്നമാക്കുകയാണ്. സോറി, നിങ്ങള്‍ക്ക് ആളുതെറ്റിപ്പോയി. ഇത്, സിന്ധു ജോയ് ആണ്. എല്ലാം സഹിക്കാനും ക്ഷമിക്കാനും കരഞ്ഞ് വീട്ടിനുള്ളില്‍ അടച്ചിരിക്കാനും ഇനി എന്നെ കിട്ടില്ല. പണ്ടത്തെ കാലമല്ല ഇത്, പണ്ടത്തെ പെണ്ണുമല്ല ഇന്നത്തെ പെണ്ണ്. പഴയ സിന്ധു ജോയിയുമല്ല ഇത്.

എന്നെ അതിശയിപ്പിക്കുന്നത്, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഘോരഘോരം പറയുന്ന പലരും സോഷ്യല്‍ മീഡിയയിലെ ഈ അമേദ്യം ഷെയര്‍ ചെയ്തും കമന്റ് ചെയ്തും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. നിങ്ങള്‍ക്കും അമ്മപെങ്ങന്മാരില്ലേ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.
യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ നടക്കുന്ന ഈ ദുഷ്ടപ്രചാരണം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പരിധിയില്‍ വരും. Cyber Stalking ആണ് അത്. ഇന്ത്യയിലും വിദേശത്തും സാധ്യമായ എല്ലാ നിയമ സംവിധാനങ്ങളും ഉപയോഗിച്ചും ഇതിനെ നേരിടാനാണ് എന്റെ തീരുമാനം. സോഷ്യല്‍ മീഡിയയില്‍ എന്റെ പേര് പരാമര്‍ശ വിധേയമാകുന്ന ഏതു പോസ്റ്റും ഫ്‌ലാഗ് ചെയ്യപ്പെടുന്ന വിധത്തില്‍ ഒരു സൈബര്‍ ടീം എന്റെ സഹായത്തിനുണ്ട്.

എനിക്കെതിരെ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ നടന്ന വ്യാജ പ്രചാരണത്തിന് എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിക്കഴിഞ്ഞു. കേരളത്തിന് അകത്തും പുറത്തും ഇതിനെതിരെ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

പ്രൊഫൈല്‍ ലോക്ക് ചെയ്തും വ്യാജ പ്രൊഫൈല്‍ ചമച്ചും കമന്റ് ഇട്ടും ഷെയര്‍ ചെയ്തും സഹായിക്കുന്ന ‘ചങ്ങാതി’മാരുടെ ഐപി അഡ്രസ് പൊക്കാനും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

ഒരു സ്ത്രീ രാഷ്ട്രീയത്തില്‍ ഉയര്‍ന്നാല്‍ അവരൊക്കെ കിടപ്പറ പങ്കിടുന്നവരാണെന്ന ആ തോന്നലിനാണ് ആദ്യം ചികിത്സ വേണ്ടത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യേണ്ടിവരും, ഭക്ഷണം കഴിക്കേണ്ടിവരും. അതിനെയെല്ലാം ലൈംഗികതയുടെ മഞ്ഞക്കണ്ണടയിലൂടെ കാണുന്നവരോട് ഇനി യാതൊരു അനുഭാവവും പാടില്ല.

എനിക്കുവേണ്ടി മാത്രമല്ല എന്റെ പോരാട്ടം; രാഷ്ട്രീയത്തിന്റെ പൊതുധാരയിലേക്ക് ഇനിയും ഇറങ്ങിവരേണ്ട ഓരോ സഹോദരിമാര്‍ക്കും വേണ്ടിക്കൂടിയാണ്. യൂട്യുബിലും ഫേസ്ബുക്കിലും ക്ലിക്കും റീച്ചും കിട്ടാനും അതുവഴി പണപ്പെട്ടി നിറക്കാനുംവേണ്ടി ഏതു പെണ്ണിന്റെയും അടിവസ്ത്രത്തിലെ കറ തിരയുന്ന നികൃഷ്ട ജന്മങ്ങള്‍ക്കുള്ള അന്ത്യശാസനം കൂടിയാണ് ഇത്. രാഷ്ട്രീയ നേതാക്കളുടെ പെണ്മക്കളായി ജനിച്ചുപോയതുകൊണ്ടു മാത്രം അപവാദം നേരിടേണ്ടിവരുന്ന ചില ജീവിതങ്ങള്‍ക്കു വേണ്ടിക്കൂടിയാണ് ഇത്.

ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമാണ് ഇത്, സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. ഇനിയുമൊരു സ്ത്രീക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. നിങ്ങള്‍ കൂടെയുണ്ടാകണം. ഈ പോരാട്ടത്തില്‍ നമുക്ക് ഈ അഭിനവ ഗോലിയാത്തുമാരുടെ നെറ്റിത്തടം തകര്‍ക്കണം. കൂട്ടരേ, ഒപ്പമുണ്ടാവുക നിങ്ങള്‍.

Content Highlight: sindhu joy reacted to G Shakthidharan post

We use cookies to give you the best possible experience. Learn more