തിരുവനന്തപുരം: വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് സിന്ധു ജോയ്. വിവാഹം കഴിക്കാന്‍ പോകുന്നത് ഉറ്റ സുഹൃത്തിനെയാണെന്നതാണ് ഏറ്റവും സന്തോഷമെന്നും അതുകൊണ്ടുതന്നെ ടെന്‍ഷനില്ലെന്നും സിന്ധു ജോയ് പറയുന്നു.
ഒരുവര്‍ഷം മുമ്പ് സഭയുടെ ഒരു പരിപാടിയില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അന്നുതൊട്ട് നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു. മൂന്നുമാസം മുമ്പാണ് വിവാഹം കഴിക്കാനുള്ള തീരുമാനങ്ങള്‍ എടുക്കുന്നത്.
ഏകാന്തത അനുഭവിക്കുന്ന രണ്ടുപേര്‍ ഒന്നിക്കാന്‍ തീരുമാനിക്കുന്നതാണ് ഈ വിവാഹം. അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു. പക്ഷേ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായില്ല, ഭാര്യ മരിക്കുകയായിരുന്നു. ഭാര്യ മരിച്ചതോടെ അദ്ദേഹം ആകെ തകര്‍ന്നു,
ആ വിഷമത്തില്‍ ഒരു പുസ്തകമൊക്കെ എഴുതിയിരുന്നു. ആ പുസ്തകം വായിച്ചതോടെ എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നിയിരുന്നു. ഇതേസമയത്ത് ഞാന്‍ എന്റെ അമ്മയെക്കുറിച്ചെഴുതിയ ഒരു അനുസ്മരണക്കുറിപ്പ് അദ്ദേഹവും വായിച്ചിരുന്നു. അങ്ങനെയാണ് നഷ്ടങ്ങളില്‍ വേദനിക്കുന്ന രണ്ടുപേര്‍ ഒന്നിച്ചാലോ എന്ന് അദ്ദേഹം ആലോചിക്കുന്നതെന്നും സിന്ധു ജോയ് പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിന്ധു ജോയ്.
വിവാഹത്തെക്കുറിച്ച് അങ്ങനെ പ്രത്യേകിച്ച് സങ്കല്‍പങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. രണ്ടുവര്‍ഷമായി എനിക്കു വിവാഹ ആലോചനകള്‍ വരുന്നുണ്ട്, പക്ഷേ വരുന്നവരെല്ലാം ഒട്ടേറെ നിബന്ധനകളുടെയും കാര്‍ക്കശ്യങ്ങളുടെയും ലിസ്റ്റുമായിട്ടായിരിക്കും വരുന്നത്.
അത്തരക്കാരോട് ഒത്തുപോകാന്‍ എനിക്കു പറ്റില്ല. വ്യക്തിത്വത്തിനും സ്വാതന്ത്രത്തിനും കടിഞ്ഞാണ്‍ ഇടാത്ത ഒരു സാധുവായ വ്യക്തിയാണ് അദ്ദേഹം. ഒപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എന്നെപ്പോലെ തന്നെ തല്‍പരനുമാണ്.
അദ്ദേഹം കുറച്ചു ശാന്തസ്വഭാവക്കാരനും ഞാന്‍ അല്‍പം വായാടിയുമാണ്. അതുകൊണ്ട് ഈ കോംബിനേഷന്‍ രസകരമായിരിക്കുമെന്ന് കുറേപേര്‍ പറഞ്ഞെന്നും സിന്ധു ജോയ് പറയുന്നു.
വിവാഹശേഷം അദ്ദേഹത്തോടൊപ്പം ലണ്ടനില്‍ പോകാന്‍ തന്നെയാണ് തീരുമാനം. എന്നുകരുതി കേരളത്തിലേക്ക് ഇല്ലെന്നല്ല. അങ്ങനെ പൂര്‍ണമായും ഒരു പറിച്ചുനടല്‍ സാധ്യമല്ലല്ലോയെന്നും സിന്ധു ജോയ് ചോദിക്കുന്നു.