വിജയശതമാനം കുറയുമെന്ന് പറഞ്ഞ് മകനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു; പണം തിരികെ തന്നില്ല; ബസേലിയോസ് സ്‌കൂളില്‍ നിന്നുള്ള അനുഭവം പങ്കുവെച്ച് സിന്‍സി അനില്‍
Kerala News
വിജയശതമാനം കുറയുമെന്ന് പറഞ്ഞ് മകനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു; പണം തിരികെ തന്നില്ല; ബസേലിയോസ് സ്‌കൂളില്‍ നിന്നുള്ള അനുഭവം പങ്കുവെച്ച് സിന്‍സി അനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th October 2022, 11:47 pm

കൊച്ചി: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിച്ച സ്‌കൂള്‍ അധികൃതരില്‍ നിന്ന് മുമ്പുണ്ടായ മോശം അനുഭവം പങ്കുവെച്ച് സാമൂഹിക നിരീക്ഷക സിന്‍സി അനില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

അപകടം നടന്ന കുട്ടികള്‍ പഠിച്ച മുളന്ത്തുരുത്തി ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലാണ് തന്റെ മകനെ ചേര്‍ത്തിരുന്നതെന്നും എന്നാല്‍ 100 ശതമാനം വിജയമുള്ള സ്‌കൂള്‍ ആണെന്നും മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തനായ തന്റെ കുട്ടി അവിടെ പഠിക്കുന്നത് വിജയശതമാനം കുറക്കുമെന്ന് പറഞ്ഞ് മകനെ സ്‌കൂളില്‍ നിന്ന് മാറ്റണമെന്ന് അധികൃകര്‍ പറഞ്ഞെന്നും സിന്‍സി പറഞ്ഞു. അഡ്മിഷന്‍ എടുത്തപ്പോള്‍ വാങ്ങിയ പണം തിരികെ തന്നില്ലെന്നും സിന്‍സി കുറിച്ചു. കുറവുകളുള്ള കുഞ്ഞുങ്ങളെ നിര്‍ബന്ധിത ടി.സി നല്‍കുന്നത് തടയപ്പെടേണ്ടതാണെന്നും സിന്‍സി പറഞ്ഞു.

സിന്‍സി അനില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മകനെ ആദ്യം ചേര്‍ത്തത്. 2011 ല്‍ എല്‍.കെ.ജിയില്‍ അവന് അഡ്മിഷന്‍ എടുക്കുന്ന കാലത്ത് ഞാനും അവനും ജീവിതത്തിലെ ഏറ്റവും വലിയ കനല്‍ വഴികള്‍ ചവിട്ടുന്ന സമയം ആയിരുന്നു. അവന് രണ്ട്‌വയസുള്ളപ്പോള്‍ ആണ് അവന്റെ കുറവുകളെ കുറിച്ചു എനിക്ക് വ്യക്തത വന്നത്. അപ്പോഴേക്കും ജീവിതത്തില്‍ അവനും ഞാനും തനിച്ചായിരുന്നു.

മൈസൂര്‍ അവനെ കാണിക്കുന്നിടത്തു നിന്നും കിട്ടിയ നിര്‍ദേശം അവനെ സാധാരണ സ്‌കൂളില്‍ തന്നെ ചേര്‍ക്കണം. മാറ്റം വരും എന്നതായിരുന്നു.
ഞാന്‍ അവന്റെ കൈയും പിടിച്ചു ഒറ്റയ്ക്ക് ജീവിക്കാനിറങ്ങുമ്പോള്‍ എന്റെ കൈയില്‍ കുറച്ച് സ്വര്‍ണവും ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റും മാത്രമായിരുന്നു

Ophthalmology പഠിക്കുന്നത് ബാങ്കില്‍ നിന്നും വിദ്യാഭ്യാസ വായ്പ എടുത്താണ്…
എന്റെ എല്ലാ തീരുമാനങ്ങള്‍ക്ക് കൂടെ നിന്ന മാതാപിതാക്കളെ സാമ്പത്തികമായും ബുദ്ധിമുട്ടിക്കരുത് എന്നത് എന്റെ തീരുമാനമായിരുന്നു…
ആ സമയത്ത് ആണ് മകനെ ആ സ്‌കൂളിലേക്ക് കൊണ്ട് പോകുന്നത്…
അന്ന് ഇല്ലാത്ത പൈസ എങ്ങനെയൊക്കെയോ ഉണ്ടാക്കി നാട്ടിലെ മികച്ച സ്‌കൂളില്‍ തന്നെ അവനെ ചേര്‍ക്കാന്‍ തീരുമാനിച്ചു…
അങ്ങനെ മാനേജര്‍ അച്ഛനെ കണ്ടു അവന്റെ കുറവുകള്‍ കൃത്യമായി പറഞ്ഞ് അവന് ആ സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തു…
മറ്റുള്ള കുട്ടികളില്‍ നിന്നും വാങ്ങിയതില്‍ അധികം പൈസയും എനിക്ക് അവിടെ കൊടുക്കേണ്ടി വന്നു… അതിന് കാരണം കുറവുകള്‍ ഉള്ള കുട്ടിയും അമേരിക്കന്‍ പശ്ചാത്തലം ഉള്ള കുടുംബവും ആയിരുന്നിരിക്കണം…
ഞായര്‍ ആഴ്ചകളില്‍ നേത്ര പരിശോധന ക്യാമ്പ് നു പോയും സ്വര്‍ണം പണയം വച്ചും എനിക്ക് കിട്ടുന്ന ലോണ്‍ എമൗണ്ടില്‍ നിന്നുമൊക്കെ അഡ്ജസ്റ്റ് ചെയ്തു അങ്ങനെ എല്‍.കെ.ജി, യു.കെ.ജി രണ്ട് വര്‍ഷം… ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ്… അവിടെ അവനെ പഠിപ്പിച്ചു….
അധ്യാപകര്‍ക്ക് ഒക്കെയും അവന്‍ പ്രിയപ്പെട്ട കുഞ്ഞാണ്…ഇന്നും അവനെ അന്വേഷിക്കുന്ന അധ്യാപകര്‍ അവിടെയുണ്ട്…

ഒന്നാം ക്ലാസ് തീരാറായപ്പോള്‍ ഒരു ദിവസം മടിച്ചു മടിച്ചു ക്ലാസ് ടീച്ചര്‍ എന്നോട് പറഞ്ഞു…
‘ഷോണിനെ രണ്ടാം ക്ലാസ്സിലേക്ക് തുടരാന്‍ അനുവദിക്കണ്ട എന്നാണ് മാനേജുമെന്റ് അറിയിച്ചിരിക്കുന്നത്…അച്ചനെ ഒന്ന് കണ്ടു സംസാരിക്കു…’
അപ്പോള്‍ തന്നെ ഞാന്‍ മാനേജര്‍ അച്ചനെ വിളിച്ചു.. നാലാം ക്ലാസ്സു വരെ എങ്കിലും മകനെ അവിടെ പഠിപ്പിക്കാന്‍ അനുവദിക്കണം… എന്ന് ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു…
100 % വിജയം ഉള്ള സ്‌കൂള്‍ ആണെന്നും ആ കുട്ടി അവിടെ പഠിക്കുന്നത് അവരുടെ സ്‌കൂളിന് വിജയശതമാനം കുറയ്ക്കുമെന്നും അതിനാല്‍ അവിടെ നിന്നും മാറ്റിയെ പറ്റു എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു….
അവന്റെ വിദ്യാഭ്യാസ ജീവിതത്തിലെ ഒരിക്കലും എനിക്ക് മറക്കാന്‍ പറ്റാത്ത അവഗണന ആയിരുന്നു അത്…
നേരിട്ട് പോയി ഞാനും അവനും ആയിരിക്കുന്ന അവസ്ഥ ഞാന്‍ അച്ചനോട് സംസാരിച്ചു…
സ്‌കൂളില്‍ അഡ്മിഷന്‍ തരണം എന്നതല്ല…12 ക്ലാസ്സ് വരെ പഠിക്കാന്‍ എന്ന് പറഞ്ഞു അഡ്മിഷന്‍ കൊടുത്തപ്പോള്‍ വാങ്ങിയ പണത്തില്‍ കുറച്ചെങ്കിലും തിരികെ തരണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു….
അതിന് അദ്ദേഹം തയ്യാറായില്ല…

 

അത് ഞങ്ങളുടെ ജീവിതത്തില്‍ അന്ന് വരെ ഏറ്റുകഴിഞ്ഞ അടികളില്‍ വളരെ ചെറുതായത് കൊണ്ട് പ്രതികരിക്കാനോ പ്രതിഷേധിക്കാനോ നില്കാതെ ഞാന്‍ അവനെയും കൈ പിടിച്ചു അവിടെ നിന്ന് ഇറങ്ങി….
ഒരു ഐഡഡ് സ്‌കൂളില്‍ അവനെ രണ്ടാം ക്ലാസ്സില്‍ ചേര്‍ത്തു.

അവന്‍ ബസ് സ്റ്റോപ്പില്‍ നില്‍കുമ്പോള്‍ ബസെലിയോസ് ന്റെ വണ്ടി പോകുമ്പോള്‍ അവന്‍ കരയുമായിരുന്നു….അതു കണ്ടെന്റെ ഹൃദയം മുറിയുമെങ്കിലും ഞാന്‍ അതു കാണാത്ത മട്ടില്‍ നില്കും….
പല വട്ടമായപ്പോള്‍ ഞാന്‍ അവനോട് നുണ പറഞ്ഞു…. അമ്മയുടെ കൈയില്‍ മോനെ അവിടെ പഠിപ്പിക്കാനുള്ള പൈസ ഇല്ല…അവിടെ ഭയങ്കര ഫീസാണ്..പാവം അവന്‍ അങ്ങനെ അതു അംഗീകരിച്ചു….
പുതിയ സ്‌കൂളില്‍ ഷൂസ് ഒന്നും ആവശ്യമില്ലാതിരുന്നിട്ട് കൂടി അവന്‍ ബാസെലിയോസ് ല്‍ പോയത് പോലെ തന്നെ ഷൂസ് ഒക്കെ ഇട്ടു പോകുമായിരുന്നു…

ആ സ്‌കൂളിന്റെ ചിട്ടകളില്‍ ഒക്കെ അവന്‍ വളരെ കംഫര്‍ട്ട് ആയിപോയിരുന്നു…അവനതൊന്നും മാറ്റാന്‍ പറ്റുമായിരുന്നില്ല…ഞാന്‍ നിര്‍ബന്ധിച്ചുമില്ല..
അവന്റെ അവിടുത്തെ ബസ് ഡ്രൈവര്‍ ചിന്നന്‍ ചേട്ടനെയും ദിവ്യ ടീച്ചറെയും ഒക്കെ ഇന്നും അവന്‍ പറയും…കാണുമ്പോള്‍ ഓടിചെല്ലും…സംസാരിക്കും…
രണ്ടു കൊല്ലം മുന്‍പ് ഞങ്ങള്‍ വീട് പണിതു മാറുമ്പോള്‍ സ്‌കൂള്‍ വീണ്ടും മാറേണ്ടി വന്നപ്പോള്‍ അവന്‍ വീണ്ടും എന്നോട് ചോദിച്ചു….

ഇപ്പോള്‍ അമ്മയ്ക്ക് പൈസ ഉണ്ടല്ലോ… ഇനി എന്നെ ബാസെലിയോസ് ല്‍ ചേര്‍ക്കുമോ എന്ന്…ദൂരമല്ലേ മോനെ… ഇതല്ലേ എളുപ്പം എന്ന് പറഞ്ഞ് അവനെ ഞാന്‍ ഒഴിവാക്കി….
ഞാന്‍ ഇന്നും അവനോട് പറഞ്ഞിട്ടില്ല…നിന്നെ വേണ്ടാത്ത സ്‌കൂള്‍ മാനേജ്‌മെന്റ് ആണ് അതെന്ന്….
അപകടം നടന്ന വാര്‍ത്ത അറിഞ്ഞു അവന്‍’ എന്റെ സ്‌കൂള്‍” എന്ന് പറഞ്ഞ് ഒത്തിരി വിഷമിക്കുന്നത് കണ്ടു….
ഇന്നെനിക്ക് അവനെ അവിടെ പഠിപ്പിക്കാത്തത്തില്‍ ഒരു സങ്കടവുമില്ല… അത്രയേറെ കരുതല്‍ ഉള്ള അധ്യാപകര്‍ ഉള്ള സ്‌കൂളില്‍ ആണ് അവന്‍ പഠിക്കുന്നത്….
വിദ്യാഭ്യാസം എന്നത് കച്ചവടം മാത്രമായി കൊണ്ടിരിക്കുന്നത് പുതുമയല്ല..അതിനെ കുറിച്ച് ഒന്നും പറയാനും ആഗ്രഹിക്കുന്നില്ല…

പക്ഷെ പൗരോഹിത്യം എന്നത് വളരെ വിലയേറിയ വാക്കാണ്…ആ വാക്കിന്റെ മഹത്മ്യം കാത്തു സൂക്ഷിക്കാന്‍ ഇനിയും ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു….
ഓര്‍ത്തഡോക്ള്‍സ് സഭ കമ്മിഷനെ വച്ചു അപകടം എങ്ങനെ നടന്നു എന്ന് അന്വേഷിക്കുന്നു എന്നൊരു വാര്‍ത്ത കണ്ടു….
ചോദ്യം ഓര്‍ത്തഡോക്ള്‍സ് സഭയോടാണ്.

അപകടം നടന്നത് അന്വേഷിക്കാന്‍ ഇവിടെ നിയമ സംവിധാനങ്ങള്‍ ഇല്ലേ?
സഭയുടെ കീഴിലുള്ള സ്‌കൂളുകളുടെ മാനേജ്‌മെന്റ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതല്ലേ പ്രധാനം.
എന്റെ മകന്റെത് പോലുള്ള സാഹചര്യങ്ങള്‍ വരുമ്പോള്‍ മനുഷ്യത്വം എന്നതല്ലേ ആദ്യം പരിഗണിക്കേണ്ടത്.
അത്തരം സന്നര്‍ഭങ്ങളില്‍ ഒരു വ്യക്തിയുടെ താല്പര്യങ്ങള്‍ക്ക് മാത്രമായി തീരുമാനങ്ങള്‍ ഉണ്ടാക്കുന്നത് തടയപ്പെടേണ്ടതല്ലേ? കുറവുകള്‍ ഉള്ള കുഞ്ഞുങ്ങളെ നിര്‍ബന്ധിത ടിസി നല്‍കുന്നത് തടയപ്പെടേണ്ടതല്ലേ?

NB അന്നത്തെ മാനേജര്‍ അച്ചന്‍ ആണോ ഇന്ന് എന്നത് എനിക്ക് അറിയില്ല. ഞാന്‍ ആ സ്‌കൂളിന്റെ മുന്നിലൂടെ പോയാലും അവിടേക്ക് നോക്കാറില്ല.. എന്റെ മകനെ വേണ്ട എന്ന് പറഞ്ഞ ഒരു സ്‌കൂളിന്റെ ഒരു കാര്യവും ഞാന്‍ പിന്നീട് അന്വേഷിച്ചിട്ടുമില്ല.

CONTENT HIGHLIGHTS:  Sincy Anil shared her previous bad experience from the school authorities where the accident students attended in Vadakancherry