| Tuesday, 22nd November 2022, 11:53 pm

ജിയോ ബേബി നല്ല അസ്സല്‍ കുടിയനായിട്ടുണ്ട്; സിനിമയിലേ ക്യാമറയുടെ ഇളക്കം എന്റെ തലയുടെ ഇളക്കം കൊണ്ട് ബാലന്‍സ്ഡായതാവും: സിന്‍സി അനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിയോ ബേബി സംവിധാനം ചെയ്ത ശ്രീധന്യ കാറ്ററിങ് സര്‍വീസ് തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം കണ്ട് ഇപ്പോഴും നിരവധി ആളുകള്‍ അഭിപ്രായങ്ങള്‍ കുറിക്കുന്നുണ്ട്. ചിത്രത്തിനേക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സിന്‍സി അനില്‍.

പലതരം അഭിപ്രായങ്ങള്‍ കേട്ട് മുന്‍വിധിയാല്ലാതെയാണ് താന്‍ ചിത്രം കണ്ടതെന്നും ചിത്രത്തിലേ ഒരോ വ്യക്തികളെയും തനിക്ക് റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. സിനിമയില്‍ കുറച്ച് സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവരെ തീര്‍ത്തും ഇന്‍ഡിപെന്‍ഡഡ് ആയ കരുത്തുറ്റ സ്ത്രീകളായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും സിന്‍സിയുടെ കുറിപ്പില്‍ പറയുന്നുണ്ട്.

ചിത്രത്തേക്കുറിച്ച് പലരും ഉന്നയിച്ച വിമര്‍ശനമായ ക്യാമറയുടെ ഇളക്കം ഒന്നും തനിക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയില്ലെന്നും ഇനി തന്റെ തലയുടെ ഇളക്കം കൊണ്ട് ബാലന്‍സ്ഡ് ആയതാണോ എന്ന് സംശയം ഉണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

”ശ്രീധന്യ കാറ്ററിങ് സര്‍വീസ് എന്ന ജിയോ ബേബിയുടെ സിനിമ കാണുകയായിരുന്നു. പലതരം അഭിപ്രായങ്ങള്‍ കേട്ടിട്ട് യാതൊരു മുന്‍വിധിയും ഇല്ലാതെ മനസ് ശൂന്യമാക്കിയാണ് കാണാന്‍ ഇരുന്നത്. ആദ്യം മുതല്‍ അവസാനം വരെയും മുഖത്ത് ഒരു ചിരി നിറഞ്ഞു നിന്നിരുന്നു. അതില്‍ ഒരു കാരണം എന്റെ നാടും നാട്ടുകാരും ഒക്കെ അതില്‍ ജീവിക്കുന്നുണ്ടായിരുന്നു.

ഓരോ വ്യക്തികളെയും അവിടെ എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നു. ഒരു കൂട്ടുകാരന്റെ കുട്ടിയുടെ പിറന്നാളിന് കുറച്ച് പേര് ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കിയ കഥയാണ്. ഒരു ആഘോഷം ഒക്കെ വരുമ്പോള്‍ കുറച്ച് കാലം മുന്നേ വരെ ഇങ്ങനെ ഒക്കെയായിരുന്നു നമ്മുടെ നാട്ടില്‍. ഒറ്റ ദിവസത്തെ കഥയാണ്. പക്ഷെ കുറെയധികം പേരുടെ ജീവിതസാഹചര്യങ്ങളിലൂടെ നമ്മള്‍ കടന്നു പോകും.

ഏറ്റവും അഭിമാനം തോന്നിയത് ഒരു കാര്യത്തിലാണ്. ആ സിനിമയില്‍ കുറച്ച് സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. അവരെ തീര്‍ത്തും ഇന്‍ഡിപെന്‍ഡഡ് ആയ കരുത്തുറ്റ സ്ത്രീകളായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. നീ നിന്റെ കുഞ്ഞിന്റെ പിറന്നാളിന് എന്ത് വേണേലും ഉണ്ടാക്കിക്കോ എന്നോട് കാശ് ചോദിച്ചേക്കരുത് എന്ന് പറയുന്ന പ്രായമായ മുത്തശ്ശി പോലും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം വിളിച്ചു പറയുന്നുണ്ടായിരുന്നു.

രാത്രിയില്‍ ബുള്ളറ്റ് ഓടിച്ചു വരുന്ന പെണ്‍കുട്ടിയെയും രാത്രി നടുറോഡില്‍ അത് കേടാകുമ്പോള്‍ നന്നാക്കാന്‍ വരുന്ന പെണ്‍കുട്ടിയെയും ഒക്കെ അഭിമാനത്തോടെ കണ്ടിരുന്നു. ഫീല്‍ ഗുഡ് മൂവി എന്ന് തന്നെ പറയാവുന്ന ഒരു കൊച്ചു സിനിമ. ക്യാമറയുടെ ഇളക്കം ഒന്നും എനിക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയില്ല. ഇനി എന്റെ തലയുടെ ഇളക്കം കൊണ്ട് ബാലന്‍സ്ഡ് ആയതാണോ എന്ന് സംശയം ഉണ്ട്?

ഇതിന്റെ സംവിധായകന്‍ ജിയോ ബേബി ആണെന്ന് പറയപ്പെടുന്നു. നല്ല അസ്സല്‍ കുടിയനായിട്ട് അങ്ങേരു ഈ ചിത്രത്തില്‍ ജീവിക്കുന്നുണ്ട്.
അപ്പോള്‍ എന്റെ സംശയം. സത്യത്തില്‍ ആരാണ് ഈ സിനിമയുടെ സംവിധായകന്‍,” സിന്‍സി അനില്‍ കുറിച്ചു.

അതേസമയം, ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കാതലിന്റെ ഷൂട്ട് പൂര്‍ത്തിയായി.
ചിത്രത്തിലെ മമ്മൂട്ടിയുടെയും ജ്യോതികയുടെയും ഭാഗങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മമ്മൂട്ടിയുടെ ഭാഗങ്ങളാണ് ആദ്യം തീര്‍ത്തത്. ജ്യോതികക്കൊപ്പം ബിരിയാണി വിളമ്പിയാണ് മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിലെ അവസാനം ദിവസം ആഘോഷിച്ചത്.

മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18ന് ആണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

content highlight: sincy anil about sreedhanya catering service movie

We use cookies to give you the best possible experience. Learn more