ന്യൂദല്‍ഹി: ഏകീകൃത ജി.എസ്.ടി നിരക്ക് ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച് ഈ ആശയത്തെ പാടെ അവഗണിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തു കൊണ്ടാണ് ഇപ്പോള്‍ ഇത്തരം ഒരു തീരുമാനം എടുക്കാന്‍ തയ്യാറായി എന്ന് ചിദംബരം ചോദിക്കുന്നു.
12 ശതമാനത്തിന്റേയും 18 ശതമാനത്തിന്റേയും ഇടയ്ക്കുള്ള ഏകീകൃത നിരക്കിലേക്ക് രാജ്യത്തെ ജി.എസ്.ടി നിരക്കുകള്‍ എത്തിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. 28 ശതമാനം ജി.എസ്.ടി ആഡംബര ചരക്കുകള്‍ക്ക് മാത്രമായി ചുരുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജി.എസ്.ടി നടപ്പില്‍ വരുത്തിയത് മുതല്‍ ഏകീകൃത ജി.എസ്.ടി നിരക്ക് കോണ്‍ഗ്രസിന്റെ ആവശ്യമായിരുന്നെന്നും എന്നാല്‍ ഇത് അസാധ്യമാണെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നെന്ന് ചിദംബരം തന്റെ ട്വീറ്റില്‍ പറയുന്നു. “ഇന്നലെ വരെ ഏകീകൃത ജി.എസ്.ടി നിരക്ക് അസാധ്യമായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ കോണ്‍ഗ്രസ് മുന്നോട്ടു വെച്ച ഈ ആശയം കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നു”- അദ്ദേഹം തന്റെ ട്വീറ്റില്‍ പറഞ്ഞു.
ജി.എസ്.ടിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ധിച്ച നികുതി നിരക്കുകള്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായതിനെ തുടര്‍ന്ന് ജി.എസ്.ടി നിരക്കുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. 28 ശതമാനം ജി.എസ്.ടി സ്ലാബില്‍ പെടുന്ന നിരവധി വസ്തുക്കളെ 18, 12 ശതമാനം ജി.എസ്.ടി നിരക്കിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു.