| Saturday, 19th June 2021, 11:23 am

ജമ്മു കശ്മീരില്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

അടുത്തയാഴ്ചയായിരിക്കും കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രത്തിന്റെ നീക്കം.

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) അധ്യക്ഷ മെഹബൂബ മുഫ്തി ജൂണ്‍ 24 ന് ന്യൂദല്‍ഹിയില്‍ ”ഉന്നത നേതൃത്വവുമായി” ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതായി അറിയിച്ചിട്ടുണ്ട്.

എന്നാല്‍, പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

എട്ട് ദിവസം മുമ്പ്, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും പി.എ.ജി.ഡി. അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിരുന്നു.

തങ്ങള്‍ വാതിലുകളോ അവസരങ്ങളോ അടച്ചിട്ടില്ലെന്നും കേന്ദ്രം ക്ഷണിച്ചാല്‍ ആ സമയത്ത് തീരുമാനിക്കുമെന്നുമാണ് ജൂണ്‍ 10 ന് നടന്ന പി.എ.ജി.ഡിയുടെ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞത്.

അതേസമയം, ജമ്മു കശ്മീരിലെ വികസനവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച രണ്ട് ഉന്നതതല യോഗങ്ങള്‍ നടത്തിയിരുന്നു.

ജമ്മു കശ്മീരിന്റെ സമഗ്ര വികസനമാണ് മോദി സര്‍ക്കാരിന്റെ മുന്‍ഗണനയെന്നായിരുന്നു യോഗത്തിന് ശേഷം അമിത് ഷാ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Since split, first key political move: Centre calls all-party meet on J&K delimitation

We use cookies to give you the best possible experience. Learn more