| Sunday, 22nd October 2023, 6:54 pm

യു.പിയിൽ യോഗി ഭരണത്തിൽ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് 190 പേർ; ആകസ്മികമല്ല, ആസൂത്രിതമെന്ന് വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2017ൽ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റത് മുതൽ എൻകൗണ്ടറുകളുടെ പേരിൽ പൊലീസ് കൊലപ്പെടുത്തിയത് 190 പേരെ. മാർച്ച്‌ 2017 മുതൽ സെപ്റ്റംബർ 23 വരെയുള്ള കാലയളവിൽ പൊലീസ് എൻകൗണ്ടറിൽ വെടിയേറ്റ് 5,591 പേർക്ക് പരിക്കേറ്റുവെന്നും സർക്കാർ പുറത്തുവിട്ട കണക്കിൽ പറയുന്നു.

പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ എണ്ണത്തിലെ വർധന എൻകൗണ്ടറിനെ സാധാരണ സംഭവമായി സംസ്ഥാനം കണക്കാക്കുന്നു എന്ന സൂചനയാണ് നൽകുന്നതെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.

പൊലീസ് സ്മൃതി ദിനവുമായി ബന്ധപ്പെട്ട് ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ കണക്കുകൾ പുറത്തുവിട്ട യോഗി ആദിത്യനാഥ്, സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് അറിയിച്ചു. ക്രിമിനലുകൾക്കിടയിൽ നിയമത്തെക്കുറിച്ചുള്ള ഭയം ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യമെന്നും യോഗി പറഞ്ഞു.

എൻകൗണ്ടർ കൊലപാതകങ്ങളിൽ യോഗി ഭരണകൂടം അഭിമാനം കൊള്ളുമ്പോൾ, ഇത്തരം നടപടികളെ നിരന്തരം ചോദ്യം ചെയ്യുകയാണ് മനുഷ്യാവകാശ പ്രവർത്തകർ. ആകസ്മികമായി സംഭവിക്കുന്നതല്ല ഇത്തരം കൃത്യങ്ങളെന്നും ആസൂത്രിതമായി നടപ്പിലാക്കുന്നതാണെന്നും അവർ ആരോപിക്കുന്നു.

ഇത്തരം എൻകൗണ്ടറുകൾ നടക്കുന്നത് സ്വയരക്ഷയുടെ ഭാഗമായാണെന്ന് പൊലീസ് പറയുമ്പോൾ, സംഭവങ്ങളിൽ മിക്കപ്പോഴും സമാനതകൾ ഉണ്ടാകാറുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്.

ഒക്ടോബർ 21ന് പീഡനക്കേസിൽ അറസ്റ്റിലായ പ്രതിയെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസ്, ഇയാളിൽ നിന്ന് ഒരു നാടൻ തോക്കും കണ്ടെടുത്തിരുന്നു. ഇതേ ദിവസം തന്നെ, കൊല്ലപ്പെട്ട എം.പി ആതിഖ് അഹമ്മദിന്റെ കൂട്ടാളികളിൽ നിന്ന് 19.30 കോടി രൂപയുടെ ആയുധങ്ങൾ കണ്ടെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ ഈ വർഷം തുടക്കത്തിൽ പൊതുമധ്യത്തിൽ വച്ച് വെടിയേറ്റ് മരിച്ച ആതിഖ് അഹമ്മദിന്റെ കൊലപാതകം സമീപ വർഷങ്ങളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിൽ ഒന്നായിരുന്നു.

എൻകൗണ്ടറുകളിൽ പൊലീസ് പറയുന്ന വിവരണത്തിലും സമാനതകൾ ഉണ്ട്. പലപ്പോഴും ഹൈവേകൾക്ക് സമീപമുള്ള ഫാമുകളിലോ കനാൽ പരിസരത്തോ ചെക്ക്പോസ്റ്റുകൾക്ക് സമീപമോ ആയിരിക്കും പ്രതികളെ തടയുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആൾ പലപ്പോഴും ഒരു ബൈക്കിലെത്തി പൊലീസ് ടീമിന് നേരെ വെടിയുതിർത്തെന്നും സ്വയംരക്ഷക്കായി ഇയാളെ വെടിവെച്ചു കൊലപ്പെടുത്തി എന്നുമായിരിക്കും പൊലീസ് ഭാഷ്യം. മിക്ക കേസുകളിലും കൊല്ലപ്പെട്ടവരിൽ നിന്ന് നാടൻ തോക്കുകൾ കണ്ടെത്തുന്നു. പല കേസുകളിലും ഇത് 315 ബോർ എന്ന തോക്കായിരിക്കും.

ഒക്ടോബർ 20ന് മാത്രം സമാന രീതിയിലുള്ള നാല് എൻകൗണ്ടറുകളാണ് യു.പിയിൽ നടന്നത്. 2012 – 2017 കാലത്തെ അഖിലേഷ് യാദവിന്റെ സർക്കാരിനെ അപേക്ഷിച്ച് 2017 മുതൽ 2023 വരെയുള്ള യോഗിയുടെ ഭരണത്തിൽ നാലിരട്ടി എൻകൗണ്ടറുകൾ സംഭവിച്ചതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു.

Content Highlight: Since Adityanath Took Over In 2017, UP Police Have Killed 190 People In ‘Encounters’

We use cookies to give you the best possible experience. Learn more