അങ്കാറ: തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്നിട്ട് നില്‍ക്കുന്ന ത്വയ്യിബ് എര്‍ദോഗന് പിന്തുണ പ്രഖ്യാപിച്ച് മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സിനാന്‍ ഓഗന്‍. ഈ മാസം 28ന് നടക്കാനിരിക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ലഭിച്ച ഈ അപ്രതീക്ഷിത പിന്തുണ പ്രസിഡന്റിന് ഭരണത്തുടര്‍ച്ച നല്‍കിയേക്കുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ ഘട്ട വോട്ടെടുപ്പില്‍ 49.52 ശതമാനം വോട്ടുകള്‍ നേടിയ എര്‍ദോഗന് പ്രതിപക്ഷത്തിന് മേല്‍ കൂടുതല്‍ ആധിപത്യം തുടരാന്‍ ഇത് സഹായിക്കുമെന്ന് ഓഗന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഭീകരതക്കെതിരെ നിലക്കാത്ത പോരാട്ടം തുടരുന്ന നേതാവെന്നതിന്റെ അടിസ്ഥാനത്തിലാണ് എര്‍ദോഗനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും ജനങ്ങള്‍ക്കും അനുകൂലമായ ഉചിതമായ തീരുമാനമാണ് എടുക്കുന്നതെന്നും ഓഗന്‍ പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് എര്‍ദോഗനോ, പ്രധാന പ്രതിപക്ഷ നേതാവ് കെമാല്‍ കിലിക്ദറോഗ്ലുവോ ആരാകും രാജ്യത്തെ നയിക്കുകയെന്ന് തീരുമാനിക്കാന്‍ ഞായറാഴ്ച തുര്‍ക്കികള്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ആദ്യ റൗണ്ടില്‍ പൂര്‍ണമായ വിജയം ഉറപ്പാക്കാന്‍ ആവശ്യമായ 50 ശതമാനം ഭൂരിപക്ഷം നേടാന്‍ എര്‍ദോഗന്‍ പരാജയപ്പെട്ടിരുന്നു.
ആറ് കക്ഷികള്‍ ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി കിലിക്ദറോഗ്ലു 44.88 ശതമാനം വോട്ടുകള്‍ നേടി വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 69കാരനായ എര്‍ദോഗന്‍ 20 വര്‍ഷം മുമ്പാണ് തുര്‍ക്കിയില്‍ അധികാരത്തിലെത്തുന്നത്. തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ നേതാവ് കൂടിയാണ് അദ്ദേഹം.
അദ്ദേഹത്തിന് കീഴില്‍ പണപ്പെരുപ്പത്തിന്റെ ദുരിതത്തില്‍ നിന്ന് രാജ്യം കരകയറിയിരുന്നു. അദ്ദേഹത്തിന്റെ ജയത്തോടെ തുര്‍ക്കിയിലെ 85 ദശലക്ഷം ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും വളരെക്കാലത്തിന് ശേഷം സാമ്പത്തികമായ കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്തിരുന്നു.
സി.എച്ച്.പി തലവനായ കിലിക്ദറോഗ്ലു, ആറ് പ്രതിപക്ഷ പാര്‍ട്ടി സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. 74 വയസാണ് പ്രായം. എര്‍ദോഗന്റെ വ്യക്തിപ്രഭാവത്തില്‍ കുടുങ്ങികിടന്ന കിലിക്ദറോഗ്ലു 2010ല്‍ സി.എച്ച്.പിയുടെ നേതാവായ ശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാല്‍ അറ്റാതുര്‍ക്ക് സ്ഥാപിച്ച സി.എച്ച്.പിയുടെ പ്രതിനിധിയായി 2002ല്‍ കിളിക്ദറോഗ്ലു പാര്‍ലമെന്റില്‍ എത്തിയിരുന്നു.