സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സിമ്രന്‍. 1995ല്‍ സനം ഹര്‍ജയ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിമര്ന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ച സിമ്രന്‍ ഒരുകാലത്ത് സൗത്ത് ഇന്ത്യയിലെ താരറാണിയായിരുന്നു.
സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത താരം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമായി. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ഗുഡ് ബാഡ് അഗ്ലിയിലും സിമ്രന്‍ അതിഥിവേഷത്തിലെത്തിയിട്ടുണ്ട്. സിമ്രന്റെ ഏറ്റവും പുതിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
അടുത്തിടെ തന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ഒരു നടിക്ക് അവരുടെ പെര്‍ഫോമന്‍സ് നന്നായിട്ടുണ്ടെന്ന് പറഞ്ഞ് മെസ്സേജ് അയച്ചിരുന്നെന്ന് സിമ്രന്‍ പറഞ്ഞു. അവരുടെ അഭിനയം നന്നായിരുന്നെന്നും അത്തരമൊരു റോളില്‍ അവരെ പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു മെസ്സേജിലെന്ന് സിമ്രന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അവരുട മറുപടി വളരെ മോശമായിരുന്നെന്ന് സിമ്രന്‍ പറയുന്നു. നല്ല റോളാണെന്ന് തനിക്ക് അറിയാമെന്നും ആന്റി റോളുകളെക്കാള്‍ നല്ലതാണെന്നുമായിരുന്നു അവരുടെ മറുപടിയെന്നും സിമ്രന്‍ പറഞ്ഞു. ആ മറുപടി തനിക്ക് വല്ലാതെ ഹര്‍ട്ടായെന്ന് പറഞ്ഞ സിമ്രന്‍ ആന്റി റോളുകള്‍ ഒരിക്കലും മോശമായി താന്‍ കാണുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയില്‍ പോലും പ്രായത്തെക്കാള്‍ വലിയ കഥാപാത്രമായിരുന്നു താന്‍ ചെയ്തതെന്ന് ആ നടിയെ ഓര്‍മിപ്പിക്കുന്നുവെന്നും സിമ്രന്‍ പറഞ്ഞു. ഡബ്ബ റോളുകളെക്കാള്‍ നല്ലതാണ് ആന്റി റോളുകള്‍ എന്ന് പറഞ്ഞാണ് സിമ്രന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. ജെ.എഫ്.ഡബ്ല്യൂ മൂവീ അവാര്‍ഡില്‍ സംസാരിക്കുകയായിരുന്നു സിമ്രന്‍.
‘ഈയടുത്ത് എന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ഒരു നടിയില്‍ നിന്ന് മോശം അനുഭവമുണ്ടായി. അവര്‍ അടുത്തിടെ ചെയ്ത ഒരു ക്യാരക്ടര്‍ ഇഷ്ടമായതുകൊണ്ട് അതിനെ അഭിനന്ദിച്ചുകൊണ്ട് മെസ്സേജയച്ചു. ‘നല്ല പെര്‍ഫോമന്‍സായിരുന്നു, ഇങ്ങനെയൊരു റോളില്‍ നിങ്ങളെ പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു മെസ്സേജില്‍ ഉണ്ടായിരുന്നത്.
വളരെ പെട്ടെന്ന് അതിന് മറുപടി വന്നു. ‘നല്ലതാണെന്ന് എനിക്കറിയാം. ആന്റി റോളുകളൊന്നും ഞാന്‍ ചെയ്യുന്നില്ലല്ലോ’ എന്നായിരുന്നു അവര്‍ പറഞ്ഞത്. അതെനിക്ക് ഹര്‍ട്ടായി. ആന്റി റോളുകള്‍ക്ക് എന്തെങ്കിലും തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിലെ കഥാപാത്രം എന്റെ പ്രായത്തെക്കാള്‍ വലുതായിരുന്നു. എന്തായാലും ഡബ്ബാ റോളുകളെക്കാള്‍ നല്ലതാണ് ആന്റി റോളുകള്‍ എന്ന് മാത്രമേ അവരോട് പറയാനുള്ളൂ,’ സിമ്രന്‍ പറയുന്നു.
സിമ്രന്‍ ഉദ്ദേശിച്ച നടി ആരെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ജ്യോതികയാണ് ആ നടിയെന്ന് പലരും അഭിപ്രായപ്പെടുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങിയ ഡബ്ബാ കാര്‍ട്ടലില്‍ ജ്യോതികയും പ്രധാനവേഷത്തിലെത്തിയിരുന്നു. എന്നാല്‍ ജ്യോതികയല്ല, ലൈലയാണ് ആ നടിയെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
Content Highlight: Simran shares a bad experience she faced from a co actress