കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിലെ അവസാന ഓവറില്‍ മാച്ച് അമ്പയര്‍ ഇന്ത്യക്കനുകൂലമായി നോ ബോള്‍ വിളിച്ചിരുന്നു. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിലായിരുന്നു നോ ബോള്‍ വിളിച്ചത്.
വിരാട് ആ ഫുള്‍ടോസ് ഡെലിവറി കണക്ട് ചെയ്യുമ്പോള്‍ പന്ത് അരക്ക് മുകളിലായിരുന്നു. ആ പന്ത് വിരാട് സിക്‌സറിന് തൂക്കുകയും ഒപ്പം നോ ബോള്‍ ഇനത്തിലും ഫ്രീ ഹിറ്റ് ഇനത്തിലും ലഭിച്ച എക്‌സ്ട്രാ റണ്ണുകളുമായിരുന്നു ഇന്ത്യക്ക് തുണയായത്.
എന്നാല്‍ ആ നോ ബോള്‍ കോളിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു. അമ്പയര്‍മാര്‍ ഇന്ത്യക്ക് അനുകൂലമായാണ് വിധിച്ചതെന്നും ഇന്ത്യയല്ല മറിച്ച് അമ്പയര്‍മാരാണ് പാകിസ്ഥാനെ തോല്‍പിച്ചതെന്നും ആരോപിച്ച് പാക് ആരാധര്‍ രംഗത്തെത്തിയിരുന്നു.
ആരാധകര്‍ക്ക് പുറമെ ഷോയ്ബ് അക്തര്‍ അടക്കമുള്ള പാക് സൂപ്പര്‍ താരങ്ങളും അമ്പയറിങ്ങിനെ വിമര്‍ശിച്ചിരുന്നു. ഇതിനെല്ലാം പുറമെ ഓസീസ് താരങ്ങളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതിനേക്കാളേറെ വിവാദമായത് നോ ബോളിന്റെ വകയായി ലഭിച്ച ഫ്രീ ഹിറ്റ് ഡെലിവറിയായിരുന്നു. ഫ്രീ ഹിറ്റ് ഡെലിവറിയില്‍ വിരാട് കോഹ്‌ലി ക്ലീന്‍ ബൗള്‍ഡാവുകയും പന്ത് ബൗണ്ടറി ലൈനിലേക്ക് ഉരുണ്ടുപോവുകയുമായിരുന്നു.
എന്നാല്‍ ഈ സമയത്ത് തന്നെ വിരാടും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് മൂന്ന് റണ്‍സ് ഓടിയെടുക്കുകയും ബൈ ഇനത്തില്‍ ആ മൂന്ന് റണ്‍സ് ഇന്ത്യയുടെ അക്കൗണ്ടിലെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് ഡെഡ് ബോള്‍ ആണെന്നായിരുന്നു വിമര്‍ശകരുടെ വാദം. അമ്പയര്‍ എന്തുകൊണ്ട് ഡെഡ് ബോളായി അതിനെ പരിഗണിച്ചില്ലെന്നാണ് പാക് ആരാധകരും മുന്‍ പാക് താരങ്ങളും ചോദിക്കുന്നത്.
ഈ വിവാദം കത്തിക്കൊണ്ടിരിക്കെ ഇതിന് ഒരു അറുതി വരുത്തുകയാണ് ഇതിഹാസ അമ്പയര്‍ സൈമണ്‍ ടഫല്‍. അത് ഡെഡ് ബോള്‍ അല്ലെന്നും അമ്പയര്‍മാരുടെ തീരുമാനം ശരിയാണെന്നും അദ്ദേഹം പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ആവേശകരമായ കഴിഞ്ഞ മത്സരത്തിന് പിന്നാലെ നിരവധി പേര്‍ ഫ്രീ ഹിറ്റില്‍ ഇന്ത്യ നേടിയ ബൈ റണ്‍സിനെ കുറിച്ച് ചോദിച്ചിരുന്നു.
പന്ത് സ്റ്റമ്പില്‍ തട്ടി തേഡ് മാനിലേക്ക് ഉരുണ്ടുപോയതിന് പിന്നാലെ ബാറ്റര്‍മാര്‍ മൂന്ന് റണ്‍സ് എടുത്തു. ഇത് ബൈ ആണെന്ന ശരിയായ തീരുമാനമായിരുന്നു അമ്പയര്‍ കൈക്കൊണ്ടത്.
ഒരു ഫ്രീ ഹിറ്റ് ഡെലിവറിയില്‍ സ്‌ട്രൈക്കറെ ബൗള്‍ഡാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ പന്ത് സ്റ്റമ്പില്‍ കൊണ്ടതിനാല്‍ അതിനെ ഡെഡ് ആയി കണക്കാക്കാന്‍ സാധിക്കില്ല. ബൈ റണ്‍സിന്റെ എല്ലാ വിധത്തിലുള്ള മാനദണ്ഡങ്ങളും അത് പാലിക്കുന്നുണ്ട്,’ ടഫല്‍ പറഞ്ഞു.