ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ജസ്പ്രീത് ബുംറ രോഹിത് ശര്‍മയേക്കാള്‍ ക്യാപ്റ്റന്‍സിയില്‍ മികച്ചുനിന്നുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സൈമണ്‍ കാറ്റിച്ച്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചത്.
ക്യാപ്റ്റന്റെ റോളില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിച്ച ആദ്യ മത്സരത്തില്‍ 295 റണ്‍സിന്റെ ചരിത്ര വിജയമാണ് ബുംറ ഇന്ത്യക്ക് നേടിക്കൊടുത്തത്.
അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായി രോഹിത് ശര്‍മ ടീമിനൊപ്പം ചേര്‍ന്നിരുന്നു. അഡ്‌ലെയ്ഡില്‍ സ്ഥിരം ക്യാപ്റ്റന് കീഴില്‍ തന്നെയാണ് ഇന്ത്യ ഇറങ്ങിയതും. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് കാറ്റിച്ച് ബുംറയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചത്. ഇരുവരുടെയും ക്യാപ്റ്റന്‍സിയില്‍ കാതലായ വ്യത്യാസങ്ങളുണ്ടെന്നും പെര്‍ത്തില്‍ ബുംറ ബൗളര്‍മാരെ ഉപയോഗിച്ച രീതി മികച്ചതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നിങ്ങള്‍ രണ്ട് മത്സരഫലങ്ങളും താരതമ്യം ചെയ്യുമ്പോള്‍, തീര്‍ച്ചയായും രോഹിത്തിന് പെര്‍ത്ത് ടെസ്റ്റ് നഷ്ടമായിരുന്നു. എനിക്ക് തോന്നുന്നത് ബുംറയുടെ ക്യാപ്റ്റന്‍സി, പ്രത്യേകിച്ചും അവന്‍ എങ്ങനെയാണ് ബൗളര്‍മാരെ ഉപയോഗപ്പെടുത്തിയത് എന്നതെല്ലാം അഡ്‌ലെയ്ഡിനേക്കാള്‍ എത്രയോ മികച്ചതായിരുന്നു.
പെര്‍ത്തില്‍ ഓസ്‌ട്രേലിയ ഏഴിന് 67 എന്ന നിലയില്‍ നില്‍ക്കവെ ഇന്ത്യ പരമാവധി ആക്രമിച്ച് കളിക്കാന്‍ തന്നെയാണ് ശ്രമിച്ചത്. സാധ്യമായിടത്തോളം ഫുള്ളറുകള്‍ ഇന്ത്യ എറിഞ്ഞുകൊണ്ടേയിരുന്നു,’ കാറ്റിച്ച് പറഞ്ഞു.
അഡ്‌ലെയ്ഡില്‍ പത്ത് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇന്ത്യയുടെ ബാറ്റിങ് നിര കളി മറന്നപ്പോള്‍ പിങ്ക് ബോള്‍ ടെസ്റ്റ് തങ്ങളുടെ കുത്തകയാണെന്ന് വിളിച്ചുപറയുന്നതായിരുന്നു ഓസ്‌ട്രേലിയയുടെ പ്രകടനം. ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡും ബൗളിങ്ങില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും തിളങ്ങിയതോടെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു.
സ്‌കോര്‍
ഇന്ത്യ: 180 & 175
ഓസ്‌ട്രേലിയ: 337 & 19/0 (T: 19)
ഈ വിജയത്തിന് പിന്നാലെ ഓസ്‌ട്രേലിയ പരമ്പരയില്‍ ഒപ്പമെത്തി. ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഓസ്‌ട്രേലിയക്ക് സാധിച്ചിരുന്നു. എന്നാല്‍ മറ്റൊരു മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ പ്രോട്ടിയാസ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.
ഡിസംബര്‍ 14നാണ് ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരം. ബ്രിസ്‌ബെയ്‌നിലെ ഗാബയാണ് വേദി.
Content Highlight: Simon Katich praises Jasprit Bumrah’s captaincy