അടുത്ത ടി-ട്വന്റി ലോകകപ്പ് കളിക്കാനുള്ള കഴിവ് ഈ ഇന്ത്യക്കാരനുണ്ട്: സൈമണ്‍ കാറ്റിച്ച്
Sports News
അടുത്ത ടി-ട്വന്റി ലോകകപ്പ് കളിക്കാനുള്ള കഴിവ് ഈ ഇന്ത്യക്കാരനുണ്ട്: സൈമണ്‍ കാറ്റിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th November 2023, 6:00 pm

നവംബര്‍ 26ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 235 റണ്‍സ്സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 191 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ആദ്യ മത്സരം ഒരു പന്ത് ശേഷിക്കെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ റിങ്കു സിങ് ഫിനിഷ് ചെയ്തതും നമ്മള്‍ കണ്ടതാണ്. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-ട്വന്റി പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു.

രണ്ട് മത്സരത്തിലും ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായ മധ്യനിര ബാറ്ററാണ് റിങ്കു സിങ്. ആദ്യ മത്സരത്തില്‍ 14 പന്തില്‍ നിന്നും 22 റണ്‍സ് നേടിയ താരം രണ്ട് സിക്‌സറുകളും നാലു ബൗണ്ടറികളും നേടിയത്. മികച്ച ഫിനിഷര്‍ എന്ന ലേബലില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ രണ്ടാം മത്സരത്തിലും റിങ്കുവിന് കഴിഞ്ഞു. രണ്ടാം മത്സരത്തില്‍ ഒമ്പത് പന്തില്‍ 31 റണ്‍സ് നേടിയ റിങ്കു സിങ്ങിന്റെ മികച്ച പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്കാണ് വഹിച്ചത്. 344.44 സ്‌ട്രൈക്ക് റേറ്റിലാണ് റിങ്കു രണ്ട് സിക്‌സറുകളും നാലു ബൗണ്ടറികളും അടിച്ചെടുത്തത്.

സമ്മര്‍ദ്ദ ഘട്ടത്തില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി മികച്ച ഫിനിഷിങ് ചെയ്യാനുള്ള കഴിവ് റിങ്കുവിനുണ്ടെന്ന് വിശ്വാസം പ്രകടിപ്പിച്ച് ജിയോ സിനിമയുടെ പ്രിവ്യൂ ഷോയില്‍ സംസാരിക്കുകയയിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സൈമണ്‍ കാറ്റിച്ച്.

‘അവന്‍ എല്ലാം ശരിയായ രീതിയിലാണ് ചെയ്യുന്നത്, ഇതൊരു സ്‌പെഷ്യലിസ്റ്റ് റോളാണ്. ഒരാള്‍ മധ്യനിരയില്‍ കളിക്കുന്നുണ്ടെങ്കില്‍ അത് ലളിതമായ ഒരു പൊസിഷനല്ല. അതുകൊണ്ട് തന്നെ അവന്‍ സ്ഥിരമായി കൈകാര്യം ചെയ്യുന്നു ഈ റോള്‍ അത്ര എളുപ്പമല്ല,’ അദ്ദേഹം പറഞ്ഞു.

റിങ്കുവിന്റെ ഹിറ്റിങ് കഴിവിനെക്കുറിച്ച് കാറ്റിച്ച് അഭിപ്രായപ്പെട്ടു

‘അവന്‍ പന്തിനോട് പ്രതിരോധിക്കുന്നത് മുന്‍ധാരണകളില്ലതെയാണ്, അത് അവന്റെ ഏറ്റവും ശ്രദ്ധേയമായ രീതിയാണ്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലില്‍ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. അതിലും റിങ്കു മികച്ച ഫോം കണ്ടെത്തിയാല്‍ വരാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ വലിയ സാധ്യതകളാണ് ഉള്ളത്. നവംബര്‍ 28ന് ബര്‍സാപരാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസീസിനെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരം നടക്കാനിരിക്കുകയാണ്. ഈ മത്സരത്തിലും ഇന്ത്യ വിജയമുറപ്പിച്ചാല്‍ ചരിത്രനേട്ടത്തിലേക്കാണ് ഇന്ത്യ എത്തിച്ചേരുക.

 

Content Highlight: Simon Katich believes Rinku Singh has the ability to play in the next T20 World Cup