വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ തകര്‍പ്പന്‍ നേട്ടവുമായി എസെക്‌സിന്റെ സൗത്ത് ആഫ്രിക്കന്‍ താരം സൈമണ്‍ ഹാര്‍മര്‍. ടൂര്‍ണമെന്റില്‍ എസെക്‌സും സസക്‌സും തമ്മിലുള്ള മത്സരത്തിലാണ് ഹാര്‍മര്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.
തന്റെ സ്‌പെല്ലിലെ ആദ്യ ഓവറിലെ മൂന്ന് പന്തില്‍ നിന്നുതന്നെ ഹാട്രിക് സ്വന്തമാക്കിയാണ് ഹാര്‍മര്‍ കയ്യടികളേറ്റുവാങ്ങിയത്.
സസക്‌സ് ഇന്നിങ്‌സിലെ മൂന്നാം ഓവര്‍ പന്തെറിയാനായാണ് ഹാര്‍മര്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കെത്തിയത്. ആദ്യ പന്തില്‍ തന്നെ ടോം അല്‍സോപ്പിനെ വീഴ്ത്തിയാണ് ഹാര്‍മര്‍ തുടങ്ങിയത്.
അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സ് നേടിയ അല്‍സോപ്പിനെ സാം കുക്കിന്റെ കൈകളിലെത്തിച്ച് മടക്കുമ്പോള്‍ സസക്‌സ് വെറും 15 റണ്‍സിലായിരുന്നു. അടുത്ത ഊഴം ഷദാബ് ഖാനായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഫെറോസ് ഖുഷിക്ക് ക്യാച്ച് നല്‍കി ഷദാബും മടങ്ങി.
ഓവറിലെ മൂന്നാം പന്തിലേക്കായി എല്ലാവരുടെയും കണ്ണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മൈക്കല്‍ ബെര്‍ഗെസ് ബാറ്റുമായി ക്രീസിലേക്ക്. ഹാര്‍മറിന്റെ കുത്തിത്തിരിപ്പന്‍ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി ബെര്‍ഗെസിനെയും പവലിയനിലേക്ക് മടക്കി ഹാര്‍മര്‍ എസെക്‌സിനെ ഡ്രൈവിങ് സീറ്റിലിരുത്തി.
സ്‌പെല്ലിലെ ആദ്യ മൂന്ന് പന്തില്‍ തന്നെ മൂന്ന് വിക്കറ്റ് നേടി ഹാട്രിക് പൂര്‍ത്തിയാക്കിയ ഹാര്‍മര്‍ തന്നെയായിരുന്നു ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. മിഡില്‍സെക്‌സിനെതിരെ 324 അടിച്ച ടീമിലെ പ്രധാനികളെ എറിഞ്ഞിട്ടാണ് ഹാര്‍മര്‍ കരുത്തുകാട്ടിയത്.
അതേസമയം, മത്സരത്തില്‍ എസെക്‌സ് 25 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ എസെക്‌സ് ഫെറോസ് ഖുഷിയുടെ അര്‍ധ സെഞ്ച്വറിയുടെയും രോഹിത് ദാസിന്റെ ഇന്നിങ്‌സിന്റെയും ബലത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി.
ഫെറോസ് 38 പന്തില്‍ നിന്നും 55 റണ്‍സ് നേടിയപ്പോള്‍ രോഹിത് 26 പന്തില്‍ നിന്ന് 31 റണ്‍സും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സസക്‌സിന് ബാറ്റിങ് തകര്‍ച്ചയായിരുന്നു. മിഡില്‍സെക്‌സിനെതിരായ മത്സരത്തില്‍ 49 പന്തില്‍ 144 റണ്‍സടിച്ച ക്യാപ്റ്റന്‍ രവി ബൊപ്പാര വെറും ഒറ്റ റണ്‍സിന് പുറത്തായി. പിന്നീടെത്തിയവരെ ഹാര്‍മെറും കൈകാര്യം ചെയ്തു.
31 പന്തില്‍ നിന്നും 35 റണ്‍സ് നേടിയ ജെയിംസ് കോള്‍സാണ് സസക്‌സ് നിരയിലെ ടോപ് സ്‌കോറര്‍. ഒടുവില്‍ 18.4 ഓവറില്‍ 25 റണ്‍സകലെ സസക്‌സ് ഓള്‍ ഔട്ടാവുകയായിരുന്നു.
Content Highlight: Simon Harmer picks unique hattrick in Vitality Blast