ലണ്ടന്‍: തീപാറുമെന്നു പ്രതീക്ഷിച്ച ഒരു പോരാട്ടം ഏകപക്ഷീയമായപ്പോള്‍ 55 മിനിറ്റിനുള്ളില്‍ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യന്‍ പിറന്നു. യു.എസിന്റെ സെറീന വില്യംസിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്ത് റൊമാനിയന്‍ താരവും ഏഴാം സീഡുമായ സിമോണ ഹാലെപ്പാണ് കിരീടം നേടിയത്. സ്‌കോര്‍: 6-2, 6-2.
സെന്റര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ ഏഴുതവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ സെറീനയ്ക്ക് ഒരവസരം പോലും നല്‍കാതെയായിരുന്നു സിമോണയുടെ കളി. മൂന്നുതവണ മാത്രമാണ് സിമോണയുടെ കൈയില്‍ നിന്നു പിഴവുകളായുണ്ടായത്. 82 ശതമാനം ഫസ്റ്റ് സെര്‍വ് പോയിന്റുകളും അവര്‍ നേടി. മത്സരത്തിലാകെ ഒരു ബ്രേക്ക് പോയിന്റ് മാത്രമാണ് മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ സിമോണ വഴങ്ങിയത്.
ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകള്‍ നേടുന്ന താരമെന്ന റെക്കോഡിനൊപ്പം എത്താനുള്ള സെറീനയുടെ ശ്രമത്തിനേറ്റ തിരിച്ചടി കൂടിയാണിത്. 24 ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ഇതിനുവേണ്ടത്. മാര്‍ഗരറ്റ് കോര്‍ട്ടിനാണ് നിലവില്‍ ഈ റെക്കോഡ്. 2017-ലാണ് സെറീന അവസാനമായി ഒരു ഗ്രാന്‍ഡ് സ്ലാം നേടിയത്. അത് ഓസ്‌ട്രേലിയന്‍ ഓപ്പണായിരുന്നു.
അതേസമയം പുരുഷ സിംഗിള്‍സില്‍ സ്വിസ് താരം റോജര്‍ ഫെഡററും ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോക്കോവിച്ചും തമ്മില്‍ ഏറ്റുമുട്ടും. സ്പാനിഷ് താരം റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനലില്‍ കടന്നത്.
തന്റെ 25-ാം ഗ്രാന്‍ഡ് സ്ലാം ഫൈനലിനാണ് ദ്യോക്കോവിച്ച് യോഗ്യത നേടിയത്. മുന്‍പ് കളിച്ച 24 ഫൈനലുകളില്‍ 15 എണ്ണത്തിലും വിജയിക്കാന്‍ താരത്തിനായിരുന്നു. വിബിംള്‍ഡണ്‍ ഫൈനലുകളിലാവട്ടെ നാലുതവണ ജയിച്ച അദ്ദേഹം, ഒരുതവണ മാത്രമാണ് പരാജയപ്പെട്ടത്. 2013-ല്‍ ആന്‍ഡി മുറെയോടു മാത്രമാണു തോറ്റത്. ഫെഡറര്‍ എട്ടുതവണ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുണ്ട്.