| Wednesday, 29th May 2024, 10:22 pm

വിരാടിനെ വിമര്‍ശിച്ചതിന് കൊല്ലുമെന്ന് വരെ അവര്‍ പറഞ്ഞു; വധഭീഷണിയെ കുറിച്ച് ന്യൂസിലാന്‍ഡ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലിയെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ന്യൂസിലാന്‍ഡ് ഇതിഹാസ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സൈമണ്‍ ഡൗള്‍. ടി-20 ഫോര്‍മാറ്റില്‍ വിരാടിന്റെ സ്‌ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിരാടിന്റെ ക്രിക്കറ്റിനെ മനം നിറഞ്ഞ് അഭിനന്ദിക്കുന്നവരില്‍ ഒരാളാണ് ഡൗള്‍. താരത്തിന്റെ സ്‌കില്ലിനെയും സ്ഥിരതയെയും പ്രശംസിച്ച് സംസാരിച്ചപ്പോള്‍ മോശം സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് പറഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. വിരാടിനെ കുറിച്ച് നിരവധി നല്ല കാര്യങ്ങള്‍ പറഞ്ഞപ്പോഴും ആരാധകര്‍ ശ്രദ്ധിച്ചത് ആ വിമര്‍ശനം മാത്രവും.

ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിട്ട വധഭീഷണികളെ കുറിച്ച് ഡൗള്‍ സംസാരിച്ചത്.

‘വിരാടിന് ഇനിയും കൂടുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമായിരുന്നു. വിരാട് വളരെ മികച്ച താരമാണ്. എന്നാല്‍ പഴയകാല അനുഭവങ്ങളുള്ളതിനാല്‍ അവന് പുറത്തുപോകാന്‍ ഭയമാണ്. ഇക്കാരണത്താലാണ് ഞാന്‍ വിരാടിന്റെ സ്‌ട്രൈക്ക് റേറ്റ് ചൂണ്ടിക്കാണിച്ചത്.

ഞാന്‍ ബാബര്‍ അസമിനെ കുറിച്ചും സമാനമായ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പാകിസ്ഥാനില്‍ വെച്ച് പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ഇക്കാര്യത്തെ കുറിച്ച് ഞങ്ങളിരുവരും സംസാരിക്കുകയും ചെയ്തിരുന്നു. തന്റെ പരിശീലകര്‍ക്കും സമാനമായ അഭിപ്രായമുണ്ടെന്നാണ് ബാബര്‍ പറഞ്ഞത്.

ഐ.പി.എല്‍ 2024ല്‍ വിരാട് സിക്‌സറടിച്ച രീതി എനിക്കേറെ ഇഷ്ടപ്പെട്ടിരുന്നു,’ ഡൗള്‍ പറഞ്ഞു.

ടി-20 ഫോര്‍മാറ്റ് വേഗത്തിലായെന്നും 130-135 സ്‌ട്രൈക്ക് റേറ്റ് ഒരിക്കലും കുട്ടിക്രിക്കറ്റിന് ചേര്‍ന്നതല്ല എന്നും പറഞ്ഞ ഡൗള്‍ പുറത്താകുന്നതിനെ കുറിച്ച് വിരാട് ഭയക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

‘വിരാടിന്റെ ഈ പ്രശ്‌നം മാത്രമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. മറ്റൊന്നും തന്നെയല്ല. ഇതിന്റെ പേരില്‍ എനിക്ക് വധഭീഷണികള്‍ വരെ ഉണ്ടാകുന്നു. ഇത് തീര്‍ത്തും ലജ്ജാകരമാണ്.

എനിക്ക് വ്യക്തിപരമായി യാതൊരു വിധത്തിലുള്ള പ്രശ്‌നവുമില്ല. ഈ ഗെയിം വേഗത്തിലായിക്കൊണ്ടിരിക്കുകയാണ്. 130-135 സ്‌ട്രൈക്ക് റേറ്റ് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല,’ ഡൗള്‍ പറഞ്ഞു.

Content Highlight: Simon Doull says he received death threats for criticizing Virat Kohli

Latest Stories

We use cookies to give you the best possible experience. Learn more