പരമ്പര ഇന്ത്യ തൂത്തുവാരും, ഒരു മത്സരമെങ്കിലും ഓസീസ് വിജയിച്ചാല്‍ അത്ഭുതം; പ്രവചനവുമായി ന്യൂസിലാന്‍ഡ് മുന്‍താരം
Cricket
പരമ്പര ഇന്ത്യ തൂത്തുവാരും, ഒരു മത്സരമെങ്കിലും ഓസീസ് വിജയിച്ചാല്‍ അത്ഭുതം; പ്രവചനവുമായി ന്യൂസിലാന്‍ഡ് മുന്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th February 2023, 6:20 pm

ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുന്‍ ന്യൂസിലാന്‍ഡ് താരം സൈമണ്‍ ഡൗള്‍. നാല് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയ ഒരു കളിയെങ്കിലും വിജയിക്കുകയാണെങ്കില്‍ അതൊരു അത്ഭുതമായിരിക്കുമെന്നും മിക്കവാറും 4-0ത്തിന് ഇന്ത്യ മുന്നേറുമെന്നും സ്‌പോര്‍ട്‌സ് യാരിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ഓസ്‌ട്രേലിയ ഒരു കളിയെങ്കിലും ജയിച്ചാല്‍ അതെനിക്ക് അത്ഭുതമായിരിക്കും. മഴ പെയ്തില്ലെങ്കില്‍ ഇന്ത്യ 4-0ത്തിന് പരമ്പര തൂത്തുവാരും. ഓസ്‌ട്രേലിയ മികച്ച രീതിയില്‍ പന്തെറിയുകയും സ്മിത്തും ലബുഷാനും നന്നായി കളിക്കുകയും ചെയ്താല്‍ ചിലപ്പോള്‍ ഓസ്‌ട്രേലിയ ഒരു കളി ജയിക്കും. എങ്കില്‍ പോലും 3-1 അല്ലെങ്കില്‍ 4-0 അതിനപ്പുറത്തേക്ക് ഞാന്‍ ഒന്നും കാണുന്നില്ല.

ഇന്ത്യയിലെ പിച്ചിനെ കുറിച്ച് ഒരുപാട് ആളുകള്‍ എഴുതി കണ്ടു. അവര്‍ ഫോളോവേഴ്‌സിനെ ഉണ്ടാക്കാന്‍ നോക്കുകയാണ്. ഓസ്‌ട്രേലിയയിലെ പിച്ച് അവര്‍ക്ക് അനുകൂലമല്ലായിരുന്നു എന്ന് എന്നോട് പറയരുത്. പിച്ചിന് മാറ്റം വരുത്തുന്നതിലൊന്നും എനിക്ക് പ്രശ്‌നമില്ല. അത് രണ്ട് ദിവസം അങ്ങനെ തന്നെയിരുന്നാലും വിഷയമല്ല. ലാറ, ദ്രാവിഡ്, ടെന്‍ഡുല്‍ക്കര്‍, ലക്ഷ്മണ്‍ എന്നിവരെ പോലെ സ്പിന്‍ കളിക്കുന്നവര്‍ ഇപ്പോഴില്ല.

നിലവിലെ ഇന്ത്യന്‍ താരങ്ങള്‍ പോലും മുന്‍ താരങ്ങള്‍ കളിക്കാര്‍ കളിച്ചത് പോലെ കളിക്കുന്നില്ല. മറ്റ് ടീമുകളെക്കാളും ഭേദപ്പെട്ട നിലയിലാണ് അവര്‍ കളിക്കുന്നത്. അതുകൊണ്ടാണ് ഹോംഗ്രൗണ്ടില്‍ നടക്കുന്ന കളികളില്‍ അവര്‍ക്ക് ജയിക്കാനാവുന്നത്. പക്ഷേ ഒരിക്കലും പിച്ചിനെ ഞാന്‍ കുറ്റം പറയില്ല, പിച്ചിന്റെ സ്വഭാവമെന്തുമായികൊള്ളട്ടെ തവിട്ടോ എന്തുമായിക്കോട്ടേ,’ ഡൗള്‍ പറഞ്ഞു.

അതേസമയം ആദ്യ ടെസ്റ്റിലെ പരാജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 1-0ന് പിന്നിലാണ്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കങ്കാരുക്കളെ കടന്നാക്രമിച്ചിരുന്നു. 177 റണ്‍സിനായിരുന്നു ഓസീസ് ഓള്‍ ഔട്ടായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എതിരാളികള്‍ ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കുകയും 400 റണ്‍സ് പടുത്തുയര്‍ത്തുകയും ചെയ്തിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ 223 റണ്‍സ് കുറവുമായി ഇറങ്ങിയ ഓസീസ് 91 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേട്ടവുമായി അശ്വിന്‍ കളം നിറഞ്ഞാടിയപ്പോള്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച താരത്തെ അക്‌സറും മടക്കിയപ്പോള്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ഇന്ത്യ വിജയം ആഘോഷിച്ചു. ഫെബ്രുവരി 17നാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ദല്‍ഹിയാണ് വേദി.

Content Highlight: Simon Doull prediction for india australia series