അവന്‍ ഒരിക്കലും ഒരു സെല്‍ഫിഷ് കളിക്കാരനല്ല; സൈമണ്‍ ഡൗൾ
Football
അവന്‍ ഒരിക്കലും ഒരു സെല്‍ഫിഷ് കളിക്കാരനല്ല; സൈമണ്‍ ഡൗൾ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd December 2023, 7:46 pm

ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കായി രോഹിത് ശര്‍മയും സംഘവും തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 26നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. 2023 ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷമുള്ള രോഹിത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്നു എന്ന പ്രത്യേകതയും ഈ പരമ്പരക്കുണ്ട്.

മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് മുന്‍ താരവും കമന്റേറ്ററുമായ സൈമണ്‍ ഡൗൾ.

ലോകകപ്പ് സമയത്തില്‍ ഇന്ത്യന്‍ ടീം രോഹിത്തിന്റെ കീഴില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും രോഹിത് ക്രിക്കറ്റിലെ ഒരു നിസ്വാര്‍ത്ഥനായ കളിക്കാരനാണെന്നുമാണ് ഡൗൾ പറഞ്ഞത്.

‘രോഹിത് ശര്‍മ അവന്റെ കളി ശൈലി അല്പം ക്രമീകരിക്കണം. സമീപകാലങ്ങളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച നിസ്വാര്‍ത്ഥനായ കളിക്കാരന്‍ രോഹിത് ശര്‍മയാണ്. ടീമിന്റെ വിജയത്തിന് അവനു കഴിയുന്നതെല്ലാം അവന്‍ ചെയ്തു. ടീമിനെ കൃത്യമായി മുന്നോട്ടു നയിക്കുന്നതിനും തന്റെ സഹതാരങ്ങളെ പിന്തുണയ്ക്കുന്നതിലും അവന്‍ മികച്ചതാണ്,’ സൈമണ്‍ ഡൗൾ പറഞ്ഞു.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത്തിന്റെ ബാറ്റിങ് ശൈലിയെകുറിച്ചും ഡൗൾ പറഞ്ഞു.

‘ലോകകപ്പില്‍ ഓപ്പണിങ് പൊസിഷനില്‍ രോഹിത് മികച്ച പ്രകടനം നടത്തി. അതുകൊണ്ട് തന്നെ മധ്യനിരയ്ക്ക് സ്വതന്ത്രമായി കളിക്കാന്‍ അവന്‍ അവസരം നല്‍കി. അവന്റെ അക്രമണകളിരീതി ടെസ്റ്റിലും നിലനിര്‍ത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ഡൗൾ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐ.സി.സി ലോകകപ്പില്‍ രോഹിത്തിന്റെ കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ പത്ത് മത്സരങ്ങളാണ് ഇന്ത്യ വിജയിച്ചത്. ഫൈനല്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ഇന്ത്യ മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ലോകകപ്പില്‍ 12 മത്സരങ്ങളില്‍ നിന്നും 597 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്.

Content Highlight: Simon Doull praises Rohit sharma.