T20 world cup
'സഞ്ജു ലോകകപ്പ് ടീമിലുണ്ടാകണം, ജെയ്‌സ്വാള്‍ ഇല്ലാത്ത ടീം എന്നത് എന്റെ മണ്ടന്‍ പ്രവചനമായിരിക്കും'; ഹര്‍ദിക്കിനും ഗില്ലിനും ലോകകപ്പില്‍ സ്ഥാനമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 12, 03:51 pm
Friday, 12th April 2024, 9:21 pm

 

ഐ.പി.എല്ലിന് പിന്നാലെ ലോകകപ്പിന്റെ ആവേശത്തിലേക്കാണ് ക്രിക്കറ്റ് ലോകം കടന്നുചെല്ലാനൊരുങ്ങുന്നത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി വേദിയാകുന്ന ഈ ലോകകപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീം നോക്കിക്കാണുന്നത്.

ഒരു പതിറ്റാണ്ടായി തുടരുന്ന കിരീടവരള്‍ച്ചക്ക് വിരാമമിടാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ലോകകപ്പിന് മുമ്പ് മറ്റ് മത്സരങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഐ.പി.എല്‍ തന്നെയാകും ടീം സെലക്ഷനുള്ള മാനദണ്ഡം.

ഇപ്പോള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള തന്റെ പ്രവചനങ്ങളും കാഴ്ചപ്പാടുകളും പറയുകയാണ് മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സൈമണ്‍ ഡൗള്‍. ക്രിക് ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഡൗള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

 

തന്റെ ടീമില്‍ യശസ്വി ജെയ്‌സ്വാളിന് സ്ഥാനമില്ലെന്നും ജെയ്‌സ്വാളിനെ ഒഴിവാക്കിയുള്ള ടീം എന്ന പ്രവചനം മണ്ടത്തരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇതൊരു മണ്ടന്‍ പ്രവചനമാണെന്ന് അറിയാം. പക്ഷേ യശസ്വി ജെയ്സ്വാളിന് പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. (സഞ്ജു) സാംസണ്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണം. സൂര്യകുമാര്‍ നാലാം നമ്പറിലും ശിവം ദുബെ അഞ്ചാം നമ്പറിലും റിങ്കു സിങ് രവീന്ദ്ര ജഡേജ എന്നിവര്‍ ആറ് ഏഴ് സ്ഥാനങ്ങളില്‍ കളിക്കണം,’ അദ്ദേഹം പറഞ്ഞു.

 

ഹര്‍ദിക് പാണ്ഡ്യയെയും ശുഭ്മന്‍ ഗില്ലിനെയും അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ലോകകപ്പില്‍ വിരാട് കോഹ്‌ലി രോഹിത് ശര്‍മക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നും മൂന്നാം നമ്പറിനേക്കാള്‍ ഓപ്പണറുടെ റോളാകും വിരാടിന് ഗുണം ചെയ്യുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘വിരാട് കോഹ്‌ലി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണം. എന്റെ ഇലവനില്‍ റിങ്കു സിങ് ഉണ്ട്. വിരാട് മൂന്നാം നമ്പറില്‍ ഇറങ്ങുകയാണെങ്കില്‍ സ്റ്റാര്‍ ഫിനിഷര്‍ക്ക് കളത്തിലിറങ്ങാന്‍ സാധിക്കാതെ വന്നേക്കും. രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയാല്‍ വിരാട് കോഹ്‌ലിക്ക് റണ്ണടിച്ചുകൂട്ടാന്‍ സാധിക്കും. അതായിരിക്കും വിരാടിന് ഏറ്റവും യോജിച്ച പൊസിഷന്‍.

മികച്ച ടൈമിങ്ങുള്ള താരമാണ് വിരാട്. അദ്ദേഹത്തിന് ആദ്യം തന്നെ ബൗണ്ടറികളടിക്കാന്‍ സാധിക്കും. ക്രീസിലെത്തി സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുന്നത് വിരാടിനെ സംബന്ധിച്ച് ഒരു മികച്ച ഓപ്ഷനല്ല,’ അദ്ദേഹം പറഞ്ഞു.

ജൂണ്‍ ഒന്നിനാണ് 2024 ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും ജയിച്ചെത്തിയ കാനഡയെയാണ് ആദ്യ മത്സരത്തില്‍ നേരിടുന്നത്. ഡാല്ലസാണ് വേദി.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളികള്‍

ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍

ജൂണ്‍ 05 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ

ജൂണ്‍ 09 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ

ജൂണ്‍ 12 – vs യു.എസ്.എ – ഈസ്റ്റ് മെഡോ

ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്

 

Content highlight: Simon Doull about India’s World Cup squad