വാർണറിന്റെ ആ പെരുമാറ്റത്തിനെതിരെ കടുത്ത നടപടി വേണം: ന്യൂസിലാൻഡ് മുൻ താരം
Cricket
വാർണറിന്റെ ആ പെരുമാറ്റത്തിനെതിരെ കടുത്ത നടപടി വേണം: ന്യൂസിലാൻഡ് മുൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th October 2023, 1:14 pm

ഏകദിന ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഓസ്ട്രേലിയ അഞ്ച് വിക്കറ്റുകൾക്കാണ് ശ്രീലങ്കയെ തോൽപ്പിച്ചത്. ഈ മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർ അമ്പയർക്കെതിരെ മോശമായി പെരുമാറി എന്ന പരാതി ഉണ്ടായിരുന്നു.

ഇതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലാൻഡ് മുൻ താരവും കമന്റേറ്ററുമായ സൈമൺ ഡൗൾ.

 

ഡേവിഡ് വാർണറുടെ അമ്പയറിനെതിരെയുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ഐ.സി.സി കർശന നടപടി സ്വീകരിക്കണമെന്നുമാണ്‌ സൈമൺ പറഞ്ഞത്.

‘അമ്പയറിനെതിരെയുള്ള വാർണറിന്റെ പെരുമാറ്റത്തിന് കർശനമായ നടപടി എടുക്കണം. അവന്റെ പെരുമാറ്റം ശരിക്കും എന്നെ അലോസരപ്പെടുത്തി. പന്ത് സ്റ്റമ്പിൽ തട്ടിയാൽ അത് ഔട്ടാണ് അപ്പോൾ അവൻ അമ്പയറോട് മാപ്പ് പറയുമോ? അവൻ പെട്ടെന്ന് തന്നെ തീരുമാനങ്ങൾ എടുക്കുന്നു എന്നാൽ ഇത് തെറ്റായ തീരുമാനമാണ്‌,’ സൈമൺ ക്രിക്ബസ്സിനോട് പറഞ്ഞു.

 

 

ശ്രീലങ്ക ഉയർത്തിയ 209 റൺസ് പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയൻ ടീമിന്റെ ബാറ്റിങ്ങിലെ മൂന്നാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം നടന്നത്. ദിൽഷൻ മധുശങ്കയുടെ ബൗളിൽ വാർണർ എൽ.ബി.ഡബ്യു ആവുകയായിരുന്നു. എന്നാൽ ഇത് ലെഗ്‌ സൈഡ് ആണെന്ന് വാർണർ വാദിച്ചു. പവലിയനിലേക്ക് മടങ്ങുന്നതിനിടെ താരം തന്റെ പ്രധിഷേധം അറിയിക്കുകയായിരുന്നു.

ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക 209 റൺസിന് പുറത്താവുകയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി സ്പിന്നർ ആദം സാമ്പ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 35.2 ഓവറിൽ അഞ്ച് വിക്കറ്റുകൾ ബാക്കി നിൽക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. മിച്ചൽ മാർഷ് 52 റൺസും ജോഷ് ഇങ്കിൽസ് 58 റൺസും നേടി ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തി.

ലോകകപ്പിലെ ഓസ്ട്രേലിയയുടെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെയും രണ്ടാം മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെയും ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. ജയത്തോടെ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് ഓസിസ്.

Content Highlight: Simon doul reacts David Warner Misbehave against Umpire.