ആരോപണങ്ങള്‍ കെട്ടഴിച്ചുവിടുന്നതല്ല പത്രപ്രവര്‍ത്തനം; പാര്‍ട്ടി സംരക്ഷിച്ചില്ലെന്ന് എങ്ങും ആരോപിച്ചിട്ടില്ലെന്ന് സൈമന്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍
Daily News
ആരോപണങ്ങള്‍ കെട്ടഴിച്ചുവിടുന്നതല്ല പത്രപ്രവര്‍ത്തനം; പാര്‍ട്ടി സംരക്ഷിച്ചില്ലെന്ന് എങ്ങും ആരോപിച്ചിട്ടില്ലെന്ന് സൈമന്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th October 2016, 9:49 pm

പാര്‍ട്ടി സംരക്ഷിച്ചില്ല, തൊഴില്‍ നല്‍കിയില്ല എന്നുള്ള ആരോപണങ്ങള്‍ താനോ സ. ബ്രിട്ടോയോ എങ്ങും ആരോപിച്ചിട്ടില്ലെന്ന് സീന വാര്‍ത്തയ്ക്ക് മറുപടിയെന്നോണം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.


സി.പി.ഐ.എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോയ്ക്കും കുടുംബത്തിനുമെതിരെ സി.പി.ഐ.എമ്മിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ ഭാര്യ സീന ഭാസ്‌കര്‍ രംഗത്ത്.

പാര്‍ട്ടി സംരക്ഷിച്ചില്ല, തൊഴില്‍ നല്‍കിയില്ല എന്നുള്ള ആരോപണങ്ങള്‍ താനോ സ. ബ്രിട്ടോയോ എങ്ങും ആരോപിച്ചിട്ടില്ലെന്ന് സീന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ബ്രിട്ടോ ഇപ്പോള്‍ ധനവാന്‍, ഒപ്പം സുരക്ഷിതനും: സിപിഎം പ്രചാരണം എന്ന തലക്കെട്ടോടെ ഗ്രീന്‍കേരള ന്യൂസ് എന്ന ഓണ്‍ലൈന്‍ പത്രം പുറത്തു വിട്ട വാര്‍ത്തയ്‌ക്കെതിരെയാണ് പത്രക്കുറിപ്പ്. ആരുടെയും പേര് വെക്കാതെ എഴുതിയിരിക്കുന്ന വസ്തുതാ വിരുദ്ധമാണെന്നും പത്ര കുറിപ്പില്‍ പറയുന്നു.

വിവിധ സമയങ്ങളില്‍ സൈമണ്‍ ബ്രിട്ടോയെയും കുടുംബത്തെയും സി.പി.ഐ.എം സംരക്ഷിച്ചെങ്കിലും എന്നാല്‍ ഇക്കാര്യങ്ങള്‍ സൈമണ്‍ ബ്രിട്ടോ വിസ്മരിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഗ്രീന്‍കേരളയിലെ ലേഖനത്തില്‍ ഉന്നയിച്ചിരുന്നു.

കൂത്തുപറമ്പിലെ പാര്‍ട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് പോലും നല്‍കാത്ത പരിഗണനയാണ് ബ്രിട്ടോയ്ക്ക് ലഭിച്ചതെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്.

പാര്‍ട്ടിയെ എതിര്‍ത്താണ് ബ്രിട്ടോ സീനയെ വിവാഹം ചെയ്തതെന്നും പക്ഷെ ഇരുവരെയും സി.പി.ഐ.എം സംരക്ഷിച്ചെന്നും ലേഖനത്തില്‍ ആരോപിച്ചിരുന്നു. 30,000 രൂപയ്ക്ക് ദേശാഭിമാനിയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെ മറ്റൊരു സ്വകാര്യ ചാനലില്‍ സീന ജോലി ചെയ്തിരുന്നതായും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.

ഇക്കാര്യങ്ങളിലെല്ലാം മറുപടി നല്‍കിക്കൊണ്ടാണ് സീന ഭാസ്‌കറിന്റെ പത്രക്കുറിപ്പ്.

സീന ഭാസ്‌ക്കറിന്റെ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം……….

ആരോപണങ്ങള്‍ കെട്ടഴിച്ചുവിടുന്നതല്ല പത്രപ്രവര്‍ത്തനം

ബ്രിട്ടോ ഇപ്പോള്‍ ധനവാനും സുരക്ഷിതനുമെന്ന തലക്കെട്ടില്‍ എം.ആര്‍ അജയന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണ്.

1. പ്രസ്തുത വാര്‍ത്തയില്‍ പറയുന്നതുപോലെ സൈമണ്‍ ബ്രിട്ടോ രണ്ടുവട്ടം എം.എല്‍.എ ആയിട്ടില്ല.

2. 2011ല്‍ ദേശാഭിമാനിയില്‍ ജോലി ചെയ്യുമ്പോള്‍ എനിക്കോ എന്റെ തസ്തികയില്‍ പെട്ടവര്‍ക്കോ 30,000 രൂപ ശമ്പളം ഉണ്ടായിരുന്നില്ല.

ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് പാര്‍ട്ടിയാണ്. എന്നാല്‍ താങ്കള്‍ ആരുടേയും പേരുവയ്ക്കാതെ എഴുതിയതിനു പിന്നിലെ ഗൂഢ ഉദ്ദേശ്യം വ്യക്തമാണ്.

രാഷ്ട്രീയ എതിരാളികളുടെ കുത്തുകൊണ്ട് 33 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന സ. സൈമണ്‍ ബ്രിട്ടോ പാര്‍ട്ടിയുടെ സഹായമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നാണ് എപ്പോഴും എല്ലാവരോടും പ്രത്യേകിച്ച് എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. (ഇത് പരിശോധിക്കാവുന്നതാണ്). ഒരിടത്തുപോലും പാര്‍ട്ടി സഹായിച്ചില്ല എന്നു പറഞ്ഞിട്ടില്ല.

വീടുവയ്ക്കാന്‍ ഓരോരുത്തര്‍ നല്‍കിയ സഹായത്തിന്റെ കണക്ക് പ്രത്യേകം എഴുതി സൂക്ഷിക്കുന്നുണ്ട്. ഇത് താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണ്. പാര്‍ട്ടി തന്ന പണം കൂടാതെ മുന്‍കാല എസ്.എഫ്.ഐ പ്രവര്‍ത്തകരും ഏറെ സഹായിച്ചിട്ടുണ്ട്. ഇതും പാര്‍ട്ടി സഹായമായി തന്നെയാണ് ബ്രിട്ടോയും ഞാനും കരുതുന്നത്. വീടിന്റെ ഉത്തരം, കഴുക്കോല്‍, കോടിക്കഴുക്കോല്‍, പട്ടിക എല്ലാം ദ്രവിച്ചു പോയിരുന്നു. ഇത് പുതുക്കിപ്പണിതത് 2016ലാണ്. ഈ പണി തീര്‍ക്കാന്‍ കടം തന്നു സഹായിച്ചത് രക്തസാക്ഷി സ. എം.എസ് പ്രസാദിന്റെ ജ്യേഷ്ഠന്‍ സ. എം മധുവാണ്. മധു സഖാവിന്റെ കടം ഇനിയും വീട്ടിയിട്ടില്ല. ഇത് സത്യമാണോ എന്നന്വേഷിക്കാന്‍ മധുവിന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടാല്‍ തരാം. മധുവുമായുള്ള ബന്ധം പാര്‍ട്ടി മൂഖേനെ ഉണ്ടായതാണ്.

ബ്രിട്ടോ കുത്ത് കൊണ്ട് തളര്‍ന്നു കിടക്കുമ്പോള്‍ വിവാഹം കഴിയാത്ത നാലു സഹോദരിമാരുണ്ടായിരുന്നു. ബ്രിട്ടോയുടെ അച്ഛന്‍ എഫ്.എ.സി.ടിയിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു. ഇവരുടെയൊക്കെ വിവാഹ സമയങ്ങളില്‍ പാര്‍ട്ടി സഹായിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും ഇതുവരെ ബ്രിട്ടോ നിഷേധിച്ചിട്ടില്ല. എന്നു മാത്രമല്ല, ബ്രിട്ടോയുടെ ജീവിതം ഇപ്പോഴും മുന്നോട്ടു പോകുന്നത് പല സ്ഥലങ്ങളിലും സഞ്ചരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അറിഞ്ഞുകൊണ്ട് നല്‍കുന്ന സഹായത്തോടെയാണ്. ഇല്ലെങ്കില്‍ ബ്രിട്ടോയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇതും പാര്‍ട്ടി സഹായമായിത്തന്നെയാണ് ഞങ്ങള്‍ കണക്കാക്കുന്നത്. എന്തിനേറെ പറയുന്നു, എന്നെപ്പോലുള്ള ധാരാളം പേര്‍ ബ്രിട്ടോയോടൊപ്പം നില്‍ക്കാന്‍ തയാറായതും പാര്‍ട്ടി എന്നുള്ളതു കൊണ്ടു മാത്രമാണ്. പാര്‍ട്ടി സംരക്ഷിച്ചില്ല, തൊഴില്‍ നല്‍കിയില്ല എന്നുള്ള ആരോപണങ്ങള്‍ ഞാനോ സ. ബ്രിട്ടോയോ എങ്ങും ആരോപിച്ചിട്ടില്ല. മാത്രമല്ല ഇതുവരെയും തുടര്‍ന്നങ്ങോട്ടും സ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാരിനോട് ഞങ്ങള്‍ക്ക് തികഞ്ഞ ആദരവും ബഹുമാനവും മാത്രമേയുള്ളൂ.

താങ്കളുടെ സാഹിത്യരചന തുടരുന്നു.. സീനയ്ക്ക് ആരാധന അനുരാഗമായി, അനുരാഗം പ്രണയമായി, അത് വിവാഹത്തില്‍ കലാശിച്ചു…. അന്നും ഇന്നും എനിക്ക് എന്റെ പാര്‍ട്ടിയോടും ഭര്‍ത്താവിനോടുമുള്ള ഭാവം ഇങ്ങനെയാണ് എന്നു പറയുന്നതില്‍ അഭിമാനമേയുള്ളൂ.

ബ്രിട്ടോ പലപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കെ.എസ്.എഫിലും എസ്.എഫ്.ഐയിലും സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ ബ്രിട്ടോയുടെ ബന്ധുക്കളും മറ്റും ആവര്‍ത്തിച്ച് പറയുന്ന വാക്കുകളാണത്. ഇടതുപക്ഷത്ത് പ്രവര്‍ത്തിക്കാം പക്ഷേ തീവ്രമാകരുത് എന്ന്. അന്ന് നിരന്തരം കേള്‍ക്കുന്ന ഉപദേശം “നീ മറ്റുള്ളവരുടെ ആട്ടും തുപ്പുമേറ്റ് തെണ്ടി ജീവിക്കേണ്ടി വരും” എന്നായിരുന്നു. എന്നാല്‍ അന്ന് രാഷ്ട്രീയം തുടര്‍ന്നുകൊണ്ടു പോകാനും തെണ്ടി ജീവിക്കാന്‍ തന്നെ തീരുമാനമെടുത്തുവെന്ന് ബ്രിട്ടോ അഭിമാനപൂര്‍വം പറയും. അതുകൊണ്ട് ഒരിക്കലും താങ്കളുടെ ആട്ടും തുപ്പുമൊന്നും ബ്രിട്ടോയേയും എന്നെയും ബാധിക്കില്ല.

നിയമസഭയില്‍ അംഗമായിരുന്ന കാലത്ത് ബ്രിട്ടോ സ്വത്ത് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല പാര്‍ട്ടിയിലും ബ്രിട്ടോ സ്വത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടോയ്ക്ക് എത്ര സ്വത്തുണ്ട് എന്നത് താങ്കള്‍ക്ക് നന്നായി അറിയാവുന്നതു കൊണ്ടാണെല്ലോ കോടികളുടെ സ്വത്തുണ്ട് എന്ന് എഴുതിയത്. ബ്രിട്ടോ ഇപ്പോള്‍ പൊതുപരിപാടികളുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണയിലാണ്. പാലക്കാടും തൃശൂരും തിരുവനന്തപുരത്തും സഞ്ചരിച്ച് തുലാം പത്തിന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി ഒക്‌ടോബര്‍ 27ന് വീട്ടിലുണ്ടാകും. താങ്കള്‍ക്ക് മാധ്യമ പ്രവര്‍ത്തകരേയും കൂട്ടി വീട്ടില്‍ വന്ന് സ്വത്ത് പരിശോധിക്കാം. വെളിപ്പെടുത്തിയതില്‍ കൂടുതല്‍ സ്വത്തുണ്ടെങ്കില്‍ അത് താങ്കള്‍ക്ക് എഴുതിത്തരാം.

അവസാനമായി ഒന്നുകൂടി പറഞ്ഞു കൊള്ളട്ടെ, താങ്കളെക്കൊണ്ട് ഇതെഴുതിച്ചവരുടെ ബുദ്ധിയെ ശ്ലാഘിക്കുന്നു. കാരണം ഒരു വെടിക്ക് രണ്ടു പക്ഷി… കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും ബ്രിട്ടോയേയും ആക്രമിക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ്. പാര്‍ട്ടിയിലെ ജീവിക്കുന്ന മറ്റൊരു രക്തസാക്ഷി സ. പുഷ്പന് ബ്രിട്ടോയ്ക്ക് ചെയ്തതു പോലെ പാര്‍ട്ടി വേണ്ട സഹായം ചെയ്തില്ല എന്ന പരിദേവനം നടത്തി പാര്‍ട്ടിയെ ആക്ഷേപിക്കാനും കഴിഞ്ഞു.

ഈ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പത്രാധിപരായിട്ടുള്ള എം.ആര്‍ അജയന്‍ എന്റെ ഒരു സുഹൃത്തും പാര്‍ട്ടി അനുഭാവിയുമാണ്. ഈ അടുത്ത കാലത്ത് സ്‌ട്രോക്ക് വന്ന് തളര്‍ന്ന് രോഗശയ്യയിലായപ്പോള്‍ പാര്‍ട്ടി തന്നെ സഹായിച്ചില്ലെന്നും തിരിഞ്ഞു നോക്കിയില്ലെന്നും പരിഭവം പറഞ്ഞത് ഓര്‍ക്കുന്നു. അന്ന് താങ്കളെ ഞാന്‍ നേരിട്ട് വന്ന് കണ്ടതും എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു തരാന്‍ സാധിച്ചതും ഞാന്‍ സ. ബ്രിട്ടോയുടെ ഭാര്യ ആയതുകൊണ്ടും അതിലുപരി താങ്കള്‍ ഒരു ഇടതുപക്ഷ അനുഭാവിയായതുകൊണ്ടുമാണ്.

എന്തായാലും താങ്കള്‍ വ്യാജവാര്‍ത്ത പടച്ചുവിടുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന പ്രതിഫലം മരുന്നിനും മറ്റും ഉപകരിക്കുമെങ്കില്‍ താങ്കളേല്‍പ്പിച്ച മുറിവുകള്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഒന്നോര്‍ക്കുക, ഒരു പെണ്‍കുട്ടിയുടെ പിതാവായ താങ്കള്‍ ഒരു സ്ത്രീക്ക് നല്‍കേണ്ട പരിഗണനയെങ്കിലും മനസില്‍ സൂക്ഷിക്കുക. എന്നിട്ട് തൂലിക ആയുധമാക്കുക.