കേരള രാഷ്ട്രീയത്തില്‍ തളരാത്ത പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോ. കേരളത്തിന്റെ കലാലയങ്ങളില്‍ എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം മുന്നേറ്റം തുടങ്ങിയ എഴുപതുകളുടെ തുടക്കത്തില്‍ സംഘടനയുടെ മുന്‍നിരയില്‍ സൈമണ്‍ ബ്രിട്ടോ ഉണ്ടായിരുന്നു.
എല്‍. എല്‍.ബി.വിദ്യാര്‍ത്ഥിയായിരിക്കേ എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റായി. 1983 ല്‍ കെ.എസ്.യുക്കാരുടെ കുത്തേറ്റാണ് ബ്രിട്ടോയുടെ ജീവിതം വീല്‍ചെയറിലേക്ക് എറിയപ്പെടുന്നത്.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കെ.എസ്.യുക്കാരുടെ മര്‍ദ്ദനമേറ്റ വിവരമറിഞ്ഞാണ് ബ്രിട്ടോ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വെച്ചാണ് ബ്രിട്ടോയ്ക്ക് കുത്തേറ്റത്. നാല് തവണയാണ് കെ.എസ്.യുക്കാരുടെ കത്തി ബ്രിട്ടോയുടെ ശരീരത്തില്‍ ആഴ്ന്നിറങ്ങിയത്.
ഹൃദയം, കരള്‍, ശ്വാസകോശം, നട്ടെല്ല് എന്നീ അവയവങ്ങളില്‍ സാരമായ പരിക്കേറ്റു. എന്നാല്‍ സൈമണ്‍ ബ്രിട്ടോയ്ക്കുള്ളിലെ പോരാളിയെ നിശബ്ദനാക്കാന്‍ ആ കത്തിയ്ക്ക് കഴിഞ്ഞില്ല. ശരീരത്തിന്റെ 80 ശതമാനവും തളര്‍ന്നപ്പോളും ബ്രിട്ടോ പൊതു ജീവിതം തുടര്‍ന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ബ്രിട്ടോ പറയാറുള്ളത് ഇങ്ങനെയാണ്…”ഞാന്‍ 80 ശതമാനം ഡിസേബ്ള്‍ഡ് അല്ല, 20 ശതമാനം ഏബ്ള്‍ഡ് ആണ്.”
മൂന്നരമാസമാണ് ബ്രിട്ടോ ആശുപത്രിയില്‍ കഴിഞ്ഞത്. തുളച്ചുകയറുന്ന വേദനയില്‍ 47 ദിവസം താന്‍ ഉറങ്ങിയിരുന്നില്ലെന്ന് ബ്രിട്ടോ പറഞ്ഞിരുന്നു.
“ഞാന്‍ ഉടന്‍ മരിക്കുമെന്ന് എന്നെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പരസ്പരം പറയുന്നത് ഞാന്‍ കേട്ടിരുന്നു. പക്ഷെ എനിക്ക് ജീവിക്കണമായിരുന്നു. എന്നെ ആക്രമിച്ചവര്‍ക്ക് ഞാന്‍ കൊല്ലപ്പെടണമായിരുന്നു. എന്നാല്‍ അവരുടെ ആഗ്രഹം നടക്കാന്‍ പാടില്ലെന്ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ മനസിലുറപ്പിച്ചു. എന്നെ കുത്തിയവന്റെ മുഖം ഞാന്‍ വ്യക്തമായി കണ്ടിരുന്നു.”
വേദനയും സങ്കടവും ബ്രിട്ടോയെ തളര്‍ത്തിയില്ല. പതിയെ ജീവിതത്തിലേക്ക് ബ്രിട്ടോ മടങ്ങിവന്നു.
പത്ത് വര്‍ഷത്തെ നിരന്തരമായ ചികിത്സയ്ക്ക് ശേഷം ബ്രിട്ടോയില്‍ കാര്യമായ പുരോഗതി കണ്ട് തുടങ്ങി. ഊന്നുവടിയുടെ സഹായത്തോടെ കുറച്ച് ദൂരം നടക്കാമെന്ന നിലയിലെത്തി.
കലാലയരാഷ്ട്രീയത്തിന്റെ ഇരയെന്ന് മുദ്രകുത്തിയപ്പോഴും അതേ കലാലയ രാഷ്ട്രീയത്തിന് വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കത്തിനെതിരെ ബ്രിട്ടോ ശക്തമായി നിലകൊണ്ടു.
രാഷ്ട്രീയം ജനാധിപത്യമൂല്യങ്ങളെയും സാമൂഹിക പ്രതിബദ്ധതയേയും ഉയര്‍ത്തുമെന്ന് അദ്ദേഹം വാദിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ അനുഭവങ്ങളാണ് എന്നെ പ്രതിസന്ധിയില്‍ താങ്ങിനിര്‍ത്തിയതെന്ന് അദ്ദേഹം പ്രസംഗിച്ചു.
വീല്‍ചെയറിലിരുന്നു കൊണ്ട് സി.പി.ഐ.എം വേദികളില്‍ അദ്ദേഹം പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കായി തൊണ്ടപൊട്ടുമാറ് പ്രസംഗിച്ചു.
2006 ല്‍ അധികാരത്തില്‍ വന്ന വി.എസ് സര്‍ക്കാരാണ് ബ്രിട്ടോയെ നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
പൂര്‍ണ്ണമായും തളര്‍ന്ന ശരീരവുമായി തന്റെ രാഷ്ട്രീയവും താന്‍ തെരഞ്ഞെടുത്ത പാതയും വളരെ ശരിയാണെന്ന് വിളിച്ചു പറഞ്ഞും എഴുതിയും ബ്രിട്ടോ ഇതുവരെ ജീവിച്ചു. ഇനിയും ജീവിക്കും…. എഴുത്തിലൂടെയും ഓര്‍മ്മകളിലൂടെയും.
WATCH THIS VIDEO: