കോഴിക്കോട്: സൈമണ്‍ ബ്രിട്ടോയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍. സംഘടനയുടെ അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ച് നേതൃത്വനിരയിലേക്ക് ഉയര്‍ന്ന് വന്ന ഒരു കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോ എന്നും കെ.എസ്.യു ഗുണ്ടകളുടെ അക്രമത്തിനു ശേഷവും ഇടതു രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് മുന്നോട്ട് പോയ സഖാവിന്റെ വിയോഗം വേദനയുളവാക്കുന്നു എന്നുമായിരുന്നു വി.എസിന്റെ പ്രതികരണം.
“വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോ. വിദ്യാര്‍ത്ഥി നേതാവ്, എഴുത്തുകാരന്‍, നിയമസഭാ സാമാജികന്‍, മനുഷ്യസ്നേഹി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനാണദ്ദേഹമെന്നും വി.എസ് പറഞ്ഞു.
എസ്.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായിരിക്കെ, കെ.എസ്.യു ഗുണ്ടകളുടെ കത്തിമുന ചലനശേഷി നഷ്ടപ്പെടുത്തിയപ്പോഴും, നഷ്ടപ്പെടാത്ത മനോബലത്തോടെ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോയ സഖാവിന്റെ വേര്‍പാട് വ്യക്തിപരമായും വേദനയുളവാക്കുന്നുവെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബ്രിട്ടോയുടെ അന്ത്യം. 1983 ല്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ കുത്തേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന ബ്രിട്ടോ പിന്നീട് വീല്‍ ചെയറിലായിരുന്നു. വീല്‍ ചെയറിലായിരിക്കുമ്പോളും പൊതുരംഗത്ത് സജീവമായി തുടര്‍ന്നു. 2006 മുതല്‍ 2011 വരെ ആംഗ്ലോ ഇന്ത്യന്‍ നോമിനേറ്റഡ് അംഗമായി കേരള നിയമസഭയുടെ ഭാഗമായിരുന്നു.
അഗ്രഗാമി എന്ന നോവല്‍ അടക്കം ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവാണ്. ഈയടുത്ത് നടത്തിയ ഉത്തരേന്ത്യന്‍ യാത്ര ശ്രദ്ധേയമായിരുന്നു. മാധ്യമപ്രവര്‍ത്തക സീന ഭാസ്‌കറാണ് ഭാര്യ. നിലാവാണ് മകള്‍.