സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത; സത്യാവസ്ഥ അറിയണം: അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സീന ഭാസ്‌ക്കര്‍
Kerala News
സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത; സത്യാവസ്ഥ അറിയണം: അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സീന ഭാസ്‌ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th January 2019, 3:34 pm

തിരുവനന്തപുരം: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ സീന ഭാസ്‌ക്കര്‍. ഹൃദയസംബന്ധമായ അസുഖം ബ്രിട്ടോയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടോയ്ക്ക് ശരിയായ പരിചരണം ലഭിച്ചില്ലെന്നും സീന പറഞ്ഞു.

സൈമണ്‍ ബ്രിട്ടോയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയമുണ്ടെന്നും മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്നും സീന പറയുന്നു. ബ്രിട്ടോ കാര്‍ഡിയാക് പേഷ്യന്റ് ആയിരുന്നില്ല. കാര്‍ഡിയാക് പേഷ്യന്റ് എന്നാണ് ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ല.

അസ്വസ്ഥ തോന്നിയ സമയത്ത് ഓക്‌സിജന്‍ ഉള്ള ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ ഓക്‌സിജന്‍ ഇല്ലാത്ത ആംബുലന്‍സ് ആണ് വന്നതെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സീന പറയുന്നു.


സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി സര്‍ക്കാര്‍


ബ്രിട്ടോയുടെ ജീവനില്ലാത്ത ശരീരം കാണുന്ന അവസ്ഥയില്‍ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് പോലും എനിക്ക് മനസിലായില്ല. അവസാനമായി സൈമണ്‍ ബ്രിട്ടോയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയണം. പല കാര്യങ്ങളും ഞാന്‍ അറിഞ്ഞു. അത് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ല.

മരണദിവസം രാവിലെ മുതലേ ശ്വാസ തടസം ഉണ്ടായിരുന്നെന്നും ആശുപത്രിയില്‍ കൊണ്ടുപോയതാണെന്നും പറയുന്നു.  ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിച്ചില്ലെന്ന് പറഞ്ഞു. പക്ഷേ അതേ കുറിച്ചും പലരും പലതാണ് പറഞ്ഞത്.

ബ്രിട്ടോയുടെ കൂടെയുണ്ടായിരുന്ന അജിത എന്ന ലേഡിയാണ് ഞാന്‍ ബ്രിട്ടോയെ തനിച്ചാക്കി എന്ന രീതിയില്‍ സങ്കടപ്പെട്ടു കരഞ്ഞത്. ഞാന്‍ ആകെ വിഷമിച്ചു പോയി. ഞാന്‍ ഇപ്പോഴും ബ്രിട്ടോയുടെ മരണവുമായി പൊരുത്തപ്പെട്ടിട്ടില്ല. തിരിച്ചറിവു വെക്കുന്ന പ്രായത്തില്‍ ഒരുമിച്ച് കൂടിയതാണ്. വേദനയും യാതനയും കഷ്ടപ്പാടും ഒരുമിച്ച് സഹിച്ച് മുന്നോട്ടുപോയവരാണ് ഞങ്ങള്‍. ഞാന്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് എന്ത് ചെയ്യാനാണ് എവിടെ പോകാനാണ്. കഴിഞ്ഞ 25 വര്‍ഷമായി അദ്ദേഹത്തോടൊപ്പം കഴിയുകയാണ്.

ബീഹാറിലായിരുന്ന ഞാന്‍ രാവിലെ മുതല്‍  ബ്രിട്ടോയെ വിളിച്ച് സംസാരിക്കുന്നുണ്ട്. ഡിസംബര്‍ 31 ാം തിയതി രാവിലെ വിളിച്ച് സംസാരിക്കുമ്പോള്‍ ബ്രിട്ടോയ്ക്ക് എന്തോ അസ്വസ്ഥതയുണ്ടെന്ന തോന്നിയിരുന്നു.- സീന പറയുന്നു.

“”പിന്നീട് ആറേഴ് തവണ വിളിച്ചിട്ടും ആരും ഫോണ്‍ എടുത്തില്ല. അപ്പോള്‍ എനിക്ക് എന്തൊക്കെയോ അസ്വസ്ഥത തോന്നി. അവസാനം ടിവിയില്‍ വാര്‍ത്ത വന്ന് ബന്ധുക്കളും കസിന്‍സും കണ്ട് വിളിച്ചാണ് മരണ വിവരം അറിഞ്ഞത്. ഇവിടെ എത്തിയപ്പോള്‍ ബ്രിട്ടോയുടെ ജീവനില്ലാത്ത ശരീരമാണ് കാണുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആ ഘട്ടത്തില്‍ കൂടെ വന്നവര്‍ പോലും എന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. ഇപ്പോഴും ആലോചിക്കുമ്പോള്‍ ചങ്ക് പൊട്ടുകയാണ്. ബ്രിട്ടോയ്ക്ക് എന്താണ് സംഭവിച്ചതെന്ന യാഥാര്‍ത്ഥ്യം എനിക്കറിയണം. രാവിലെ മുതല്‍ ശ്വാസ തടസം ഉണ്ടായതെന്നും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും പറയുന്നു.

ബ്രിട്ടോ അത്രയധികം ആരോഗ്യത്തില്‍ കോണ്‍ഷ്യസ് ആയിരുന്നു. ആ ബ്രിട്ടോയ്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഡോക്ടര്‍ അനിയന്‍ ലാല്‍ പറഞ്ഞത് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു എന്നാണ്. തലേദിവസം അഞ്ച് മണിക്കൂര്‍ എസിയില്‍ ഇരുന്നെന്നും പറയുന്നത്. എന്തുകൊണ്ടാണ് അഞ്ച് മണിക്കൂര്‍ എസിയില്‍ ഇരുന്നതെന്ന് അറിയില്ല. സാധാരണ ഇത്രയും സമയം എസിയില്‍ ഇരിക്കാറില്ല. ഇവിടെ വന്ന് കുളിച്ചിട്ട് കിടക്കുകയാണ്. പിന്നീട് ശ്വാസം മുട്ടല്‍ വന്നു. ഇന്‍ഹേലര്‍ കൊടുത്തപ്പോള്‍ ആശ്വാസം തോന്നി പിന്നീട് ഹോമിയോ മരുന്ന് കൊടുത്തപ്പോള്‍ ആശ്വാസം തോന്നിയെന്നെല്ലാമാണ് പറഞ്ഞത്.

പിന്നീട് രണ്ടര മണിക്ക് കഞ്ഞി കൊടുത്തപ്പോള്‍ കഞ്ഞിയെടുത്തപ്പോള്‍ ബ്രിട്ടോയുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നെന്നും അപ്പോള്‍ തന്നെ തളര്‍ന്നു കിടക്കുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. ഇത്രയൊക്കെ വയ്യാതായിട്ടും തളര്‍ച്ചയുള്ള മനുഷ്യനാണ് അദ്ദേഹം. അങ്ങനെയുള്ള ഒരു മനുഷ്യന്‍ ഇത്രയേറെ അസ്വസ്ഥത കാണിക്കുമ്പോള്‍ ആരായാലും ഒന്ന് ആശുപത്രിയില്‍ കൊണ്ടുപോകണ്ടേ? എനിക്ക് ഓക്‌സിജന്‍ ഉള്ള ആംബുലന്‍സ് കൊണ്ടുവരൂ എന്ന് ബ്രിട്ടോ പറയുമ്പോള്‍ അവസാനം ഓക്‌സിജന്‍ ഇല്ലാത്ത ആംബുലന്‍സാണ് കൊണ്ടുവന്നത്. ഇതെല്ലാം കേട്ടപ്പോള്‍, ഞാന്‍ ഭ്രാന്തമായ അവസ്ഥയിലാണ് ഇരിക്കുന്നത്. ഞാന്‍ ഇത് ആരോട് പറയാന്‍. ഈ വീട്ടില്‍ ഞാനും എന്റെ മോളും മാത്രമാണ്. -പൊട്ടിക്കരഞ്ഞുകൊണ്ടാണ് സീന വാക്കുകള്‍ പൂര്‍ത്തിയാക്കിയത്.

ഇപ്പോഴും വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ്. കാരണം ലോകത്ത് എല്ലാവര്‍ക്കും ഓക്‌സിജന്‍ ശ്വസിക്കണം, അതിന് വേണ്ടി ബ്രിട്ടോയുടെ എം.എല്‍.എ ഫണ്ടില്‍ നിന്ന് “പ്രാണന് വേണ്ടി ഒരു മരം ആ പദ്ധതി”ക്ക് കീഴില്‍ എല്ലാ വര്‍ഷവും അഞ്ച് വര്‍ഷവും അഞ്ച് ലക്ഷം രൂപ വെച്ച് സിറ്റി നിറച്ച് മരം നട്ടതാണ്. നഗരത്തില്‍ നൂറ് ആല്‍മരം വേറെ. ജനങ്ങള്‍ക്ക് അത്രയും ഓക്‌സിജന്‍ കൊടുക്കണം. വൈറ്റില ഭാഗത്ത് ഓക്‌സിജന്‍ കുറവാണ് ആളുകള്‍ മരിച്ചുപോകുമെന്ന് പറഞ്ഞ് ജനങ്ങള്‍ക്ക് ഓക്‌സിജന്‍ വേണമെന്ന് പറഞ്ഞ് മുഴുവന്‍ മരം വെച്ചുപിടിപ്പിച്ച ആ മനുഷ്യന്‍ അവസാനം ഓക്‌സിജന്‍ കിട്ടാത്ത മരിക്കേണ്ടി വന്ന അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ. ഭയങ്കര വിഷമം തോന്നുകയാണ്. ഞാന്‍ ഇത് ആരോടാണ് പറയേണ്ടത്. – സീന ചോദിക്കുന്നു.