സൈമണ്‍ ബ്രിട്ടോയുടെ എം.എല്‍.എ ഫണ്ട് ചെലവഴിച്ചിരുന്നത് ജയിലുകളില്‍ ലൈബ്രറി ഉണ്ടാക്കാനായിരുന്നു; കോടിയേരി
Kerala News
സൈമണ്‍ ബ്രിട്ടോയുടെ എം.എല്‍.എ ഫണ്ട് ചെലവഴിച്ചിരുന്നത് ജയിലുകളില്‍ ലൈബ്രറി ഉണ്ടാക്കാനായിരുന്നു; കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st December 2018, 7:31 pm

കോഴിക്കോട്:അന്തരിച്ച സൈമണ്‍ ബ്രിട്ടോയെ അനുസ്മരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.എസ്.യുവിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് സൈമണ്‍ ബ്രിട്ടോയ്ക്കു കുത്തേറ്റ് ശരീരം തളര്‍ന്ന് ഇത്രയും കാലം കഴിയേണ്ടി വന്നതെന്നും അപ്പോഴും അദ്ദേഹം രാജ്യത്തിന്റെയും സമൂഹത്തിന്റെയും വിദ്യാര്‍ത്ഥികളെ കുറിച്ചും ചിന്തിച്ചു കൊണ്ടിരുന്നെന്നും കോടിയേരി പറഞ്ഞു.

“ജീവിക്കുന്ന ഒരു രക്തസാക്ഷിയായിട്ടാണ് അദ്ദേഹം അറിയിപ്പെട്ടിരുന്നത്. കെ.എസ്.യുവിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന് കുത്തേറ്റ് ശരീരം തളര്‍ന്ന് ഇത്രയും കാലം കഴിയേണ്ടി വന്നത്.

Read Also : “വസ്തുതപരമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെടുമായിരുന്നു”; പ്രളയ പുനരധിവാസം ഇഴഞ്ഞ് നിങ്ങുകയാണെന്ന മനോരമ വാര്‍ത്തക്കെതിരെ കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി

അപ്പോഴും അദ്ദേഹം രാജ്യത്തിന്റെയും സമൂഹത്തിന്റെയും വിദ്യാര്‍ത്ഥികളെക്കുറിച്ചും ചിന്തിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ എം.എല്‍.എ ഫണ്ട് അദ്ദേഹം ചെലവഴിച്ചത് ജയിലുകളില്‍ ലൈബ്രറി ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നില്‍ രക്തപുഷ്പ്പങ്ങള്‍ അര്‍പ്പിക്കുന്നു”. കോടിയേരി പറഞ്ഞു.

രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ നിരവധി പേരാണ് അന്തരിച്ച സൈമണ്‍ ബ്രിട്ടോയ്ക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്തത്തെയിരിക്കുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബ്രിട്ടോയുടെ അന്ത്യം. 1983ല്‍ രാഷ്ട്രീയ എതിരാളികളുടെ കുത്തേറ്റതിനെ തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന ബ്രിട്ടോ പിന്നീട് വീല്‍ ചെയറിലായിരുന്നു. കെ.എസ്.യു പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. വീല്‍ ചെയറിലായിരിക്കുമ്പോളും പൊതുരംഗത്ത് സജീവമായി തുടര്‍ന്നു. 2006 മുതല്‍ 2011 വരെ ആംഗ്ലോ ഇന്ത്യന്‍ നോമിനേറ്റഡ് അംഗമായി കേരള നിയമസഭയുടെ ഭാഗമായിരുന്നു.

Read Also :  പോടോ..മിണ്ടിപ്പോകരുത്, താനേത് പത്രമാണ്; മുന്നണി പ്രവേശനമല്ല വിഷയം വനിതാ മതിലാണ്: മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതയായി ഗൗരിയമ്മ

രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ബ്രിട്ടോ തുറന്ന വിര്‍ശനങ്ങളിലൂടെയും വിയോജിപ്പുകളിലൂടെയും ശ്രദ്ധ പിടിച്ചു പറ്റി. സിപിഎമ്മില്‍ ഉറച്ചുനില്‍ക്കുമ്പോളും സിപിഎം ആരോപണവിധേയരായ ടിപി ചന്ദ്രശേഖരന്‍ വധത്തെയടക്കം അപലപിച്ചു. മഹാരാജാസ് കോളേജില്‍ എതിര്‍ വിദ്യാര്‍ത്ഥി സംഘടനകളാല്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യു, ബ്രിട്ടോയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസിലെ പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് അതൃപ്തി ബ്രിട്ടോ പ്രകടിപ്പിച്ചിരുന്നു.

അഗ്രഗാമി എന്ന നോവല്‍ അടക്കം ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവാണ്. ഈയടുത്ത് നടത്തിയ ഉത്തരേന്ത്യന്‍ യാത്ര ശ്രദ്ധേയമായിരുന്നു. മാധ്യമപ്രവര്‍ത്തക സീന ഭാസ്‌കറാണ് ഭാര്യ. നിലാവാണ് മകള്‍.