| Sunday, 8th October 2023, 7:14 pm

ചാവേറും 18 പ്ലസും തമ്മിലെന്ത് ബന്ധം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്ത കാലത്ത് മലയാള സിനിമയില്‍ വന്ന രണ്ട് ചിത്രങ്ങളാണ് അരുണ്‍ ഡി. ജോസിന്റെ 18 പ്ലസും ടിനു പാപ്പച്ചന്റെ ചാവേറും. 18 പ്ലസില്‍ നസ്‌ലന്‍, മാത്യു തോമസ്, മീനാക്ഷി, സഫ്‌വാനും ഷെഫീക്ക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോയ് മാത്യു തിരക്കഥയെഴുതിയ ചാവേറില്‍ കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ് പെപ്പേ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

*********************SPOILER ALERT**********************

രണ്ട് കഥാപരിസരങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളിലും ടോണിലും കഥ പറയുന്ന ചിത്രങ്ങള്‍. എന്നാല്‍ രണ്ട് ചിത്രത്തിലും ഒരു പ്രധാന ആശയം പറയുന്നുണ്ട്, പ്രണയത്തിലെ ജാതി. 18 പ്ലസില്‍ സരസമായി തമാശയുടെ മേമ്പൊടിയോടെ വിഷയം അവതരിപ്പിച്ചപ്പോള്‍ ചാവേറില്‍ അത് തീവ്രമായി വയലന്‍സോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ തീവ്രത തെയ്യകോലത്തില്‍ ലയിപ്പിച്ചിരിക്കുകയാണ് ചാവേര്‍.

സ്വാര്‍ത്ഥതക്കായി ജാതിയെ ഉപയോഗിക്കുന്ന വ്യക്തിയെയാണ് ചാവേര്‍ കാണിക്കുന്നത്. അയാളുടെ ശബ്ദം മാത്രമേ ചാവേറില്‍ പ്രേക്ഷകര്‍ക്ക് കേള്‍ക്കാനാവകയുള്ളൂ. അയാള്‍ക്ക് ഈ ചിത്രത്തില്‍ രൂപമില്ല. മനുഷ്യനെ മനുഷ്യനായി കാണണമെന്ന ആശയധാരയോടൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും ഉള്ളിലെ ജാതിയുടെ കറ മായ്ക്കാനാവാത്ത നിരവധി മനുഷ്യരുടെ പ്രതിനിധിയാവും ആ ശബ്ദം.

മുന്നില്‍ കൊടിയും പിടിച്ച് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നു എന്ന് നടിക്കുന്നവര്‍ക്കിടയിലുള്ള ജാതിചിന്ത 18 പ്ലസിലും പറയുന്നുണ്ട്. വേദികളില്‍ ഇടതുപക്ഷ ആശയങ്ങളെ മുറുകെ പിടിക്കുന്ന, പ്രസംഗത്തില്‍ ആദര്‍ശം നിറക്കുന്ന പാര്‍ട്ടി നേതാക്കന്മാര്‍ വീട്ടുപടി കടന്നൊരു കീഴ്ജാതിക്കാരന്‍ വന്നാല്‍ ചാരു കസേരയില്‍ കാല്‍ നീട്ടിയിരിക്കുന്ന ജന്മിത്വത്തിലേക്ക് താഴുന്നതും ചിത്രത്തില്‍ കാണാം. തുല്യതയെന്ന ആദര്‍ശങ്ങള്‍ക്ക് പകരം വര്‍ണ വര്‍ഗ ചിന്താഗതി തലയില്‍ കയറും. ഇതിന് പ്രായഭേദമില്ല. തലമുറ- തലമുറയായി ഈ ജാതി ചിന്ത കൈമാറുന്നവരും 18 പ്ലസിലുണ്ട്.

കല്യാണവും ഒളിച്ചോട്ടവുമായി എന്റര്‍ടെയ്ന്‍മെന്റ് മോഡില്‍ പോകുന്ന 18 പ്ലസും കൊലപാതക രാഷ്ട്രീയം എന്ന ആശയത്തെ കേന്ദ്രീകരിച്ച് മുന്നേറിയ ചാവേറും പ്രണയത്തിലെ ജാതിയിലേക്ക് എത്തുന്നത് ക്ലൈമാക്‌സിലാണ്. അതുവരെയുണ്ടായിരുന്ന പേസ് വിട്ടുപോവുന്നു എന്ന് തോന്നിയ 18 പ്ലസിനെ ഉയര്‍ത്തിയത് ഈ പോര്‍ഷനാണ്. അതേസമയം ഈ ഭാഗത്ത് ചാവേറിന് പാളിച്ച പറ്റിയിട്ടുണ്ട്. വല്ലാത്ത സ്പൂണ്‍ ഫീഡിങ്ങ് തോന്നിയ ക്ലൈമാക്‌സിലേക്ക് ആവശ്യത്തിന് കോണ്‍ഫ്‌ളിക്ടുകളില്ലാതെ എത്തിയത് ചാവേറിനെ പിന്നോട്ട് വലിച്ചു. അവതരിപ്പിക്കുന്ന വിഷയം വലുതായി തന്നെ നില്‍ക്കുമ്പോള്‍ തന്നെ ഇത്രയേ ഉള്ളോ എന്ന തോന്നലുണ്ടാവുന്നത് തിരക്കഥയിലെ പരിമിതിയാണ്.

Content Highlight: Similarity between 18 plus and chaaver

We use cookies to give you the best possible experience. Learn more