തിയേറ്ററിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടില്ലെങ്കിലും ഒ.ടി.ടിയിൽ റിലീസായതിന് പിന്നാലെ ഡിയർ ഫ്രണ്ടിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
ടോവിനോ തോമസ്, അർജുൻ ലാൽ, ദർശന രാജേന്ദ്രൻ, അർജുൻ രാധാകൃഷ്ണൻ, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിനീത് കുമാർ സംവിധാനം ചെയ്ത ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ പറ്റാത്തതിന്റെ നിരാശയും ആളുകൾ പങ്കുവെക്കുന്നുണ്ട്.
ചിത്രത്തിൽ സജിത്ത് എന്ന കഥാപാത്രമാണ് ബേസിൽ അവതരിപ്പിച്ചത്. ഒരു ബേസിൽ കഥാപാത്രം എന്നോർക്കുമ്പോൾ മനസിലേക്ക് പെട്ടെന്ന് വരിക കുട്ടിത്തം കാണിക്കുന്ന, നിഷ്കളങ്കനായ, തമാശകൾ പറയുന്ന ഇമേജ് ആയിരിക്കും. അതിലെ പല എലമെന്റ്സും സജിത്തും പിന്തുടരുന്നുണ്ട്.
ബേസിൽ ഈ അടുത്ത് ചെയ്ത ജാന്‍ എ മന്നിലെ ജോയ് മോനുമായി പല സാമ്യങ്ങളും സജിത്തിനുമുണ്ട്. ആറ് പേരടങ്ങുന്ന ഒരു സുഹൃത് വലയം. അതിലെ നിഷ്കളങ്കനായ കഥാപാത്രം അതാണ് സജിത്ത്. സിനിമയുടെ തുടക്കത്തിൽ മദ്യപിച്ച് കുട്ടിക്കളി കളിക്കുന്നതും ടോവിനോ അവതരിപ്പിച്ച വിനോദിന്റെ ബർത്ത്‌ഡേക്ക് അലമ്പ് കാണിക്കുന്നതുമെല്ലാം ഒരു നിമിഷമെങ്കിലും ജോയ് മോനെ ഓർമപെടുത്തും.
പുറത്തേക്ക് കോമഡിയൊക്കെ കാണിച്ച് നടക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് സജിത്തും ജോയ് മോനും. സജിത്ത് കുടുംബത്തിന്റെ പ്രാരാബ്ധങ്ങളിൽ പെട്ടുപോയ ഒരു മനുഷ്യനാണ്. സിനിമയുടെ ആദ്യഭാഗങ്ങളിലൊക്കെ ചിൽ ആയി തോന്നുമെങ്കിലും സാമ്പത്തിക പിരിമുറുക്കം അയാളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ആ ത്രഡ് ഇമോഷണലായി ചെയ്യാൻ ബേസിലിന് സാധിച്ചിട്ടുമുണ്ട്.
ജാന്‍ എ മന്നിൽ സ്വന്തം ബർത്ത്‌ഡേ അടിച്ചുപൊളിക്കുന്ന ഒരു ക്യാരക്ടറായാണ് ജോയ് മോനെ പലർക്കും അനുഭവപ്പെടുക. പക്ഷെ അതിന് മുൻപ് അയാൾ അനുഭവിക്കുന്ന ഒറ്റപ്പെടലും ഡിപ്രഷനും അയാളെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഒറ്റപ്പെടലിൽ നിന്നുമുള്ള രക്ഷപ്പെടലാണ് ആ ബർത്ത്ഡേ സെലിബ്രേഷൻ പോലും.
പുറമേക്ക് വളരെ സാധാരണമെന്ന് തോന്നുന്ന എന്നാൽ ഉള്ളിൽ നല്ല ഡെപ്ത്തുള്ള കഥാപാത്രമാണ് ജോയ്മോനും സജിത്തും. ഈ കഥാപാത്രങ്ങൾ തമ്മിലുള്ള സാമ്യങ്ങൾ അദ്ദേഹത്തിന്റെ അഭിനയത്തിലും ആവർത്തിക്കപ്പെടുന്നത് പോലെ അനുഭവപ്പെടാം.
ഡയലോഗ് ഡെലിവറി നടത്തുന്ന രീതിയും ശരീര പ്രകൃതവും ആക്റ്റീവ്നെസ്സുമെല്ലാം ചിലയിടങ്ങളിൽ രണ്ട് ക്യാരക്ടറിലും വരുന്നുണ്ട്. കൂട്ടത്തിലെ നിഷ്കളങ്കനായ ഒരാൾ അതാണ് രണ്ട് ചിത്രത്തിലും ബേസിൽ.
സിനിമയുടെ അവസാന ഭാഗത്ത് വിനോദിനെ കാണുമ്പോൾ സജിത്ത് ദേഷ്യപെടുന്നുണ്ട്. അയാളുടെ മൊത്തം ദേഷ്യവും പറഞ്ഞ് തീർക്കാൻ ശ്രമിക്കുന്നുണ്ട്. ആദ്യ ഭാഗത്തെ കോമഡിക്കാരനിൽ നിന്നും അയാൾ പതുക്കെ വഴുതി മാറുന്നുണ്ട്. സീരിയസ് മൂഡിലേക്ക് ട്രാക്ക് മാറ്റുന്നതും ചതിക്കപ്പെട്ടതിന്റെ ദേഷ്യവും നിരാശയും ബേസിലിന്റെ കയ്യിൽ ഭദ്രമായിരുന്നു.
മികച്ച അഭിപ്രായങ്ങളാണ് ഡിയർ ഫ്രണ്ടിന് കിട്ടികൊണ്ടിരിക്കുന്നത്. കാണികളിൽ പലർക്കും ഇമോഷണലായി കണക്ട് ചെയ്യാൻ പറ്റുന്ന ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്.
Content Highlight: Similarities of Basil Joseph’s roles in Jan E Man and Dear Friend