47 വര്‍ഷമായി ക്യാമറക്ക് മുന്നില്‍ നമ്മളെ അത്ഭുതപ്പെടുത്തിയ മോഹന്‍ലാല്‍ എന്ന നടന്‍ ക്യാമറക്ക് പിന്നില്‍ നിന്നുകൊണ്ട് എന്ത് അത്ഭുതമാണ് ഒരുക്കിവെച്ചിട്ടുള്ളതെന്നറിയാനുള്ള ആകാംക്ഷയാണ് ബാറോസ് എന്ന സിനിമയിലേക്ക് ഏറ്റവുമധികം പ്രതീക്ഷ തന്ന ഘടകം. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം നല്ലൊരു സിനിമ തന്നെയാണ് ഒരുക്കിവെച്ചിട്ടുള്ളത്.
മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും മികച്ച ത്രീ.ഡി. ചിത്രമെന്ന് ബാറോസിനെ വിശേഷിപ്പിക്കാം. ഈയടുത്ത് വന്ന ത്രീ.ഡി. ചിത്രങ്ങളെ പോലെ 2ഡിയില്‍ ചിത്രീകരിച്ച് ത്രീ.ഡി ഇഫക്ട് നല്‍കുന്നതിന് പകരം പൂര്‍ണമായും ത്രീ.ഡിയില്‍ തന്നെ ചിത്രീകരിച്ച ചിത്രമാണ് ബാറോസ്. മികച്ച ഒരു വിഷ്വൽ ട്രീറ്റ് നൽകാൻ സിനിമയ്ക്ക് സാധിക്കുമ്പോഴും തിരക്കഥയിലും കാസ്റ്റിങ്ങിലും പോരായ്മകളുള്ള സിനിമ തന്നെയാണ് ബാറോസും.
പ്രൊമോഷൻ അഭിമുഖങ്ങളിൽ മോഹൻലാൽ പറഞ്ഞിരുന്നത്, ബാറോസും ജിജോ പുന്നൂസ് സംവിധാനം ചെയ്യണമെന്നായിരുന്നു ആഗ്രഹം എന്നായിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീ.ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയത് ജിജോ പുന്നൂസായിരുന്നു. കാലവും ടെക്‌നോളജിയുമെല്ലാം വളർന്ന് മലയാള സിനിമ ബാറോസ് വരെ എത്തിനിൽക്കുന്നു. എന്നാൽ 40 വർഷം മുമ്പിറങ്ങിയ കുട്ടിച്ചാത്തനുമായി ബറോസിന് ചെറിയ സാമ്യങ്ങളുണ്ട്.
പോർച്ചുഗീസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ഭൂതത്തിന്റെ കഥയാണ് ബാറോസ്. നൂറ്റാണ്ടുകൾക്ക് മുമ്പ്, തന്നെ സൂക്ഷിക്കാൻ ഏല്പിച്ച നിധി ഭാവിയിൽ അതിന്റെ അവകാശിക്ക് നൽകികൊണ്ട് മോക്ഷത്തിനായി കാത്തിരിക്കുന്ന ഭൂതമാണ് ബാറോസ്. ഇസബെല്ലയെന്ന ആ അവകാശി എത്തിച്ചേരുമ്പോൾ ആദ്യം അവളോട് കൂട്ട് കൂടാനും താൻ ആരാണെന്ന് അറിയിക്കാനുമെല്ലാം ബാറോസ് ശ്രമിക്കുന്നുണ്ട്.
മൈ ഡിയർ കുട്ടിച്ചാത്തനിൽ കുട്ടികൾ ആദ്യമായി ചാത്തനെ കാണുമ്പോഴും ഇങ്ങനെ തന്നെയാണ്. പിന്നീട് അവരിലൊരാളായാണ് കുട്ടിച്ചാത്തൻ കുട്ടികളുമായി കൂട്ടാവുന്നത്. പിന്നീട് അവരുടെ പ്രശ്നങ്ങളെല്ലാം കുട്ടിച്ചാത്തൻ തീർക്കാൻ ശ്രമിക്കുന്നുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തനിലെ പ്രധാന കഥാപാത്രമായ ലക്ഷ്മി എന്ന പെൺകുട്ടിയുടെ അച്ഛന്റെ മദ്യപാനം നിർത്താനെല്ലാം കുട്ടിച്ചാത്തനാണ് സഹായിക്കുന്നത്.
ബാറോസിലേക്ക് വരുമ്പോൾ സിനിമയിലെ പ്രധാന കഥാപാത്രമായ ഇസബെല്ലാ എന്ന കഥാപാത്രത്തിനോട് അച്ഛനോടുള്ള പിണക്കം മാറ്റാൻ പറയുന്നതും അതിനായി സഹായിക്കുന്നതുമെല്ലാം ബാറോസ് എന്ന ഭൂതമാണ്. ഒടുവിൽ മൈ ഡിയർ കുട്ടിച്ചാത്തനിൽ ദുർമന്ത്രവാദിയെ തോല്പിച്ച് കുട്ടികളുടെ ആഗ്രഹമെല്ലാം സാധിച്ചുകൊടുത്ത് ഒരു വവ്വാലായി കുട്ടിച്ചാത്തൻ പറന്നു പോവുകയാണ്. ആഫ്രിക്കക്കാരിയായ മന്ത്രവാദിനിയിൽ നിന്ന് ഇസബെല്ലയെ രക്ഷിച്ചിട്ടാണ് ബാറോസ് അവസാനം ഈ ലോകത്തിൽ നിന്ന് മോക്ഷം നേടുന്നത്.
ഏകദേശം ഒരേ കോൺസെപ്റ്റിലുള്ള സിനിമകളാണ് ഇവ രണ്ടും. മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസ് എന്ന സംവിധായകനും ബാറോസിന് പിന്നിൽ പ്രവർത്തിച്ച ആളുകളിൽ ഒരാളാണ് എന്നതാണ് മറ്റൊരു വസ്തുത. എന്നാൽ ബാറോസ് കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് കിട്ടാത്ത ഒരു സാധനം മൈ ഡിയർ കുട്ടിച്ചാത്തൻ പ്രേക്ഷകർക്ക് വർഷങ്ങൾക്ക് മുമ്പ് സമ്മാനിച്ചിരുന്നു.
സിനിമയോടും കഥാപാത്രത്തോടുമുള്ള ഇമോഷണൽ കണക്ഷൻ ആണത്. തിരക്കഥയിലെ പോരായ്മ തന്നെയാണ് അങ്ങനെയൊരു ഇമോഷണൽ കണക്ഷൻ പ്രേക്ഷകരുമായി ഉണ്ടാക്കുന്നതിൽ ബാറോസിനെ പിന്നോട്ട് വലിക്കുന്ന ഘടകം. മോഹൻലാൽ, ഗുരു സോമസുന്ദരം എന്നിവരൊഴികെ മലയാളികൾക്ക് പരിചിതരല്ലാത്ത അഭിനേതാക്കളും ബാറോസിന്റെ ഒരു മൈനസാണ്. എന്നിരുന്നാലും ഒരു ഫാന്റസി ത്രീ.ഡി. ചിത്രം എന്ന നിലയില്‍ ബാറോസ് നിരാശപ്പെടുത്തുന്നില്ല. വർഷങ്ങൾക്ക് മുമ്പിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തനാണെങ്കിലും ബറോസ് ആണെങ്കിലും ടെക്നിക്കലി മലയാളത്തിന്റെ മികച്ച പ്രൊഡക്ടുകൾ തന്നെയാണ്.
Content Highlight: Similarities Of Barroz And My Dear Kuttichathan